ജീവിതം എന്നെ പണ്ടേ തടവിലാക്കിയതാണ്. നട്ടെല്ലിൽ ഒരോപ്പറേഷൻ വേണ്ടിവന്നതുകൊണ്ട് സഞ്ചാരം പറ്റാതെയായി. അപ്പൻ പാരമ്പര്യമായി കിട്ടിയ സ്വത്തുവകയിലൊന്നും തന്നില്ലെങ്കിലും കാരുണ്യപൂർവ്വം പകർന്ന അർശോരോഗം ഭക്ഷണക്രമത്തെ ലളിതമാക്കി. പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ താല്പര്യമില്ലാത്തതുകൊണ്ട് ഉള്ളിലെ ലോകത്ത് ഒതുങ്ങിക്കൂടി. പുസ്തകങ്ങളും സിനിമകളും നൃത്ത, സംഗീതക്കച്ചേരികളുംകൊണ്ട് ഞാൻ എന്റെ ചെറിയ ലോകത്തെ കഴിയുന്നത്ര സമ്പന്നമാക്കി.
അപ്പോൾപ്പിന്നെ മഹാമാരിക്കാലത്തെ അടച്ചുപൂട്ടൽ എന്നെ എങ്ങനെ ബാധിക്കും? രോഗവ്യാപനത്തെക്കുറിച്ചുള്ള ഉത്കണ്ഠയും ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ഒഴിച്ചാൽ എന്റെ ജീവിതത്തിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. പക്ഷേ, പ്രകൃതിക്ക് നേരിയ മാറ്റമുണ്ടായി. വായുവിന് കനം കുറഞ്ഞു. ആകാശം നീലനിറം ഒട്ടൊക്കെ വീണ്ടെടുത്തു. ചെകിടടപ്പിക്കുന്ന ശബ്ദഘോഷങ്ങൾ ഒഴിഞ്ഞ്പോയതിലായിരുന്നു ഏറ്റവും വലിയ സന്തോഷം. വീടകത്ത് അടിഞ്ഞുകൂടുന്ന പൊടി കുറഞ്ഞതും ആശ്വാസമായി. അടച്ചിരുപ്പുകാലം തുടങ്ങിയപ്പോൾ ചില കിളികളുടെ നേർത്തശബ്ദം കേൾക്കാൻ കഴിഞ്ഞിരുന്നു. പിന്നെ അതും അപൂർവ്വമായി. ഭൂമിയിൽനിന്ന് പലതരം കിളികളും അപ്രത്യക്ഷമായി കഴിഞ്ഞു. ഒരു നീലപ്പൊന്മാൻ ഒറ്റയ്ക്ക് വഴിയോരത്തെ കറന്റ്കമ്പിയിലിരുന്ന് നിശ്ശബ്ദം താഴേയ്ക്ക് നോക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. കൂട്ടമായി പറന്നുവന്ന് പറമ്പിലാകെ തത്തിച്ചാടിച്ചിലച്ച് ചുറ്റുവട്ടം പ്രസന്നമാക്കുന്ന കരിയിലക്കിളികളാകട്ടെ ഒരിക്കൽ മാത്രം വന്ന് എങ്ങോ മറഞ്ഞുപോയി. വിഷുക്കാലത്തെത്തുന്ന മഞ്ഞക്കിളികളെ കാണാഞ്ഞ് ഞാൻ പരിഭ്രാന്തയായി. കുയിലൊച്ചയും കേൾക്കാനില്ലെന്ന് ഞാൻ സങ്കടപ്പെട്ടു. മതിലിന്മേൽ ഒരു കുഴിയൻപിഞ്ഞാണത്തിൽ പകർന്നുവച്ച ദാഹജലം കുടിക്കാൻ ഉപ്പനും കാക്കകളും എത്താറുണ്ടെങ്കിലും ചെറു കിളികളൊന്നും വരുന്നില്ലല്ലോ എന്ന് പരിതപിച്ചു. ഏതോ മാളത്തിൽ വസിക്കുന്ന ഒരു കീരി ഇടയ്ക്കിടെ പരിഭ്രാന്തിയോടെ തിരിഞ്ഞുനോക്കി എങ്ങോ പായുന്നതുകണ്ട് അതിന്റെ ഇണയ്ക്കെന്തു സംഭവിച്ചു എന്ന് ആകുലപ്പെട്ടു. മനുഷ്യർ പെരുകിയപ്പോൾ എണ്ണത്തിൽ ചുരുങ്ങിപ്പോവുകയോ ഇല്ലാതെയാവുകയോ ചെയ്യുന്ന ജീവിവർഗ്ഗം വലിയൊരു മുന്നറിയിപ്പ് തരുന്നുണ്ട്. എത്രയോ ജീവിവർഗ്ഗം വാണ ഈ ഭൂമിയിൽനിന്ന് മനുഷ്യകുലവും വൈകാതെ അപ്രത്യക്ഷമാവും എന്നുതന്നെയാണത്.
