ഞങ്ങളുടെയെല്ലാം ഹാരിസ് റോഡ്‌

Art, Culture, Life

ഞങ്ങളുടെയെല്ലാം ഹാരിസ് റോഡ്‌


മലയാള സാഹിത്യത്തിന് അവിസ്മരണീയമായ വിലാസമായിരുന്നു ചെന്നൈയിലെ 77, ബി. ഹാരിസ് റോഡ്. എം. ഗോവിന്ദൻ എന്ന അസാധാരണപ്രതിഭയുടെ രാഷ്ട്രീയ-സാഹിത്യ- കലാപ്രവർത്തനങ്ങളുടെ ആണിക്കല്ല് ഈ വിലാസത്തിൽ ഉറപ്പിച്ചതായിരുന്നു. രൂപകല്പനാബോധമില്ലാതെ ആരോ കെട്ടിപ്പൊക്കിയ അറുനൂറോളം ചതുരശ്ര അടി വരുന്ന വീട്. ഇതിന്റെ ഇടുങ്ങിയ സിമന്റുകോവണികൾ കയറാത്ത മലയാളസാഹിത്യകാരന്മാരും ചലച്ചിത്ര-കലാപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും നന്നേ കുറയും. ഇവിടെ ഉരുവംകൊണ്ട ആശയങ്ങളും അഭിപ്രായങ്ങളും നമ്മുടെ സാഹിത്യത്തിന്റെ മാറ്റുരയ്ക്കുന്ന ഉരകല്ലുകളായി. എം. ഗോവിന്ദൻ ഹാരിസ് റോഡിലേക്ക് കൈപിടിച്ചുകയറ്റിയ എഴുത്തുകാരും കലാകാരന്മാരും പിൽക്കാലത്ത് കേരളസംസ്‌കൃതിയുടെ കാവൽഭടന്മാരായി, നെടുനായകന്മാരായി. ഏതാണ്ട് എഴുപത്തഞ്ചുവർഷങ്ങൾക്ക് ശേഷം 77- ബി. ഹാരിസ് റോഡ് കാലചക്രത്തിൽ വെറും സ്മരണയായി മാറി. 2013-ൽ മദ്രാസ് കോടതിയുടെ പിൻബലത്തോടെ ഉടമസ്ഥരും കുറെ സാമൂഹ്യവിരുദ്ധരുംകൂടി ആ വീട് ഒഴിപ്പിച്ച് താഴിട്ടു. ഗോവിന്ദൻ ഉപയോഗിച്ചിരുന്ന പുസ്തകങ്ങളും എഴുത്തുമേശയും കസേരയുമൊക്കെ തെരുവിലേക്ക് ചിതറിവീണു. മലയാളത്തിന്റെ സംഭവബഹുലമായ ഒരു കാലഘട്ടം അങ്ങനെ അവസാനിച്ചു.

എം. ഗോവിന്ദൻ
എം. ഗോവിന്ദൻ

രണ്ടാംലോകമഹായുദ്ധം ആരംഭിക്കുന്നതിനു രണ്ടുവർഷംമുമ്പ് 1937-ൽ ആണ് 77- ബി. ഹാരിസ് റോഡ് ഗോവിന്ദൻ പ്രതിമാസം 10 രൂപയ്ക്ക് വാടകയ്‌ക്കെടുക്കുന്നത്. ചൈനയും ജപ്പാനും ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചതിനാൽ ലോകമാകെ സമ്മർദ്ദത്തിലെത്തിനിൽക്കുന്ന കാലം. ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലേബർ പ്രാദേശിക നേതൃത്വത്തിൽ എത്തിയിട്ടില്ല. അക്കാലത്താണ് ഗോവിന്ദൻ 77- ബി. ഹാരിസ് റോഡ് ആസ്ഥാനമാക്കി ഹോട്ടൽത്തൊഴിലാളികളെയും തയ്യൽവേലക്കാരെയും ചേരിനിവാസികളെയുമൊക്കെ സംഘടിപ്പിക്കുന്നത്. ജനങ്ങളെ വർഗ്ഗസമരത്തിനു സജ്ജരാക്കുകയായിരുന്നില്ല ഗോവിന്ദന്റെ ലക്ഷ്യം. റാഡിക്കലിസ്റ്റ് വീക്ഷണത്തിന് അനുയോജ്യമായി മനുഷ്വത്വവികാസത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും ഊന്നൽ നൽകിക്കൊണ്ട് തൊഴിലാളികളിൽ പ്രബുദ്ധജനാധിപത്യത്തോട് ആഭിമുഖ്യം വളർത്തിയെടുക്കാനാണ് ഗോവിന്ദൻ ശ്രമിച്ചത്. പെരിയാർ ഇ. വി. രാമസ്വാമിനായ്ക്കരുടെ അനുയായികളുടെ പിൻബലവും അദ്ദേഹത്തിനുണ്ടായി. ജസ്റ്റിസ് പാർട്ടിയുടെ ആദ്യകാലയോഗങ്ങളിൽ പലതും ഇവിടെയായിരുന്നു അരങ്ങേറിയത്. ദ്രാവിഡകഴകത്തിന്റെ ആദ്യകാലനേതാക്കളായ അണ്ണാദുരെയും നെടുഞ്ചേഴിയനുമൊക്കെ ഇവിടത്തെ യോഗങ്ങളിൽ സ്ഥിരം പങ്കെടുത്തിരുന്നു.


Related Articles