1983-84-ൽ ഞാൻ ഷിമോഗയിൽ പഠിച്ചിരുന്നു. മംഗലാപുരത്തുനിന്ന് ആഗുംബെ ചുരംവഴി അവിടെ എത്താം. വനപ്രകൃതി നശിച്ചുപോകാത്ത പട്ടണമായിരുന്നു ഷിമോഗ.ഞങ്ങളുടെ ഒരു അദ്ധ്യാപകൻ എ.ജി. ഗോപാലകൃഷ്ണ കോൽത്തായ എന്ന ചെറുപ്പക്കാരൻ. ഇരുപത്തിയേഴു വയസ്സുണ്ടാവും. ഉത്സാഹം പകരുന്ന വ്യക്തിത്വമായിരുന്നു. ഒരു കൃതിക്ക് ഒരുപാട് അർത്ഥങ്ങൾ സാധ്യമാണ് എന്ന് എ.ജി.ജി. പറഞ്ഞിട്ടാണ് ആദ്യമായി കേട്ടത്. ശിവൻ ഇലക്ട്രോണുകളുടെ രഥത്തിലാണു സഞ്ചരിക്കുന്നത് എന്ന അരബിന്ദോയുടെ 'സാവിത്രി'യിലെ വരി അദ്ദേഹം നീണ്ട സമയം വ്യാഖ്യാനിച്ചിരുന്നു. ഒരിക്കൽ ഗാന്ധിജിയുടെ ലൈംഗികനിലപാടുകളെക്കുറിച്ചു 'മിറർ' മാസികയിൽ വന്ന (ആഷിഷ് നന്ദിയുടേതെന്നു വിചാരിക്കുന്നു) ലേഖനത്തെപ്പറ്റി ക്ലാസ്സിൽ പറഞ്ഞു. വൈകുന്നേരം അദ്ദേഹത്തിന്റെ മുറിയിൽ പോയപ്പോൾ അതു വായിക്കാൻ തന്നു. മിറർ തിരിച്ചുകൊടുത്ത ദിവസം തന്ന പുസ്തകമാണ് 'സംസ്‌കാര.' യു.ആർ. അനന്തമൂർത്തിയുടെ നോവൽ എ.കെ.രാമാനുജൻ വിവർത്തനം ചെയ്തത്. അതേപ്പറ്റി ഞങ്ങൾ മാത്രമായി സംസാരിച്ചുപോന്നു. അനന്തമൂർത്തിയുടെ ഭാര്യ എസ്‌തേർ ക്രിസ്തുമതവിശ്വാസിയാണ് എന്ന് എ.ജി.ജി. പറഞ്ഞത് 'സംസ്‌കാര'യിലെ പൗരോഹിത്യ വിമർശനത്തിനു ജീവിതംകൊണ്ട് അടിവരയിടുന്ന അനന്തമൂർത്തിയെ കാട്ടിത്തരാനാണ്.
'യയാതി' എന്ന നാടകത്തെക്കുറിച്ച് ഒരിക്കൽ അദ്ദേഹം സംസാരിച്ചിരുന്നു. കന്നഡമൂലത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് തിയേട്രിക്കൽ വീറോടെയായിരുന്നു ആ അവതരണം. പുരാണകഥ എങ്ങനെ ആധുനികതയുടെ പ്രകടനപത്രികയാവുന്നു എന്നാണ് അതിൽനിന്നു മനസ്സിലാക്കാനായത്. ആ സംസാരത്തിനിടയിലാണ് ഗിരീഷ് കർണാട് എന്ന ശബ്ദം ആദ്യം കേട്ടത്. എ.കെ. രാമാനുജനും യു. ആർ. അനന്തമൂർത്തിയും ബി. വി. കാരന്തും ഗിരീഷ് കർണാടും പി. ലങ്കേഷും സ്വവ്യക്തിത്വങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ കന്നഡത്തിലെ ആധുനികതയുടെ ഏറ്റവും പ്രസക്തമായ ധാരയുടെ നിർവാഹകരായി അന്നത്തെ അവിടത്തെ യുവധിഷണകളുടെ ഒപ്പം ഉണ്ട്. എ.ജി.ജി. അങ്ങനെ ഉണർന്ന ഒരു ചെറുപ്പക്കാരനായിരുന്നു. ഇവരെയൊന്നും നേരിൽ കാണാനോ കേൾക്കാനോ അക്കാലത്തു കഴിഞ്ഞില്ല. പക്ഷേ, ഞങ്ങളുടെ അദ്ധ്യാപകൻ അവരെല്ലാമായി സംസാരിച്ചുകൊണ്ടിരുന്നു. കേരളത്തിലെ ആധുനിക കലയിൽനിന്ന് എത്രയൊക്കെ വേറിട്ടതാണ് ഒരയൽ സംസ്ഥാനത്തിലെ നീക്കങ്ങൾ എന്നതു ചെറിയ അന്ധാളിപ്പുപോലും നൽകി.
