കാസർഗോഡ് കുമ്പള നായ്ക്കാപ്പ് പള്ളത്തിൽ മുതലയെത്തുന്നതിനു മുമ്പു തന്നെ ഉത്തരകേരളത്തിൽ മുതലയാരാധന ഉണ്ടായിരുന്നു. ഏഴിമലയോരത്തും വളപട്ടണംപുഴയിലും തീരത്തെ ചതുപ്പുകളിലും പോയകാലത്ത് മുതലകൾ വിഹരിച്ചിരുന്നു. പെരുത്തഉടലുള്ള മണ്ണൻമുതലയെ തെയ്യമായി ഒരു ഗ്രാമജനത ഇപ്പോഴും ആരാധിച്ചുവരുന്നുണ്ട്. കണ്ണൂർജില്ലയിലെ നടുവിൽ പോത്തുകുണ്ട് തൃപ്പാണ്ടറമ്മ കോട്ടത്താണ് ഈ അത്യപൂർവ്വമായ തെയ്യം കെട്ടിയാടുന്നത്. മനുഷ്യനെ മാത്രമല്ല പ്രകൃതിയിലെ സൂക്ഷ്മസ്ഥൂലങ്ങളായ ജീവജാതികളെയും തെയ്യം അതിന്റെ അനുഷ്ഠാനത്തിന്റെ ഭാഗമാക്കുന്നു. കാവെന്ന അതിവിശിഷ്ടമായ ആവാസവ്യസ്ഥയെ തെയ്യം തന്റെ സാന്നിദ്ധ്യ സ്ഥാനമായി തെരഞ്ഞെടുക്കുന്നതിലൂടെ പ്രകൃതിയിലെ സസ്യജന്തുജാലങ്ങളോടുള്ള ജൈവസ്‌നേഹം ബയോഫീലിയ തന്നെയാണ് തെയ്യം വ്യക്തമാക്കുന്നത്.
പുലിയും പാമ്പും പന്നിയും മുതലയും മത്സ്യവും ഉൾപ്പെടുന്ന, മനുഷ്യവാസം ഭൂമിയിൽ സാധ്യമാക്കിയ വിശാലമായ ജൈവവ്യവസ്ഥയിലാണ് തെയ്യവും പുലരുന്നത്. തെയ്യം അനേകമനേകം ജീവജാലികകളിലെ ഒരു കണ്ണി മാത്രം. കാവിലെ തെയ്യം ബയോസെൻട്രിക്കാണ്. തെയ്യം സാന്നിദ്ധ്യപ്പെടുന്ന കാവിന്റെ കേന്ദ്രം മനുഷ്യനല്ല. കാവിൽ മനുഷ്യന് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. മനുഷ്യനല്ല കാവിന്റെ അവകാശി. ശതകോടി ജീവരാശികളുടെ ജീവതാളമാണ് കാവിന്റെ ഹൃദയമിടിപ്പ്.
ബബിയ എന്ന മുതലദൈവം
