വ്യവസ്ഥാപിതവും പരമ്പരാഗതവുമായ ഘടനയ്ക്കുള്ളിൽനിന്ന്വേർപെടാത്ത വിഷയമെന്ന നിലയ്ക്കാണ് ഇന്നും ഫോക്‌ലോർ പരിഗണിക്കപ്പെടുന്നത് എന്നത് വസ്തുതയാണ്. അക്കാദമികവും ബഹുജനവത്കരിക്കപ്പെട്ടതുമായ വ്യത്യസ്ത ഇടപെടലുകൾ ഈ മേഖലയിൽ നടക്കുന്നുണ്ടെങ്കിലും, വൈജ്ഞാനികമായി നടക്കുന്ന അന്വേഷണങ്ങൾ ശ്രദ്ധിച്ചാൽ ബോധ്യപ്പെടുന്ന കാര്യമാണിത്. ഇത് മലയാളത്തിൽ മാത്രമല്ല; നാടോടിവിജ്ഞാനീയത്തിന്റെ തുടക്കം മുതൽ അന്തർദ്ദേശീയമായി നിലനില്ക്കുന്ന വ്യവഹാരരീതിയാണ്. യഥാർത്ഥത്തിൽ ആധുനികകാലത്ത് സൃഷ്ടിക്കപ്പെട്ട മറ്റു വിജ്ഞാനശാഖകൾക്ക് ഉണ്ടായിരുന്ന ആധികാരികതയും ശാസ്ത്രീയതയും വളരെ വൈകിയാണ് ഫോക്‌ലോർ പഠനങ്ങൾക്ക് ലഭിച്ചതെന്നും കാണാം. നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം തുടങ്ങിയവയിൽ നിന്ന് വേറിട്ട അസ്തിത്വം ഇതിന് ലഭിച്ചത് പരമ്പരാഗതമായ നിർവചനത്തെ കൈയൊഴിഞ്ഞതിനുശേഷമാണ്. പഴങ്കഥകളും പഴഞ്ചൊല്ലുകളും വിട്ടു ജനകീയമായ എന്തിനെയും ഫോക്‌ലോറിന്റെ പരിധിയിൽ കാണുന്ന രീതി വലിയൊരളവോളം ഈ ജ്ഞാനശാഖയെ സ്വീകാര്യമാക്കി. പക്ഷേ, വംശീയവും ജാതീയവുമായ വിനിമയങ്ങൾ ഫോക്‌ലോറിന് ഒഴിവാക്കാൻ പറ്റാത്തതിനാൽ, സാമൂഹികഘടനയിൽ ഇവ രൂപപ്പെടുത്തിയ ധാരണകളും മുൻവിധികളും ഈ വിഷയത്തെയും ഗാഢമായി സ്വാധീനിച്ചു. ആധുനികതയ്ക്ക് അപരമായി നില്ക്കുന്ന, മറ്റൊരു വാക്കിൽ പറഞ്ഞാൽ വിരുദ്ധമായി നില്ക്കുന്ന ഒന്നായി ഫോക്‌ലോറും അതിൽ ഇടപെടുന്നവരും മാറി. ജാതിവ്യവസ്ഥയുടെ സഹജവും അടിച്ചേല്പിക്കപ്പെട്ടതുമായ നിശ്ചലതയും സമ്മതവും ഫോക്ജീവിതത്തെയും കലകളെയും ആധുനീകരണ പ്രക്രിയകളിൽനിന്നും ഒഴിവാകാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്. ഇതിന് വിരുദ്ധമായ ചലനങ്ങളെ തനിമയുടെ പേരിൽ മാത്രമല്ല, വിപണിയുടെ പേരിലും അകറ്റിനിർത്തുന്ന രീതി ഇന്നും സജീവമാണ്. നമ്മുടെ അനുഷ്ഠാനകലകൾ സ്ഥലപരമായി സവിശേഷമായി ഉറപ്പിക്കപ്പെട്ടത് വിശ്വാസവും ആരാധനകളുമായി ബന്ധപ്പെട്ടാണെന്നും കാണാം. ഇവയെ ഘടനാപരമായി പുനക്രമീകരിക്കാൻ കഴിയാത്തിടത്തോളം കാലം നിശ്ചിതമായ സാമൂഹിക ഭാവനകളെ പുനസൃഷ്ടിക്കുന്ന ഒന്നായി നാടോടിക്കലകളും നാടോടിവിജ്ഞാനവും മാറും എന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. അവതരണകലയുടെ ആഖ്യാനപ്രദേശം ഇന്നും വലിയ മാറ്റങ്ങൾ ഒന്നും കൂടാതെ നിലനില്ക്കുന്നു എന്ന് പൊതുവേ പറയാമെങ്കിലും, ആന്തരികവും അനിവാര്യവുമായ പരിണാമങ്ങൾ സംഭവിക്കുന്നുണ്ട്. കാണികളുടെ ബാഹുല്യം, സാങ്കേതികവും ആധുനികവുമായ മാധ്യമങ്ങളുടെ ഉപയോഗം, അവതരണത്തിലെ സമയക്രമീകരണം തുടങ്ങി വിവിധങ്ങളായ കാരണങ്ങൾ ആണ് ഈ മാറ്റത്തിന് പിന്നിലെന്നു കാണാം. പഴയ മട്ടിൽ ധ്യാനാത്മകമല്ല ബഹുസ്വരമാണ് ഇന്ന് പെരുങ്കളിയാട്ടംപോലുള്ള കലകളുടെ അവതരണമെന്ന് ഇ. പി. രാജഗോപാലൻ നിരീക്ഷിക്കുന്നുണ്ട്. ആധുനികാനന്തര കേരളീയസമൂഹത്തിന്റെ ഘടനാപരമായ പുനർവിന്യാസങ്ങൾ തീർച്ചയായും കലകളിൽ സംഭവിക്കുന്നുണ്ട്. എന്നാൽ നമ്മുടെ പുതുകാലപഠനങ്ങൾ ഇവയെ എത്രമാത്രം പരിഗണിക്കുന്നുണ്ട് എന്നത് വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്.
