1990 ൽ കോയമ്പത്തൂരിലെ തെരുവ് പുസ്തകക്കച്ചവടക്കാരനിൽ നിന്നാണ് ഞാൻ റുഷ്ദിയുടെ 'പൈശാചിക വചനങ്ങൾ' വാങ്ങുന്നത്. നോവൽ ആദ്യം നിരോധിക്കപ്പെട്ട രാജ്യമായിരുന്നു ഇന്ത്യയെങ്കിലും അതിന്റെ 'ഒറിജനൽ വ്യാജ'പ്പതിപ്പുകൾ പലയിടങ്ങളിലും ലഭിക്കുമായിരുന്നു. ബോംബെയിലും ചെന്നൈയിലും കൽക്കത്തയിലും ദൽഹിയിലും കോയമ്പത്തൂരിലുമൊക്കെ. സെക്കന്റ് ഹാൻഡ് പുസ്തകക്കടകളിൽ, തെരുവു പുസ്തകക്കച്ചവടക്കാരുടെ കൈകളിൽ ഒക്കെ 'പൈശാചിക വചനങ്ങൾ' ഉണ്ടായിരുന്നു. പുസ്തകം കയ്യിൽ കിട്ടിയ പാടെ ആ തെരുവിലെ അൽപ്പം തിരക്കു കുറഞ്ഞ കോണിൽ നിന്ന് താളുകൾ മറിച്ചു നോക്കാൻ തുടങ്ങി. '"Untime of the Imam' എന്ന അധ്യായമാണ് കിട്ടിയത്. അത് നിന്ന നിൽപ്പിൽ വായിക്കാൻ തുടങ്ങി. കോയമ്പത്തൂരിൽ നിന്നും പെരിന്തൽമണ്ണയിലെ വീട്ടിലേക്കുള്ള ബസ് യാത്രയിൽ നോവലിന്റെ പല ഭാഗങ്ങളും വായിച്ചു. നിരോധിതകൃതി/വിവാദകൃതി വായിക്കാനുള്ള അഭിനിവേശമാണ് പുസ്തകം തേടിയുള്ള യാത്രക്ക് എന്നെ പ്രേരിപ്പിച്ചത്. ആ പുസ്തകം ഒരാൾ വായിക്കാൻ കൊണ്ടു പോയി. പിന്നീടത് തിരിച്ചു വന്നില്ല. 1999-ൽ ജോലിയായി സൗദിഅറേബ്യയിലെ ജിദ്ദയിലെത്തി. 2003 മുതൽ ഇന്റർനെറ്റിൽ പുസ്തകങ്ങളുടെ പൈറേറ്റഡ് പി.ഡി.എഫുകളുടെ പ്രവാഹം തുടങ്ങിയ സമയത്ത് അതാ വീണ്ടും 'പൈശാചിക വചനങ്ങൾ'. ആദ്യ വായന 13 വർഷം പിന്നിട്ട ശേഷമാണ് വീണ്ടും ആ നോവൽ വായിക്കുന്നത്. നോവൽ പൂർണ്ണമായി വീണ്ടും വായിച്ചു. ആദ്യ വായനയിൽ തോന്നിയ ചില വിയോജിപ്പുകൾ മാറ്റങ്ങളൊന്നുമില്ലാതെ എന്നിൽ നില നിന്നിരുന്നു. ഇപ്പോഴും അതുണ്ടുതാനും.
റുഷ്ദിയുടെ ഗദ്യത്തിന്റെ മാരക സൗന്ദര്യം രണ്ടാം വായനയിലാണ് ശ്രദ്ധിക്കുന്നത്. ഒരു നോവലിസ്റ്റ് ഭാഷയെ എങ്ങിനെയെല്ലാം പരിചരിക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 'പൈശാചിക വചനങ്ങൾ'. പിന്നേയും കാലങ്ങൾ കഴിഞ്ഞ് റുഷ്ദിയുടെ "Imaginery Homelands" എന്ന വിഖ്യാത പ്രബന്ധം വായിച്ചു.പ്രവാസം (മലയാളിയുടെ തൊഴിൽപ്രവാസമല്ല ഇത് ) എന്ന അവസ്ഥയെ എങ്ങിനെയാണ് സമീപിക്കേണ്ടത് , ചെന്നുചേരുന്ന ദേശങ്ങളെല്ലാം ഭാവനയുടെ നനവോടെ എങ്ങിനെ ജൻമനാടു തന്നെയായി മാറുന്നു തുടങ്ങിയ വളരെ സങ്കീർണ്ണമായ മാനുഷികാവസ്ഥയെ ആ പ്രബന്ധം വെളിപ്പെടുത്തി. റുഷ്ദിയും കുടുംബവും ബോംബെ വിട്ട് വർഷങ്ങൾക്കു ശേഷവും ടെലഫോൺ ഡയറക്ടറിയിൽ തങ്ങളുടെ ടെലഫോൺനമ്പർ പിതാവിന്റെ പേരിനൊപ്പം മാറ്റമില്ലാതെ തുടരുന്നതിനെക്കുറിച്ചും ഒരിക്കൽ ജീവിച്ച സ്ഥലം ഒരിക്കലും ആരേയും വിട്ടുപോകില്ലെന്നതിനെക്കുറിച്ചും ഈ ഉദാഹരണം ചൂണ്ടിക്കാട്ടി റുഷ്ദി ആ പ്രബന്ധത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രവാസത്തെക്കുറിച്ച് പല കൃതികളും വായിച്ചിട്ടുണ്ടെങ്കിലും റുഷ്ദിയുടേത് തീർത്തും അസാധാരണമായ പ്രബന്ധമായിരുന്നു. 2012ൽ റുഷ്ദിയുടെ "Joseph An-ton A memoir" ഇറങ്ങി. ഏറ്റവും പ്രിയപ്പെട്ട ഉറക്കം പോലും കളഞ്ഞ്, സിഗരറ്റുകൾ വലിച്ചു തള്ളി ഞാൻ ആ പുസ്തകത്തിന്റെ താളുകൾ ഒന്നൊന്നായി ഉള്ളിലാക്കിക്കൊണ്ടിരുന്നു.
