ഒരു പുതിയ കലാസൃഷ്ടിക്കു മുന്നിൽനിന്ന് 'മനസ്സിലാവാത്ത കല' എന്ന് മുഖം തിരിക്കുന്ന ഒരു കാണിയെ എല്ലാക്കാലത്തും പ്രതീക്ഷിക്കാം, ദൃശ്യസാക്ഷരതയുടെ കുറവുകൊണ്ടുമാത്രമല്ല മനസ്സിലാവായ്മ എന്നും അത് അതുവരെയുള്ള മനസ്സിലാക്കലുകൾക്ക് വഴങ്ങുന്ന ഒന്നല്ല എന്നും തിരിച്ചറിയുന്ന കാണിയുടെ നിസ്സഹായത ആധുനികത മുതൽ കുറെക്കൂടി തീവ്രമായിട്ടുണ്ട്. മൈക്കലാഞ്ചലോയുടെ ഡേവിഡോ, ഡാവിഞ്ചിയുടെ മൊണാലിസയോ കണ്ടതുപോലെ പിക്കാസോ യുടെ 'ഗർണിക്ക' കാണാൻ കഴിയാത്തതിന്റെ പിന്നിൽ ഈ 'മനസ്സിലാവലിന്റെ' ദൂരമുണ്ട്. മനസ്സിലാവുന്ന കലയുടെ പരിധി ആണ് വാസ്തവത്തിൽ മനസ്സിലാവാത്ത ഒന്നിനെ സൃഷ്ടിക്കുന്നത്. അഥവാ പുതുത് എന്ന ഒറ്റക്കാരണത്താൽ തന്നെ അത് കാഴ്ചപ്പെടാൻ ഇനിയും കാലമെടുക്കും എന്ന് എപ്പോഴും ഒരു പുതിയ ഭാവുകത്വം നീട്ടിവെക്കപ്പെടുന്നു.
പുരാതനകലയിലോ വാസ്തു വിദ്യയിലോ ക്ലാസ്സിക് കലാപാരമ്പര്യത്തിലോ ഒന്നുംതന്നെ ആധുനിക കാണി ഇത്രയും ദുർഗ്രാഹ്യത പൊതുവേ ആരോപിക്കാറില്ല. ആധുനികകാണിയുടെ കലഹം ആധുനികകലയോടു തന്നെയായിരുന്നു. സമകാലികകലയിൽ എത്തുമ്പോഴും അത് തുടരുന്നു. അതതുകാലത്തെ കലയെ പിടിച്ചെടുക്കാൻ പറ്റാത്തത്തിന്റെ കാലനഷ്ടംകൂടിയാണ് കാണിയുടെ നിരാശകൾക്കുള്ള ഒരു പ്രധാനകാരണം. കലയെ കുറിച്ചുള്ള പ്രതീക്ഷകളെ എങ്ങനെ സംഘാടനം ചെയ്യുന്നു എന്നതിനനുസരിച്ചിരിക്കും നമ്മുടെ ആശനിരാശകളുടെ അളവും. കലയെ സ്വീകരിച്ചതിന്റെ ചരിത്രസാക്ഷ്യങ്ങളെ രേഖപ്പെടുത്തുന്ന സന്ദർഭത്തിൽ വാൾട്ടർ ബെഞ്ചമിൻ സൂചിപ്പിക്കുന്നതുപോലെ, ആദിമ സംസ്‌കാരത്തിൽ കലയെന്നത് ഒരു മാന്ത്രികവിദ്യ ആയിരുന്നു. മതാത്മകലോകത്തിൽ അത് അനുഷ്ഠാനമായാണ് സ്വീകരിക്കപ്പെട്ടത്. മതേതരലോകത്തിന്റെയും മുതലാളിത്തത്തിന്റെയും വരവിൽ കല സൗന്ദര്യമാണ്. വ്യാവസായികലോകത്തിൽ (ആധുനികതയിൽ) കല എന്നത് കല മാത്രമായും