രവിവർമ്മ, ഫാൽക്കെ പഴമ്പുരാണങ്ങൾ

Art, Culture, Life

രവിവർമ്മ, ഫാൽക്കെ പഴമ്പുരാണങ്ങൾ


രാജാരവിവർമ്മയും (1846-1906) ധുണ്ഡിരാജ് ഗോവിന്ദ് ഫാൽക്കെ എന്ന ദാദാസാഹെബ് ഫാൽക്കെയും (1870-1944) ഇന്ത്യൻ പുരാണകഥകളെ യഥാക്രമം ചിത്രകലയിലും ചലച്ചിത്രത്തിലും ഉയിർപ്പിച്ച മഹാരഥന്മാരാണ്. ഫാൽക്കെയ്ക്ക് രവിവർമ്മച്ചിത്രങ്ങളോടുള്ള കടപ്പാട് അളവറ്റതും. അതിനു തെളിവായി രവിവർമ്മച്ചിത്രങ്ങളിൽ മിക്കവയും അവയുടെ ഒളിയോഗ്രാഫുകളും ഫാൽക്കെയുടെ സിനിമകളും നമുക്കു മുന്നിലുണ്ട്. ആ സ്വാധീനതയെക്കുറിച്ചും അതിന്റെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചും എണ്ണപ്പെട്ട പഠനങ്ങളും ഉണ്ടായിട്ടുണ്ട്.

അതിനപ്പുറം, രവിവർമ്മയെയും ഫാൽക്കെയെയും കൂട്ടിയിണക്കുന്ന ചില പഴമ്പുരാണങ്ങൾ നാട്ടിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ഫാൽക്കെ രവിവർമ്മ പ്രസ്സിലെ ജോലിക്കാരനായിരുന്നു എന്നതാണ്. ഈ കഥയ്ക്കാണ് കൂടുതൽ പ്രചാരം, കാലപ്പഴക്കം. ഏറ്റവും പുതിയ കഥ, രവിവർമ്മ തന്റെ പ്രസ്സ് ഒരു ജർമ്മൻകാരനു വിറ്റതിൽ നിന്നു കിട്ടിയ കാശിന്റെ നല്ലൊരു പങ്ക് തന്റെ കീഴിൽ ടെക്‌നീഷ്യനായി പ്രവർത്തിച്ചിരുന്ന ഫാൽക്കെയ്ക്കു നൽകി എന്നതും.

'സെൽഫി'ക്കുശേഷം പ്രചുരപ്രചാരം നേടിയ 'തള്ള്' എന്ന നവീനകലാരൂപത്തിന്റെ പ്രകാശനമായിക്കണ്ട് തള്ളിക്കളയാനാവുമോ ഈ കഥകളെ? ജീവചരിത്രങ്ങളിൽപോലും ക്ഷീരബല പോലെ അവ ആവർത്തിക്കപ്പെടുന്നത് എന്തുകൊണ്ടാവാം? ഇന്ത്യൻ സിനിമയുടെ പിതാവ്, ഇന്ത്യൻ ആധുനിക ചിത്രകലയുടെ പിതാവും മലയാളിയുമായ രവിവർമ്മയുടെ കീഴിൽ ജോലിചെയ്തു എന്ന 'രഹസ്യാനന്ദ'മോ? 'രാജകീയ പാരമ്പര്യ'ത്തോടും അവരുടെ 'ഉദാരമനസ്‌കത'യോടുമുള്ള വിധേയത്വമോ? ഞങ്ങളുടെ ചിത്രകലാചക്രവർത്തിയില്ലെങ്കിൽ കാണാമായിരുന്നു നിങ്ങളുടെ ചലച്ചിത്രപിതാവിനെ എന്നമട്ടിലുള്ള 'തറവാടിത്തഘോഷണ'മോ? മനശ്ശാസ്ത്രത്തിൽ അറിവും താല്പര്യമുള്ളവർക്ക് ഇനിയും വ്യാഖ്യാനിക്കാൻ വകകാണും.


Related Articles