തെയ്യേറ്ററനുഭവം

Art, Culture, Life

തെയ്യേറ്ററനുഭവം


സംസ്‌കൃതം അറിയില്ല. എന്നാൽ കുളിരിനെപ്പറ്റി തത്ത്വംപോലൊന്ന് പറയുകയും വേണം. ഈ വെളിപാടുണ്ടായ ഒരു പഴയ നാട്ടുകാരൻ പറഞ്ഞു:

''വൃശ്ചികേ കുളിരാരംഭേ
ധനു, മകരേ ഘോരഘോേര.''

ഭാഷാമൗലികവാദികൾ എന്തും ചെയ്യട്ടെ--ഈ വരികൾ മനസ്സിൽ ജീവിക്കുന്നുണ്ട്. ഈ കുളിരിനൊപ്പമാണ് തെയ്യത്തിന്റെ ആദ്യത്തെ ഓർമ്മകൾ. ഞങ്ങളുടെ ചന്തേരയിലെ വീട്ടിനടുത്താണ് അമ്മ്യംകണ്ടം കുണ്ടോർ ചാമുണ്ഡി മുണ്ട്യ. അച്ഛന്റെ തറവാട്ടുകാരുടേതാണ്. നന്നേ ചെറിയ പള്ളിയറ; മൂന്നു ഭാഗത്തും മൺമതിൽ; കിഴക്കുഭാഗത്ത് വലിയ ചെമ്പകമരം; തെക്കുഭാഗത്തെ മതിലിനോടു ചേർന്ന് തെല്ല് പടർന്ന് ഏറെ ഉയരം വെക്കാത്ത മറ്റൊരു ചെമ്പകം; മുന്നിലെ ചെമ്പകത്തിന് താഴെ ഒറ്റച്ചെങ്കല്ല്; വടക്കേമൂലയ്ക്ക് ഉയർത്തിക്കെട്ടാത്ത ചെറിയ കിണർ; തെയ്യക്കാലത്ത് മതിലിനകം തച്ചുറപ്പിക്കും. പറമ്പിൽ നേർത്ത ചുവപ്പു മണ്ണ്. ഇതാണ് അമ്മ്യംകണ്ടം. ഇവിടെ എല്ലാം ചെറുതാണ്; സരളമാണ്. ആൾത്തിരക്ക് കുറവ്. അലങ്കാരങ്ങൾ നന്നേ കുറവ്.

ധനുമാസം രണ്ടാം തീയതിയാണ് എല്ലാ കൊല്ലവും തെയ്യം. ഒരു രാത്രി തുടങ്ങും. പിറ്റേന്ന് ഉച്ചയ്ക്ക് തീരും. സന്ധ്യ കഴിഞ്ഞ് അധികം കഴിയുന്നതിനുമുമ്പ് ചെണ്ടയുടെ ഒറ്റക്കൊട്ടിൽനിന്ന് തുടങ്ങുന്ന മേളം ഞങ്ങൾ വീട്ടിൽനിന്ന് കേൾക്കും. ''തൊടങ്ങലായി'', ആരെങ്കിലും പറയും. മറ്റുള്ളവർ അതുതന്നെ മനസ്സിൽ പറയും. കാലുകളോടാണ് പറയുന്നത്--മുണ്ട്യക്കാലേക്ക് പോകാൻ. കുളിരിന്റെ വഴിയിലൂടെയാണ് നടത്തം. മഞ്ഞിന്റെ വെള്ളം വീണ പുല്ല് കാലിൽ മുട്ടും. രസമാണ്. അമ്മ്യംകണ്ടം പറമ്പിലെത്തിയാൽ ആദ്യം കാണുന്നത് തെയ്യക്കാരുടെ അണിയറയാണ്. ഒരു മൺവീടാണത്. അവിടെയാണ് തെയ്യമുള്ള ദിവസങ്ങളിൽ കുടുംബത്തോടെ അവർ താമസിക്കുക. ചെറിയ കുട്ടികൾ എല്ലാക്കൊല്ലവും ഉണ്ടാവും. അവർ കേട്ടും കണ്ടും പഠിക്കണം, തെയ്യം.


Related Articles