1947 ആഗസ്റ്റ് 14 അർദ്ധരാത്രിയിൽ ഇന്ത്യ സ്വതന്ത്രയായി. ജവഹർലാലിന്റെ വികാരനിർഭരവും കവിതാത്മകവുമായ പ്രഭാഷണം ജനലക്ഷങ്ങളുടെ കാതുകളിൽ അന്ന് അമൃതായി പെയ്തിറങ്ങി. ''അടിച്ചമർത്തപ്പെട്ടിരുന്ന രാഷ്ട്രത്തിന്റെ മൂകമായ ആത്മാവിന് ഭാഷണശക്തി ലഭിക്കുന്ന നിമിഷം... ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും എഉണരുകയാണ്.'' അങ്ങനെ ഇന്ത്യയെന്നും പാകിസ്താനെന്നും രണ്ടു ദേശരാഷ്ട്രങ്ങൾ പിറന്നു. ഉത്സവാഘോഷങ്ങൾക്ക് ഒട്ടും മാറ്റു കുറഞ്ഞില്ല. സ്വാതന്ത്ര്യം കൈമാറിയ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ഊഷ്മളബന്ധത്തിന് ഉടവൊന്നും പറ്റിയില്ല. വൈസ്രോയി മൗണ്ട്ബാറ്റന് അക്കാര്യത്തിൽ വലിയ നിഷ്‌കർഷയുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പണ്ടോറയുടെ പെട്ടി മനപ്പൂർവ്വം തുറന്നിട്ടില്ല. വിഭജനത്തിന്റെ രേഖകൾ എങ്ങനെയൊക്കെയാണ് പടർന്നിറങ്ങുക എന്ന് അറിവായിട്ടില്ല. കവി റഫീക് അഹമ്മദിന്റ 'ഭൂപടങ്ങൾ' പോലെ നിലത്തുവീണു ചിതറുന്ന കണ്ണുനീർതുള്ളിയുടെയോ, ചോരത്തുള്ളിയുടെയോ, മുൻകൂട്ടി പ്രവചിക്കാനാവാത്ത രൂപം പോലൊന്ന് നുറുങ്ങുന്ന അനേകം ഹൃദയങ്ങളിൽ ഉണ്ടായിരുന്നു എന്നു മാത്രം. അർദ്ധരാത്രി ഇന്ത്യ സ്വാതന്ത്ര്യമാഘോഷിക്കുമ്പോൾ തങ്ങളേതു രാജ്യക്കാർ എന്നുറപ്പില്ലാതെ ലക്ഷക്കണക്കിനു മനുഷ്യരുണ്ടായിരുന്നു, പഞ്ചാബിൽ, ബംഗാളിൽ! ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. കലാപത്തിരികൾ പിടഞ്ഞുണരുന്നുണ്ടായിരുന്നു.
ആഗസ്റ്റ് 17-ന് പണ്ടോറയുടെ പെട്ടി തുറക്കുന്നു. പിന്നെ ലോകം കണ്ടത് ചരിത്രത്തിലിന്നുവരെ മാനവരാശി കണ്ടിട്ടില്ലാത്തത്ര മഹാക്രൂരതകളുടെയും ദുരിതങ്ങളുടെയും കാഴ്ചകളാണ്. 18 ലക്ഷത്തോളം മനുഷ്യർ അതിക്രൂരമായികൊലചെയ്യപ്പെട്ടു. ലക്ഷക്കണക്കിനു മനുഷ്യർ പ്രാണനും കൈയിൽ പിടിച്ച് പ്രിയപ്പെട്ടവരെ ചുമലിലും മഞ്ചലിലുമേറ്റിയും, ചിലപ്പോഴൊക്കെ നിസ്സഹായതയോടെ വഴിയിലുപേക്ഷിച്ചും ഓടിയും കിതച്ചും തീവണ്ടികളിൽ ശരീരങ്ങളെ കുത്തിനിറച്ചും ദാഹിച്ചും വിശന്നു പൊരിഞ്ഞും തങ്ങളുടെ കെട്ടും ഭാണ്ഡങ്ങളും കൊള്ളയടിക്കപ്പെട്ടും എതിർദിശകളിലേക്ക് കൂട്ടപ്പലായനം നടത്തുകയായിരുന്നു! വിഭജനത്തിന്റെ ഇതിഹാസകാരൻ എന്നു വിളിക്കപ്പെടുന്ന സാദത്ത് ഹസൻ മന്തോ എഴുതുന്നു.
''നമ്മുടെ കൺമുമ്പിൽ
വരണ്ട രക്തച്ചാലുകൾ
ഛേദിക്കപ്പെട്ട ദേഹഭാഗങ്ങൾ,
കരിഞ്ഞുപോയ മുഖങ്ങൾ
പിഴുതെടുക്കപ്പെട്ട കണ്ഠങ്ങൾ,
ഭയന്നു വിറങ്ങലിച്ച മനുഷ്യർ
...
ചാമ്പലാക്കപ്പെട്ട വയലുകൾ
...
അതെ, ഇന്ത്യ സ്വതന്ത്രയാണ്,
പാകിസ്താൻ സ്വതന്ത്രയാണ്
എന്നാൽ നമ്മളാവട്ടെ
വിജനമാക്കപ്പെട്ട
തെരുവുകളിലൂടെ
നഗ്നരായി, ഒന്നുമില്ലാതെ,
എല്ലാം അപഹരിക്കപ്പെട്ട്
അലയുകയും.''
