ആറ്റുമാലിയിൽ ഞാൻ പോകും...

Art, Culture, Life

ആറ്റുമാലിയിൽ ഞാൻ പോകും...


ബിനു എം. പള്ളിപ്പാട് ഓർമയായി. 2022 ഏപ്രിൽ 22 ന്. കവിയും ചിത്രകാരനും പുല്ലാങ്കുഴൽ വാദകനുമായ പ്രിയകലാകാരൻ തൻപ്രിയപാഠങ്ങളെ നമുക്കു തന്നുകൊണ്ട് ഭാവിയിലേക്കു പറന്നകലുന്നു.

കവി എം. ബി. മനോജുമായാണ് ബിനുവിനെ ആദ്യം കാണുന്നത്, കോട്ടയം അതിരമ്പുഴയിലെ ഞങ്ങൾ എം. എ.യ്ക്കു വായിച്ച സ്‌കൂൾ ഓഫ് ലെറ്റേസിൽ 2000 തുടക്കത്തിൽ പുതു കെട്ടിടത്തിൽ എതാനും ചാർക്കോൾ ചിത്രങ്ങളുമായി കടന്നുവന്നു, പുല്ലാങ്കുഴലും വായിച്ചു. കലാചാര മൂപ്പനായ വി യചന്ദ്രകവിയുമായും ഏറെ അടുപ്പത്തിലായിരുന്നു. പിന്നീട് ചെറു കവിതാസമാഹാരങ്ങളിറങ്ങി. 'കുയിൽകുടി' എന്ന പേരിൽ പുതു സമാഹാരം വരാനിരിക്കുന്നതേയുള്ളു. പമ്പയാറിനു കരയിൽ അടിത്തട്ടു ജീവിതത്തെ പ്രാചീനപുലവൃത്തങ്ങളിലൂടെ ഉണർത്തിയ കുറുമ്പൻ ദൈവത്താനെ ഭാഷയിലെ ആദ്യ ആധുനിക അവർണകവിയായ മൂലൂർ വിളിച്ചത് പഞ്ചമംപാടും കുയിലെന്നാണല്ലോ. പണ്ടത്തെ പാക്കനാരേയും പുലയനാരായ വള്ളുവരേയും കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിൽത്തന്നെ ചില്ലുവഴക്കിൽ പങ്കെടുത്തു കവിത കുറിച്ചതും മൂലൂരാണ്. 'കുയിൽനാദം' കൊച്ചിയിൽ ജാതിക്കുമ്മി പാടിയ കറുപ്പൻമാഷക്കും ഏറെ പ്രിയതരമായിരുന്നു. എസ്. ജോസഫ് 'ഉപ്പൻ കൂവൽവരച്ചപ്പോൾ', പള്ളിപ്പാടൻ മുണ്ടക്കോഴിയേയും കുയിലിനേയും പിൻതുടർന്ന് സമകാലിക ദലിത്കവിതയുടെ പുത്തൻ വിളനിലങ്ങളെ അടിത്തട്ടിലാഴത്തിൽ വിളയിച്ചു. ആറ്റുമാലികളും ഒട്ടലുകളും ഒറ്റാലുകളും വരാലുകളും കവിതയിൽ തഴച്ചു വളരുകയും പുളയ്ക്കുകയും ചയ്തു.

പാലറ്റും, മുണ്ടക്കോഴിയും അടക്കമുള്ള നിരവധി സമാഹാരങ്ങൾ ബിനു എന്ന പള്ളിപ്പാടരുടേതായി പുറത്തു വന്നു. തമിഴ് ദലിത്കവി എൻ. ഡി. രാജ്കുമാറുമായി ചേർന്നു നടത്തിയ വിവർത്തനങ്ങൾ. പൊയ്കയുടെ പാട്ടുകളെ തമിളിൽ രാജ്കുമാറാണ് ചരിത്രപരമായി അവതരിപ്പിച്ചത്. പള്ളിപ്പാടനായിരുന്നു അതിനു പിൻബലം. 1974 ലാണ് കുട്ടൻ എന്ന് അടിസ്ഥാനജനത വിളിക്കുന്ന കുട്ടിയായ പുത്തരുടെ നാടായ കുട്ടനാട്ടിലെ പ്രാചീനപ്രബുദ്ധമായ പളളിപ്പാട്ട് ഒരു ദലിത് ഭവനത്തിൽ ജനിക്കുന്നത്. ചുറ്റുമായി പള്ളിക്കൽ ഭരണിക്കാവിലും കായംകുളത്തും മാവേലിക്കരയിലും കരുമാടിയിലും തോട്ടപ്പള്ളിയിലുമെല്ലാം നിരവധി പുത്തന്മാരിന്നും അംഗഭഗഭാവഭേദങ്ങളോടെ ഇരിക്കുകയാണ്.


Related Articles