മലയാളത്തിന്റെ ചിന്തകനായ കവി സച്ചിദാനന്ദന് 75 വയസ്സായിരിക്കുന്നു. ഈ സംഭാഷണത്തിൽ നെരൂദും സ്റ്റാലിനും കവിതയിലെ വിപ്ലവങ്ങളും ചർച്ചയാവുന്നു.
മാങ്ങാട് രത്‌നാകരൻ: വികാരത്തിന്റെയും വിചാരത്തിന്റെയും സങ്കലനം താങ്കളുടെ കവിതകളിൽ ശ്രദ്ധിച്ചിട്ടുണ്ട്. പാബ്ലോ നെരൂദ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് കവിതകളിൽ നിന്ന് മനസ്സിലാവുന്നു. അക്കാര്യം ആദ്യം ചോദിക്കട്ടെ.
സച്ചിദാനന്ദൻ: ഒരു കവി എന്തായിരിക്കണം എന്ന സങ്കല്പം രൂപപ്പെടുത്തുന്നതിൽ എന്റെ ജീവിതത്തിൽ നെരൂദയ്ക്ക് വലിയ പങ്കുണ്ട്. നെരൂദ എല്ലാ വസ്തുക്കളുടെയും എല്ലാ മനുഷ്യരുടെയും പ്രകൃതിയുടെ മുഴുവനും പ്രപഞ്ചത്തിന്റെ മുഴുവനും കവിയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കവിതയിൽ നിന്ന് എന്ത് ഒഴിച്ചുനിർത്തണം എന്നല്ല നെരൂദ ആലോചിച്ചിരുന്നത്, കവിതയിൽ എന്തെല്ലാം ഉൾക്കൊള്ളിക്കമെന്നാണ്. ആ അന്വേഷണത്തിൽ, ലോകം മുഴുവൻ കവിതയിലേക്ക് കൊണ്ടുവരാം എന്ന് നെരൂദ കണ്ടെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ 'വിഭാഗീയ'രായ മറ്റു കവികളിൽ നിന്ന്, 'പ്രതിജ്ഞാബദ്ധ'രായ കവികളിൽ നിന്ന് നെരൂദ വളരെയധികം വ്യത്യസ്തനാണ്. ബ്രെഹ്തിൽ നിന്ന് വ്യത്യസ്തനാണ്. വയേഹൊയിൽ നിന്ന് വ്യത്യസ്തനാണ്, അല്ലെങ്കിൽ, അത്തരത്തിൽ പ്രതിജ്ഞാബദ്ധരായ ഒട്ടേറെ കവികളിൽ നിന്നു വ്യത്യസ്തമായ പ്രാപഞ്ചികമാനം നെരൂദയുടെ കവിതകളിലുണ്ട്. ജീവികളിലേക്കും പക്ഷികളിലേക്കും കടലിന്റെ അടിയിലേക്കും മത്സ്യങ്ങളിലേക്കും തിരകളിലേക്കും നക്ഷത്രങ്ങളിലേക്കും സഞ്ചരിക്കുന്ന നെരൂദയുടെ മനസ്സ്, പ്രകൃതിയിലും പ്രപഞ്ചത്തിലും മുഴുവൻ വലയം ചെയ്തുകിടക്കുന്നു. അദ്ദേഹത്തിന്റെ കമ്മ്യൂണിസം പോലും എനിക്ക് തോന്നുന്നു, ഒരു 'യോഗ'ത്തിന്റെ വിസ്താരം, നമ്മൾ രാഗവിസ്താരം എന്നൊക്കെ പറയുന്ന അർത്ഥത്തിലുള്ള ഒരു വിസ്താരം ആണ്. നെരൂദയുടെ കമ്മ്യൂണിസം, ഒരുപക്ഷേ ഇന്ത്യയിൽ കബീറോ ടാഗോറോ അനുഭവിച്ചിട്ടുള്ള രീതിയിലുള്ള വളരെ അഗാധമായ ഒരു സാഹോദര്യബോധത്തിൽ നിന്നാണ് ഉദ്ഗമിക്കുന്നത്. അതു മനുഷ്യരുമായി മാത്രമുള്ള സാഹോദര്യമല്ല, മൃഗങ്ങളുമായും ചെടികളുമായും മത്സ്യങ്ങളുമായും ഒക്കെയുള്ള അതിവിചിത്രവും അഗാധവുമായ ഒരു മഹാസാഹോദര്യത്തിന്റെ വിസ്താരമാണ്. ഒരു സൈദ്ധാന്തികൻ കാണുന്നതുപോലെയല്ല അദ്ദേഹം കമ്മ്യൂണിസത്തെ കണ്ടത്. അതിന്റെ മാനുഷികത, അതിന്റെ വൈകാരികത, കമ്മ്യൂണിസത്തിൽ നിന്നും നാം ഒരിക്കലും പ്രതീക്ഷിക്കാത്ത ഐന്ദ്രിയത, നെരൂദക്കവിതകളെ വ്യത്യസ്തമാക്കുന്നു. എല്ലാറ്റിനെയും ഉൾക്കൊള്ളുക എന്നത് കവിതയുടെ ആദർശമാക്കുന്നു. ആ ഉൾക്കൊള്ളലിലൂടെ ശുദ്ധകവിതയെ സംബന്ധിച്ച സങ്കല്പത്തിൽ നിന്ന് പുറത്തുകടക്കുകയും ഒപ്പം തന്നെ പ്രതിജ്ഞാബദ്ധ കവിതയെക്കുറിച്ചുള്ള സങ്കുചിത സങ്കല്പങ്ങളെ കവച്ചുകടക്കുകയും ചെയ്യാൻ നെരൂദയ്ക്കു കഴിയുന്നുണ്ട്. ഒരു തരത്തിലുള്ള ഒരു സർവാശ്ലേഷിയായ സാർവജനീനത, എന്തിനെയും കവിതയാക്കി മാറ്റാൻ കഴിയുന്ന കവിത എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തായ കവിതയുടെ മാതൃകയാണ്.
