തലകൊണ്ടെഴുതിയ ചിത്രങ്ങൾ

Art, Culture, Life

തലകൊണ്ടെഴുതിയ ചിത്രങ്ങൾ


ബാംഗ്ലൂർ നഗരത്തിലെ നടപ്പാതകളിൽ അന്തിയുറങ്ങുന്നവരെക്കുറിച്ച് "Pavement Series'' എന്ന പേരിൽ പാതയോര ജീവിതത്തിന്റെ ശക്തമായ ബിംബങ്ങൾ ക്യാൻവാസിൽ പകർത്തിക്കൊണ്ടിരുന്ന കാലത്താണ് 1983 ൽ ഞാൻ യൂസഫ് അറയ്ക്കലിനെ ആദ്യമായി കാണുന്നത്. അഞ്ചുവർഷത്തിനുശേഷം അറയ്ക്കലിനെ വീണ്ടും കാണുമ്പോൾ 1983 ലെ പാതയോരപരമ്പരയിൽ പെട്ട ചിത്രത്തിന് ദേശീയ അംഗീകാരം കിട്ടിയിരുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ട് 35 വർഷങ്ങൾ പിന്നിട്ടിട്ടും മനുഷ്യർ തെരുവോരങ്ങളിൽ ജീവിക്കുന്ന കാഴ്ചകളായിരുന്നു "Still in pavements even after 35 years'' എന്ന പരമ്പരക്കാധാരം. ഒരു തണുത്ത സന്ധ്യയിൽ പാതയോരത്ത് വിറങ്ങലിച്ച ശവശരീരത്തിന് കാവൽ നിന്നുകൊണ്ട് ശവദാഹത്തിന് പണം പിരിക്കുന്ന ഒരാൾ. മറ്റൊരവസരത്തിൽ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ ഒരു രാഷ്ട്രീയനേതാവിന്റെ ചിത്രവും കൂടി അറയ്ക്കലിനെ അസ്വസ്ഥജനകമായ ഒരു ലോകത്തേക്ക് നയിച്ചു. തെരുവോരത്ത് മരിച്ചുകിടക്കുന്ന മനുഷ്യശരീരത്തെ ഒരു ത്രിവർണ്ണപതാകകൊണ്ടു പുതപ്പിച്ചപ്പോൾ അറയ്ക്കലിന്റെ ക്യാൻവാസിൽ ഒരു ദുരന്ത ചിത്രം കൂടി രൂപപ്പെട്ടു. "Homage to an Indian died in the street'' എന്ന തലക്കെട്ടിലുള്ള ചിത്രം 1983 ലെ കേന്ദ്ര ലളിതകലാ അക്കാദമി അവാർഡ് നേടിയതോടെ അറയ്ക്കൽ ശ്രദ്ധേയനായിത്തീർന്നു. ധാരാളം പ്രശംസകളും ആരോപണങ്ങളും പടിച്ചുപറ്റിയ ചിത്രമായിരുന്നു അത്. ദേശീയപതാകയെ അപമാനിച്ചു എന്നുപോലും ചർച്ചയുണ്ടായി.

2013 ൽ കേരള സർക്കാരിന്റെ ആദ്യത്തെ രവിവർമ്മപുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് അറയ്ക്കൽ പറഞ്ഞു ''ഞാനൊരു മനുഷ്യനാണെന്ന് എനിക്കറിയാം. മനുഷ്യരുടെ വേദനയിൽ ഞാൻ വേദനിയ്ക്കുന്നു. അവരുടെ ദു:ഖങ്ങൾ എന്നേയും വേദനിപ്പിക്കുന്നു.''

1989 ൽ അദ്ദേഹവുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ദേശാഭിമാനി വാരികയിൽ ഞാൻ ഒരു ലേഖനം എഴുതുകയുണ്ടായി. യൂസഫ് അറയ്ക്കൽ തന്റെ സൃഷ്ടികൾക്കരികെ ഇരിക്കുന്ന ചിത്രം വാരികയുടെ മുഖചിത്രമായും വന്നു. വാരിക അദ്ദേഹത്തിന് അയച്ചുകൊടുത്തപ്പോൾ നന്ദിപൂർവ്വം മറുപടി അയക്കുകയും ചെയ്തു.


Related Articles