കലാപകാലത്തെ ചിത്രകല

Art, Culture, Life

കലാപകാലത്തെ ചിത്രകല


ഇരുവശത്തും കുറ്റിച്ചെടികൾ നിറഞ്ഞ മൺപാതയിൽ മൃതദേഹങ്ങളുടെ ഒരു കൂമ്പാരം, ഒരുപക്ഷേ, ഇരുപത് പേരെങ്കിലുമുള്ള ആ കൂട്ട​ത്തിൽ നഗ്നരായ കുഞ്ഞുങ്ങളുമുണ്ട്. ഭയാനകമായ ആ ചിത്രത്തിനു മുകളിൽ ‘ചോദ്യം: കുഞ്ഞുങ്ങളും?’ താഴെ, ‘ഉത്തരം: കുഞ്ഞുങ്ങളും’ എന്നും ടൈപ്പ് ചെയ്തിരിക്കുന്നു. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കയിൽ പ്രചരിക്കപ്പെട്ട പ്രശസ്തമായ പോസ്റ്ററുകളിലൊന്നിലാണ് നാമിത് കാണുന്നത്. ആർ.എൽ. ഹേബർലിയുടെ ഒറിജിനൽ ഫോട്ടോഗ്രാഫിനെ അടിസ്ഥാനപ്പെടുത്തി ആർട്ട് വർക്കേ​ഴ്സ് കോളീഷനിലെ അംഗങ്ങളാണ് 1969-70-കളിൽ ഈ പോസ്റ്റർ രൂപ​കല്പന ചെയ്തത്. യുദ്ധചിത്രങ്ങളും ഫോട്ടോഗ്രാഫുകളും നിരന്തരം വന്നു​കൊണ്ടിരിക്കുന്ന ഒരു കാലത്ത് ഈ ചിത്രത്തിന് വലിയ പ്രാധാന്യം തോന്ന​ണമെന്നില്ല. അഥവാ എല്ലാ യുദ്ധചിത്രങ്ങളും ഒരേമട്ടിൽ അസ്വസ്ഥപ്പെടുത്തുന്നതുപോലെ ഈ ചിത്രവും അസ്വസ്ഥമാക്കിയേക്കാം എന്നുമാത്രം (ഈ കുറിപ്പെഴുതുമ്പോൾപ്പോലും ഗാസയിൽ പതിനാലായിരത്തോളം കുഞ്ഞുങ്ങൾ പട്ടിണി കിടന്ന് മരിക്കാൻ പോകുന്നുവെന്ന ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് വാർത്തകളിൽ നിറയുന്നു).

‘Q. And babies? A. And babies’ എന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തിന്റെ ഫോട്ടോഗ്രാഫിൽനിന്നും രൂപപ്പെടുത്തിയ പോസ്റ്ററാണ്. അതു​കൊണ്ടുതന്നെ ഈ ചിത്രത്തിൽ ഭാവ​നാത്മകമായ ഒന്നും തന്നെയില്ല. അഥവാ യാഥാർത്ഥ്യംതന്നെ ഭാവന​യെ കവിഞ്ഞുനിൽക്കുന്ന ഒന്നാണെന്ന് വരുന്നു. ഒപ്പം പ്രിന്റ് ചെയ്യപ്പെട്ട വാക്കുകൾ ടൈപ്പ്റൈറ്റിങ്ങിനോട് സാമ്യമുള്ളതും നിയമസാധുത പേറു​ന്നതുമായ പത്രഭാഷയെ ഓർമ്മപ്പെടുത്തുന്നു. നിരവധി പകർപ്പുകൾ എടു​ക്കാവുന്ന സാങ്കേതികവിദ്യയും ഈ പോസ്റ്ററിന് കൂടുതൽ ദൃശ്യത കൊടു​ത്തു. വാക്കും ദൃശ്യവും ചേരുന്ന ഒന്നാകയാൽത്തന്നെ ഇത് വളരെ വേഗത്തിൽ സംവേദനം ചെയ്യപ്പെട്ടു. ഒരുപക്ഷേ, കല എന്ന് നാം വിഭാവ​നം ചെയ്ത, മനനം ചെയ്യപ്പെടുന്ന സൗന്ദര്യവസ്തു എന്ന നിലയിൽ ഈ ചിത്രം അടയാളപ്പെടുന്നില്ല. മറിച്ച് കല എന്നതുതന്നെ യാഥാർത്ഥ്യത്തിന്റെ നേർപ്പകർപ്പ് എന്ന രീതിയിൽ പുനരവതരിപ്പിക്കപ്പെടുകയാണിതിൽ. സത്യസന്ധമായ ഏതു ചിത്ര​വും കലയുടെതന്നെ നോട്ടക്കോണിൽ കാണാൻ കഴിയുമെന്ന് ഏത് യുദ്ധചിത്രവും നമ്മെ ഓർമ്മിപ്പിക്കുന്നു. യുദ്ധം ഒരു ഭാവനാവസ്തുവല്ലെന്നുകൂടി ഇത്തരം ചിത്രങ്ങൾ തെളിയിക്കുന്നു.


Related Articles