പണ്ടൊരു സർജൻ പറഞ്ഞു, ‘എന്റെ തൊഴിലാണ് ഏറ്റവും പവിത്രം. ആദ്യമുണ്ടായ തൊഴിലാണത്.’ ബൈബിളിലെ ഉല്പത്തിപ്പുസ്തകത്തിൽ ആദാമിന്റെ വാരിയെല്ലൂരി ഹവ്വയെ സൃഷ്ടിച്ചതായിരുന്നു സൂചന.
കേട്ടിരുന്ന പാവപ്പെട്ട കൃഷിക്കാരൻ: ‘ഡോകടർസാറേ, എനിക്കൊരു സംശയം. അപ്പോൾ എങ്ങനെയാണ് ദൈവം ആദാമിനെ കൊണ്ടുപോകാൻ ഏദൻതോട്ടമുണ്ടാക്കിയിരുന്നത്? ഓപ്പറേഷനു മുൻപേ കൃഷിയല്ലേ ഉണ്ടായത്?’
ഇത് പഴങ്കഥ. ഏതു ജോലിക്കുമുണ്ട് അതിന്റേതായ മികവ്. പക്ഷേ, ഏതാനും ദശാബ്ദം മുൻപുവരെ മേന്മയേറിയത് സർക്കാർജോലിയാണെന്നു വിശ്വസിച്ച സമൂഹമായിരുന്നു നമ്മുടേത്. ഒരു ജോലിയിൽക്കയറി മുപ്പതു വർഷമെങ്കിലും തുടർച്ചയായി പ്രവർത്തിച്ച് പെൻഷൻപറ്റി അല്ലലറിയാതെ സുരക്ഷിതജീവിതം നയിക്കാം. ഇതിൽനിന്നു വ്യത്യസ്തമായിരുന്നത് വക്കീൽപ്പണിയായിരുന്നു. എങ്കിലും മിക്ക വക്കീൽമാരുടെയും സ്വപ്നം മജിസ്‌ട്രേട്ടോ മുൻസിഫോ എങ്കിലും ആകുകയായിരുന്നു.
കാലം മാറി. പെൻഷൻകാലത്തെ ഭദ്രത ഇന്ന് യുവാക്കളെ ഏറെയൊന്നും ആകർഷിക്കുന്നില്ല. കൂടുതൽ വേതനം കിട്ടുന്ന ജോലി സ്വീകരിക്കുക, 1000 രൂപ കൂടുതൽ വേതനമുള്ള മറ്റൊന്നു കിട്ടുമെങ്കിൽ അതിലേക്കു ചാടുക എന്ന സമീപനം വ്യാപകമായി.