കല: സ്ഥലവും കാലവും
'കലാസൃഷ്ടിയുടെ ഉറവിടം' എന്ന പ്രഖ്യാതപ്രബന്ധത്തിൽ മാർട്ടിൻ ഹൈഡഗർ, പ്രദർശനശാലയിലേക്ക് മാറ്റപ്പെടുന്നതോടെ ഒരു കലാസൃഷ്ടിക്ക് അവയുടെ സ്വന്തം ലോകം നഷ്ടപ്പെടുന്നു എന്ന് നിരീക്ഷിക്കുന്നുണ്ട്. എന്നാൽ കലയെ മറ്റു സാഹചര്യങ്ങളിൽനിന്ന് വേർപെടുത്തി കണ്ടാൽ അത് കലാസൃഷ്ടി തന്നെയോ എന്നും അതിന്റെ പൂർണ്ണതയിലും സംശയമുണ്ടാകും. ഈ വൈരുധ്യം കലാചിന്തകളെ എക്കാലത്തും വിശേഷിച്ചും ഉത്തരാധുനികകാലത്തും പിന്തുടരുന്ന സമസ്യയാണ്. സ്വന്തം സത്തയിൽനിന്നുള്ള കലയുടെ ഈ മാറ്റം, ചരിത്രപരവും മനുഷ്യസമുദായത്തിന്റെ വികാസവും കൂടിച്ചേർന്നുള്ള വിനിമയങ്ങളുടെ ഭാഗംകൂടിയാണ്. സ്ഥലവും കാലവും നിശ്ചലമല്ലാത്ത കാലത്തോളം അതു തുടരുകയും പുതിയ അർത്ഥങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യും. യഥാർത്ഥത്തിൽ അവതരണകലകൾ അരങ്ങേറുന്ന സ്ഥലത്തിന് അവ വിനിമയം ചെയ്യുന്ന അർത്ഥത്തിലും മൂല്യങ്ങളിലും പ്രധാനപ്പെട്ട പങ്കുണ്ടെന്നാണിത് കാണിക്കുന്നത്. സ്ഥലകാല വിമുക്തമായ സത്തയോ വിന്യാസമോ കലകൾക്കില്ലെങ്കിൽ പിന്നീട്, പ്രശ്‌നവത്കരണം നേരിടുന്നത് ഈ ഭൗതികസാഹചര്യങ്ങൾതന്നെയായിരിക്കും. വിവിധ തരത്തിലുള്ള അധികാരങ്ങളാൽ ബന്ധിതവും സൂക്ഷ്മവും സ്ഥൂലവുമായ നിർണ്ണയങ്ങൾ സ്വാധീനിക്കുന്ന മണ്ഡലവുമാണിത്. വരേണ്യവും സ്വകാര്യവുമായ ഇടങ്ങളിൽ അരങ്ങേറുന്ന കലകളും തുറന്നതും ബഹുജനവത്കരിക്കപ്പെട്ടതുമായ വേദികളിൽ അരങ്ങേറുന്നവയും തമ്മിലുള്ള വ്യത്യാസം, ശൈലികളിൽ മാത്രമല്ലെന്ന് ഏതൊരാൾക്കും അറിയാം. ഇവിടെ തുറവി സ്വാതന്ത്ര്യത്തെയും അടഞ്ഞ ഘടന അധികാരബന്ധിതമായ നിയന്ത്രണത്തെയും ആണ് പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യൻ സാഹചര്യത്തിലാവട്ടെ ഇത് ജാതിബദ്ധവും ലിംഗകേന്ദ്രിതവും ആയ വ്യവഹാരങ്ങളായി മാത്രം പരിമിതപ്പെടുന്നു. ക്ലാസ്സിക് -ഫോക് വിഭജനങ്ങളും ഇപ്പറഞ്ഞ സാമൂഹികവും സ്ഥലപരവും ആയ സവിശേഷതകൾകൂടി ഉൾക്കൊള്ളുന്നതാണെന്നതും പുതിയ കാര്യമല്ല.