ദുരന്തങ്ങൾക്കുമേൽ ദുരന്തങ്ങൾ പെയ്തിറങ്ങുമ്പോഴും മനുഷ്യൻ ഒരു പാഠവും പഠിക്കുകയില്ല എന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന വസ്തുത. അടച്ചിരുപ്പ് പലതരം അടുക്കളമണങ്ങൾകൊണ്ട് ആഘോഷമാക്കിയവരുണ്ട്. വീട്ടിലിരുന്ന് ഇരിപ്പുറയ്ക്കാതെ പുറത്തിറങ്ങി അലഞ്ഞുതിരിഞ്ഞവരെ പോലീസ് വാഹനസഹിതം പിടികൂടുന്നത് ടി.വി.യിൽ കണ്ടു. കത്തുന്ന വെയിലിൽ പൊരിഞ്ഞ് നിൽക്കുന്ന പോലീസുകാരെയും കാറ്റുപോലും കടക്കാത്ത കുപ്പായത്തിനുള്ളിൽ വെന്തുരുകുന്ന ആരോഗ്യപ്രവർത്തകരെയും ഒരുനിമിഷംപോലും ഓർക്കാതെ സ്വന്തം പൊറുതികേടിനെ താലോലിക്കുന്ന അത്തരക്കാരെ ചമ്മട്ടിക്കടിച്ചാലും കുഴപ്പമില്ലെന്ന് തോന്നിപ്പോയി. അപൂർവ്വം ചിലർ വായനയെ തിരിച്ചു പിടിച്ചതായും കഞ്ഞിയും പയറും ചമ്മന്തിയും ശീലിച്ചതായും അറിഞ്ഞു. അവരും വിപത്കാലം കഴിഞ്ഞാൽ ആഘോഷത്തിമർപ്പിലേക്കും ആർഭാടങ്ങളിലേക്കും മടങ്ങിപ്പോവും. ഈ മഹാമാരിക്കാലം മനുഷ്യരെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നും അവരുടെ പ്രകൃതങ്ങളിൽ ഗുണപരമായ ചില മാറ്റങ്ങൾ വരുത്തുമെന്നും വിശ്വസിക്കുന്നവർ വെറും ശുദ്ധാത്മാക്കളത്രെ. മനുഷ്യൻ ഒരു വിചിത്രജീവിയാണെന്നും അവന്റെയുള്ളിൽ വീണ്ടുവിചാരത്തിന്റെ വിദൂരസാധ്യതപോലും ഇല്ലാതെയായി എന്നും ആഴത്തിൽ ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രകൃതിയെ സംബന്ധിച്ചിടത്തോളം മനുഷ്യൻ തീരെയും ആവശ്യമില്ലാത്ത ഒരു ഘടകമാണ്. പ്രകൃതിക്കുപറ്റിയ ഒരു കൈത്തെറ്റാണ് മനുഷ്യൻ. ആ തെറ്റ് പ്രകൃതി തിരുത്തുകതന്നെ ചെയ്യും. ഈ മഹാമാരി നൽകുന്ന മുന്നറിയിപ്പ് ഇതത്രെ.
