ഗാന്ധിയും നാടകവും

Art, Culture, Life

ഗാന്ധിയും നാടകവും


കലയെക്കുറിച്ച് ഗാന്ധി നട​ത്തിയ പരാമർശങ്ങൾ ഗാന്ധിസത്തിന്റെ സത്തയിൽനിന്ന് വിഭിന്നങ്ങളല്ല. കലയും ജീവിതായോധനവും തമ്മി​ൽ വേഴ്ചയുണ്ടാകണമെന്ന് അദ്ദേഹ​ത്തിന് അഭിപ്രായമുണ്ടായിരുന്നു. ടോൾസ്റ്റോയിയുടെ കലാചിന്തകളാണ് ഈ അഭിപ്രായം ഗാന്ധിയിൽ ഉറപ്പിച്ചുനിർത്തിയത്. നാടകത്തെക്കുറിച്ച് സവിശേഷമായി എന്തെങ്കിലും അദ്ദേഹം എഴുതിയതായി കാണാനിടയായിട്ടില്ല. എന്നാൽ ഗാന്ധിയെഴുത്തുകൾ ശ്രദ്ധിച്ചുവായിച്ചാൽ ഒരർ​ത്ഥത്തിലുള്ള നാടകദർശനം താനേ വികസിക്കുന്നതായി അറിയാനാകും.

ആത്മകഥയുടെ രണ്ടാമധ്യായത്തിൽത്തന്നെ നാടകം വരുന്നുണ്ട്. രംഗപാഠത്തിന്റെയും രചിതപാഠത്തിന്റെയും അറിവുകൾ അതിൽ ഉണ്ട്. പാഠപുസ്‌തകങ്ങളല്ലാത്തവയൊന്നും വായിക്കുന്നതിൽ താത്പര്യം കാട്ടി​യി​ട്ടില്ലാത്ത ഒരു ഗുജറാത്തിക്കുട്ടിയെ ഒരു നാടകപുസ്‌തകം ആകർഷിച്ചു-​‘ശ്രവണപിതൃഭക്തിനാടകം.' കുരുടന്മാരായ മാതാപിതാക്കളെ തോളിൽകയറ്റി തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് നയിച്ച ശ്രവണൻ എന്ന ബാലന്റെ കഥയാണ് ആ നാടകത്തിലുണ്ടായിരുന്നത്. പാഠപുസ്‌തകങ്ങളിലില്ലാത്ത ഒരു ലോകം തനിക്ക് തുറന്നുകിട്ടിയതായാണ് ഗാന്ധിജിയുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. രചിത​പാഠത്തെ വെറും കഥയായി വായി​ക്കുന്നതിന് പകരം നാടകമായിത്തന്നെ കാണാനുള്ള സന്നദ്ധതയും താൻ പ്രകടിപ്പിച്ചിരുന്നു. ശ്രവണന്റെ ചിത്രം റ്റൂറിങ് ചിത്രക്കാർ ചലിപ്പിച്ച കാര്യം പറയുന്നുണ്ട്. അച്ചടിയിൽ വായിച്ച കാര്യം ദൃശ്യമായി വരുമ്പോ​ൾ വന്നുചേരുന്ന മാറ്റവും ഈ സന്ദ​ർ​ഭത്തിൽ തെളിയുന്നുണ്ട്. നിഷ്‌കളങ്കനായ ഗ്രാമീണപ്രേക്ഷകന്റെ സ്ഥാനത്തുനിന്നുകൊണ്ടെന്ന പോലെ ആ നാടകാനുഭവം ഗാന്ധിജി എഴുതിവെക്കുന്നു: "‘ശ്രവണന്റെ മരണത്തിൽ ഹൃദയം തകർന്ന മാതാപിതാക്കളുടെ ദീനവിലാപം (ആ കളിയിൽ അവതരിപ്പിച്ചത്) ഇപ്പോഴും എന്റെ ഓർമ്മയി​ൽ പഴക്കം തട്ടാതെ നില്പുണ്ട്. അതി​ന്റെ കരളലിയിക്കുന്ന രാഗം എന്നെ വല്ലാതെ ഇളക്കി.” വായന-​കാഴ്ച‌-​ആസ്വാദനം എന്നീ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് ഗാന്ധിജിയുടെ ഈ നാടകാനുഭവം. അതിനെ സ്വന്തം നിലയിൽ ആവർത്തിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. നാടകസംഗീതത്തി​ൽ കുടുങ്ങിപ്പോയ ആ കുട്ടി അച്ഛൻ വാങ്ങിത്തന്ന കോൺസേർട്ടിന എന്ന ഉപകരണത്തിൽ തന്നെ വല്ലാതെ ഇള​ക്കിയ ദുഃഖനിർഭരമായ ഭാഗം പലവു​രു വായിച്ചു. ഇങ്ങനെ എഴുതുന്നത് ശ്രദ്ധിച്ചാൽ നാടകത്തോട് വികാരപരമായി പറ്റിച്ചേരുന്ന ഒരു കുട്ടിയെ കാണാനാവും.

ഈ കലാനുഭവത്തെ സംസ്കാരത്തിന്റെ തലത്തിലേക്ക് ഉയർത്തുവാനുള്ള ധാർമ്മികശക്തിയും ഗാന്ധിയിൽ പ്രവർത്തിച്ചിരുന്നു. ശ്രവണന്റെ പിതൃ-മാതൃഭക്തി അനുകരണീയമായ ഒന്നായി താൻ കണക്കാക്കിപ്പോന്നത്. ഗാന്ധിജിയുടെ വാക്കുകൾ: "‘ആ (നാടക) പുസ്‌തകവും ചിത്രവും എന്റെ മനസ്സിൽ മായാത്ത മുദ്ര പതി​പ്പിച്ചു. നിനക്കു പകർത്താവുന്ന ഒരു മാതൃക ഇതാ എന്നു ഞാൻ എന്നോടുതന്നെ പറഞ്ഞു.”


Related Articles