നഷ്ടകാലങ്ങളുടെ കടൽ

Art, Culture, Life

നഷ്ടകാലങ്ങളുടെ കടൽ


പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ച് എഴുതുന്നത് എഴുത്തിനോളം തന്നെ പഴക്കമുള്ള ഒന്നാകണം, പക്ഷേ, അത് ഉടൻതന്നെ എഴുതാനുള്ള പ്രേരണ എന്നെ കുഴക്കി. കുറിപ്പുകൾ എടുക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ അമ്പരപ്പുണ്ടാക്കി, കുറിപ്പുകൾഎടുത്തുകൊണ്ടിരുന്നപ്പോൾ ഞാൻ ലജ്ജിച്ചു, അതു തിരുത്തി ശരിയാക്കുമ്പോൾ എന്നെക്കുറിച്ചുതന്നെ നിരാശനായി. എന്റെ അച്ഛൻ പ്രശസ്തനാണെന്നതായിരുന്നു ഈ വികാരക്ഷോഭത്തിനു കാരണം. അശ്ലീലതകളുടെ കാലത്ത് സ്വന്തം പ്രശസ്തി കൂട്ടാനുള്ള പ്രേരണ അതിൽ ഒളിഞ്ഞിരിപ്പുണ്ടാകാം. അതിനു തടയിടുകയും വിനീതനായി മുന്നോട്ടുപോവുകയുമാകാം ഉചിതം. അല്ലെങ്കിലും എന്നെ സംബന്ധിച്ച് ആത്മാനുരാഗത്തിന്റെ ഇഷ്ടരൂപം വിനയമാണ്. പക്ഷേ, മിക്കവാറും എഴുത്തുകളിലെന്നപോലെ വിഷയമാണ് നിങ്ങളെ തെരഞ്ഞെടുക്കുക, അതിനാൽ തടഞ്ഞുനിർത്തുന്നത് വിഫലമായേക്കാം.

സ്മൃതിനാശവുമായി അച്ഛൻ എങ്ങനെയാണു കഴിയുന്നതെന്നു കുറച്ചു മാസങ്ങൾ മുമ്പ് ഒരു സുഹൃത്ത് ചോദിച്ചിരുന്നു. അച്ഛൻ ഭൂതകാലത്തിന്റെ അലട്ടലില്ലാതെ, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളില്ലാതെ, മുഴുവനായും വർത്തമാനത്തിലാണു ജീവിക്കുന്നതെന്നു ഞാൻ അവളോടു പറഞ്ഞു. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ പ്രവചിക്കുന്നത് ചരിത്രപരമായ വികാസമെന്നപോലെത്തന്നെ കഥപറച്ചിലിന്റെ ഉറവിടം കൂടിയായും വിശ്വസിച്ചുപോരുന്നുണ്ടെങ്കിലും അച്ഛന്റെ ജീവിതത്തിൽ അതിനിപ്പോൾ ഇടമില്ലാതായിരിക്കുന്നു.

''അപ്പോൾ തനിക്കു മരണമുണ്ടെന്ന് അദ്ദേഹം അറിയുന്നില്ല,'' അവൾ ചോദ്യം അവസാനിപ്പിച്ചു, ''ഭാഗ്യവാൻ.''


Related Articles