ഫാദർ സെഫാദർ സെബാസ്റ്റ്യൻ കാപ്പൻ (1924-1993) എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും സമാഹരിച്ച് ഇംഗ്ലിഷിൽ ആറും മലയാളത്തിൽ മൂന്നും വാല്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1 അവയിലൂടെ കടന്നുപോകുമ്പോൾ യേശുവിനെയും ക്രിസ്തുമതത്തെയുംകുറിച്ചുള്ള നമ്മുടെയൊക്കെ ധാരണകൾ കീഴ്‌മേൽ മറിയും. യേശു എന്ന മനുഷ്യനെ ഉടച്ചുവാർത്തുണ്ടാക്കിയ ദൈവസങ്കല്പമാണ് ക്രിസ്തു. അതിന്റെമേലുയർത്തപ്പെട്ട സംഘടിതപ്രസ്ഥാനം ക്രിസ്തുമതവും. ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്നാണ് അച്ചനിൽ നിന്നു നമുക്കറിയേണ്ടത്.
തുടക്കത്തിലേ ഒരു കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ദൈവം ഉണ്ടോ എന്ന ചോദ്യം ഇവിടെ അപ്രസക്തമാണ്. ഉണ്ടെങ്കിലുമില്ലെങ്കിലും, ഏതെങ്കിലും തരത്തിലുള്ള ദൈവസങ്കല്പം എല്ലാ സമൂഹങ്ങളിലുമുണ്ട്. അതാണു നാം ദൈവമെന്നതുകൊണ്ടുദ്ദേശിക്കുക. അതുപോലെ യേശു എന്നൊരാൾ ജീവിച്ചിരുന്നോ എന്നതും പ്രശ്‌നമല്ല. ബൈബിളിൽ പുതിയ നിയമഗ്രന്ഥങ്ങളിലൂടെ വെളിപ്പെടുന്ന അസാമാന്യ ആളത്തമാണു നമുക്ക് യേശു. അയാളിൽ ദൈവികപരിവേഷം ചാർത്തുന്ന പരാമർശങ്ങളും ബൈബിളിൽ കാണാം. ഇതെങ്ങനെ സംഭവിച്ചു എന്നതും നമുക്കാരായേണ്ടതുണ്ട്.
