ഭാര്യാഭര്‍തൃ ജോഡികളായ ചലച്ചിത്ര സംവിധായകരാണ് ഴാൻ-മാരി സ്ട്രോബും ഡാനിയേല്‍ ഹൂലിയറ്റും. തന്റെ എണ്‍പത്തി ഒമ്പതാം വയസ്സിൽ 2022 നവംബര്‍ ഇരുപത്തി രണ്ടാം തീയ്യതി സ്ട്രോബ് അന്തരിച്ചു. എന്നാല്‍ ഇത് കേരളത്തിൽ അന്താരാഷ്‌ട്ര ചലച്ചിത്ര മേള നടക്കുന്ന സന്ദര്‍ഭം ആയിട്ടുകൂടി വാര്‍ത്തയായില്ല. ഡാനിയേൽ ഹൂലിയറ്റ് 2006 ഒക്ടോബർ 9-ന് അന്തരിച്ചു. സ്ട്രോബിന്റെ അവസാന വർഷങ്ങൾ ചിലവഴിച്ചത് സ്വിറ്റ്സർലൻഡിലെ ജനീവ തടാകത്തിന്റെ തീരത്തുള്ള ഒരു ചെറിയ പട്ടണമായ റോളിലാണ്. ഴാന്‍-ലുക് ഗൊദാർദ് മരിക്കുന്നതുവരെ താമസിച്ചിരുന്നതും ഇതേ സ്ഥലത്തായിരുന്നു.
സ്ട്രോബ്-ഹൂലിയറ്റ് ദമ്പതികളുടെ സിനിമകൾ സാധാരണ ആര്‍ട്ട് സിനിമകളുടെ സങ്കല്പങ്ങളെപ്പോലും അട്ടിമറിക്കുന്നവയാണ്. അവ ബൗദ്ധികമായി ഉത്തേജിപ്പിക്കുന്നവയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും കൊണ്ട് ശ്രദ്ധേയവുമാണ്. വ്യതിരിക്തമായ ശൈലിയിലൂടെ അവർ നിലവിലുള്ള സിനിമയെയും ലോകത്തെയും വിമര്‍ശിച്ചു. അക്കാലത്തെ ഏറ്റവും യഥാർത്ഥ ചലച്ചിത്ര സംവിധായകരായിരുന്നു രണ്ടുപേരും എന്ന് ഇവരെ നിരൂപകര്‍ വാഴ്ത്തുന്നു. തങ്ങളുടെ സിനിമകള്‍ക്കെതിരെ പല ഭാഗത്തുനിന്നും പല രീതിയിലുള്ള വിമര്‍ശനങ്ങൾ ഉണ്ടായിട്ടും, സിനിമകള്‍ക്ക് നിര്‍മ്മാതാക്കളെ ലഭിക്കുക ബുദ്ധിമുട്ടായിരുന്നിട്ടും, വിതരണക്കാരോ വലിയ തോതിൽ പ്രേക്ഷകരോ ഇല്ലാതിരുന്നിട്ടും അവർ വിട്ടുവീഴ്ചകള്‍ ചെയ്യാതെ അവസാനം വരെ സിനിമകള്‍ സംവിധാനം ചെയ്തു. ഒരു ഭാഗത്ത് ഹോളിവുഡ് സിനിമകളും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അതുപോലുള്ള സിനിമകളും പ്രാദേശിക സിനിമകളും. ശരാശരി സിനിമകള്‍ മേളകളിൽ അരങ്ങുതകര്‍ക്കുന്നു. മറുഭാഗത്ത്, മേളകള്‍ ബുദ്ധിജീവികളിൽനിന്ന് പിടിച്ചെടുത്തു എന്ന അവകാശവാദം. സിനിമകൾ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്റെ മുന്നിലെ ബുദ്ധിജീവി പ്രതിഷേധ ഇടങ്ങൾ വെട്ടിനിരത്തിയതിൽ അഭിമാനപുളകിതരാവുന്നവർ, സൂപ്പര്‍ താരങ്ങളുടെ സിനിമകളെ ആഘോഷമാക്കുന്ന പ്രേക്ഷകര്‍ - ഈ സാഹചര്യത്തിൽ ഡാനിയേല്‍-ഹൂലിയറ്റ് ദമ്പതികള്‍ക്ക് വലിയ പ്രസക്തിയുണ്ട്.
അവരുടെ സിനിമകൾ സാഹിത്യ-സംഗീത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാഫ്ക (Kafka), പവേസ് (Pavese), ഹോൾഡർലിൻ (Hölderlin), ബ്രഹ്ത്ത് (Brecht), വിറ്റോറിനി (Vittorini), ഡാന്റേ (Dante), കോർണിലി (Corneille), ഷോൻബെർഗ് (Sch-önberg), സോഫോക്ലിസ് (Sophocles), മല്ലാർമെ (Mallarmé), മൊണ്ടെയ്ൻ (Montaigne), സെസാൻ (Cézanne), ബാക്ക് (Bach) മുതലായവര്‍. എന്നാല്‍ അനുകല്‍പനത്തിലെ അമ്പരപ്പിക്കുന്ന മൌലികതയാണ് ഇവരുടെ സിനിമകളെ ശ്രദ്ധേയമാക്കുന്നത്. ആസ്ട്രിയന്‍-അമേരിക്കന്‍ കമ്പോസർ അർനോൾഡ് ഷോൻബെർഗിൽ (Arnold Schoe-nberg) നിന്ന് പ്രചോദനം ഉൾക്കൊണ്ട മൂന്ന് സിനിമകൾക്കൊപ്പം പ്രശസ്ത സംഗീതജ്ഞൻ ബാക്കിനെ കുറിച്ച് The Chronicle of Anna Magdalena Bach എന്നൊരു സിനിമയും ഇവർ സംവിധാനം ചെയ്തു. 2017-ൽ ലോകാർണോ ഫിലിം ഫെസ്റ്റിവലിൽ ലീപാർഡ് ഓഫ് ഓണർ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സ്‌ട്രോബിന് ലഭിച്ചു. ഈ അവാർഡ് മുമ്പ് ബെർണാഡോ ബര്‍ത്തോലൂച്ചി, വർണർ ഹെർസോഗ്, ഗൊദാർദ് എന്നിവർക്ക് ലഭിച്ചിരുന്നു.