പരിഗണിക്കപ്പെട്ടു. ഉത്തരാധുനികതയിൽ ഒരറിവുരൂപമായി കല മാറുന്നു എന്നും ബെഞ്ചമിൻ നിരീക്ഷിക്കുന്നു. കലയെക്കുറിച്ചുള്ള മനസ്സിലാക്കലുകളെ ഏറെക്കാലം സ്വാധീനിച്ചതും സാർവ്വലൗകികമായി അംഗീകരിക്കപ്പെട്ടതുമായ സൗന്ദര്യനിർവ്വചനം ഇമ്മാനുവൽ കാന്റിന്റേതാണ്. അത് ക്ലാസ്സിക് കലാവിചാരങ്ങളെയും ഒരു പരിധിവരെ ആധുനികകലയെയും പല നിലകളിൽ നിർണയിച്ചുപോന്നിട്ടുമുണ്ട്. ഉത്തരാധുനികതയുടെ ഘട്ടം കാന്റിയൻ വിമർശനങ്ങളുടേതാണ്. എന്താണ് കലയിലെ സൗന്ദര്യം എന്ന ചോദ്യമാണ് എല്ലാ അന്വേഷണങ്ങളുടെയും അടിസ്ഥാനം.
കാന്റിയൻ സൗന്ദര്യനിയമങ്ങളുടെ ഊന്നൽ സാർവ്വലൗകികനായ ഒരു കർത്താവിനെ മുൻനിർത്തിയാണ് എന്നതു കൊണ്ടുതന്നെ ആ കർതൃപദവി ചോദ്യം ചെയ്യപ്പെടുന്നതുകാണാം പിന്നീടുള്ള സൗന്ദര്യവിചാരങ്ങളിൽ. കാന്റ് അനുഭൂതികളുടെ 'നിയമം' (ജഡ്ജ്‌മെന്റ്) അവതരിപ്പിക്കുന്നത് പാശ്ചാത്യ/ഉപരിവർഗ വ്യവഹാരങ്ങളെ മാതൃകയാക്കിക്കൊണ്ടാണ്. അതിൽ അവഗണിക്കപ്പെടുന്ന അനേകം ബഹുലതകൾ ഉണ്ട്. വാസ്തവത്തിൽ അത്തരം ബഹു ലതകളാണ് ഉത്തരാധുനിക കലയിൽ പ്രവർത്തിച്ചുതുടങ്ങുന്നത് എന്നും പറയാം. രുചി (taste)യുടെയും സൗന്ദര്യത്തിന്റെയും മാനകങ്ങൾ ഏകമുഖമായി അവതരിപ്പിക്കുകവഴി കാന്റ് ഒരു തെറ്റായ കർതൃത്വത്തെക്കൂടി മുന്നിൽ കാണുന്നു. അതായത്, കേവല കാഴ്ചയിൽ അസൗന്ദര്യമുള്ള ഒരു വസ്തുവിൽ ഒരാൾക്ക് സൗന്ദര്യം കാണാനുള്ള മൗലിക അവകാശത്തെ അത് വിലക്കുന്നു. മാതൃകാകലയുടെ നിർവ്വചനങ്ങൾക്ക് പുറത്താവുന്ന ഒരാൾ/ഒരു കർതൃത്വം അങ്ങനെ ജനിക്കുന്നു. സൗന്ദര്യത്തെയും നന്മയെയും സമ്മതപരതയെും ഉന്നത ഭാവത്തെയും (Beatuy, goodness, agreeableness and sublime) ഇണക്കിച്ചേർത്തുകൊണ്ടാണ് കാന്റ് കലയുടെ അനുഭൂതിമണ്ഡലത്തെ വിശദീകരിക്കുന്നത്. ആഹ്ലാദജനകമായ അനുഭൂതിയാണ് ആത്യന്തികമായി ഇവയിലൂടെപ്രതീക്ഷിക്കപ്പെടുന്നത്.
