ബൂഷെർ (Bushire) എന്ന സ്ഥലനാമം മലയാളികൾക്ക് ഇന്ന് അധികം പരിചയം കാണില്ല. ഭൂരിപക്ഷം പേരും ചിലപ്പോൾ കേട്ടിട്ടുപോലുമുണ്ടാവില്ല. കാണാക്കടലുകൾക്കപ്പുറമുള്ള ബൂഷെറിൽ 1858-ൽ ഇന്ത്യാ ഗവൺമെന്റിന്റെ ഒരു നിയമം മലയാളത്തിൽ മൊഴിമാറ്റി വിവർത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തിയത് എന്തിനാവും?
ഇന്ത്യൻ ലെജിസ്‌ലേറ്റീവ് കൗൺസിൽ പാസാക്കിയതായിരുന്നു മലയാളത്തിലേക്ക് മൊഴിമാറ്റിയ ആ നിയമം. അത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭൗമപരിധിക്കുള്ളിലും മറ്റുമുള്ള തുറമുഖങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിൽ നേറ്റീവ് പാസഞ്ചർഷിപ്പുകൾക്കും സ്റ്റീം വെസൽസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. വളരെ ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ഉരുക്കൾക്കും കപ്പലുകൾക്കും ബാധകമായ ഒരു നിയമം. അത് ബൂഷെയറിലെ റസിഡന്റിന് ഇന്ത്യയിലെ ചീഫ് സെക്രട്ടറി അയച്ചതിന് കാരണം ഊഹിക്കാവുന്നതേയുള്ളൂ. 1858-ൽ നിരവധി മലയാളികളും അവരുടെ കപ്പലുകളും കൂട്ടമായി എത്തിയിരുന്ന സ്ഥലമായിരുന്നു ബൂഷെർ. 1800 കൾ മുതൽ 1900 ന്റെ മധ്യംവരെ മലയാളികൾക്ക് പരിചയമുള്ള സ്ഥലം. സാഹസികരായ മലയാളികൾ ചെന്നെത്തിയ ഒരു നാട്.
കേരളീയർ 'പേർഷ്യ' എന്ന് വിളിച്ച നാടിന്റെ ഭാഗമാണ് ബൂഷെർ. ഇറാന്റെയും അറേബ്യൻ മുനമ്പിന്റെയും ഇടയിലുള്ള കടലിടുക്കായ പേർഷ്യൻ ഗൾഫിലെ സുപ്രധാന തുറമുഖമായിരുന്നു അത്. 1763-ൽ അറബ് ഗവർണർ ശൈഖ് നാസർ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ബൂഷെയറിൽ കച്ചവടത്തിന് താവളം പണിയാൻ അനുമതി നൽകി. 1856 ഡിസംബർ ആറിന് ആംഗ്ലോ-പേർഷ്യൻ യുദ്ധത്തിൽ ബ്രിട്ടീഷ് സേന ബൂഷെർ പിടിച്ചടക്കി. ബ്രിട്ടീഷ് റോയൽ നേവിയുടെ താവളമായി ഈ സ്ഥലം മാറി(1).
