പ്രാണിയായും പറവയായും

Art, Culture, Life

പ്രാണിയായും പറവയായും


ൽഹിയിലെ പ്രീത് വിഹാറിൽ ഭാരതി ആർട്ടിസ്റ്റ് കോളനിയിലായിരുന്നു എ. രാമചന്ദ്രൻ ഏറെക്കാലമായി താമസിച്ചിരുന്നത്. പ്രഗല്ഭമതികളെ കാണാനോ സംസാരിക്കാനോ ഉള്ള അഭിവാഞ്ഛ പൊതുവേ ഇല്ലാതിരുന്നതുകൊണ്ടോ അതിനുള്ള അവസരങ്ങളിൽനിന്നെല്ലാം ഒഴിഞ്ഞുമാറുന്നതുകൊണ്ടോ രാമചന്ദ്രനെ സന്ദർശിക്കുക എന്നത് എന്റെ ഡൽഹി വാസകാലത്തൊന്നും പ്രചോദിപ്പിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ അഞ്ചുവർഷം മുൻപ് യാദൃച്ഛികമായി വധേര ആർട്ട് ഗ്യാലറിയിൽവച്ച് അദ്ദേഹത്തിന്റെയും ഭാര്യ ചമേലിയുടെയും ഒരു കലാപ്രദർശനം കണ്ടിറങ്ങിയപ്പോഴാണ് എ. രാമചന്ദ്രനുമായി സംസാരിക്കാനിടവന്നത്. ആ സംഭാഷണം പിന്നീട് ഒരു ചെറുസൗഹൃദമായി വളരുകയും ചെയ്തു.

ആധുനിക ഇന്ത്യൻ ചിത്രകലയിൽ ‘വിജയിച്ച’ ചിത്രകാരന്മാരുടെ കൂട്ടത്തിൽ തന്നെയാണ് എ.  രാമചന്ദ്രന്റെ സ്ഥാനം. അത് സൗന്ദര്യശാസ്ത്രപരമായും സാംസ്കാരികമായും സാമ്പത്തികമായും രൂപംകൊണ്ട ഒരു കർതൃപദവി തന്നെയായിരുന്നു. അഥവാ അനന്യമായിരിക്കാൻ ഒരു ചിത്രകാരൻ നടത്തിയ സർഗാത്മക സമരത്തിന്റെ കൂടി ഉൽപ്പന്നമായിരുന്നു രാമചന്ദ്രൻ എന്ന പേര്. മറ്റൊരു മഞ്ഞുകാലത്ത് ഭാരതി ആർട്ടിസ്റ്റ് കോളനിയിലെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ഒരു പകൽ ചിലവഴിക്കാൻ സാധിച്ചു. ശാരീരിക അവശതകൾ അലട്ടുമ്പോഴും തന്റെ എൺപതുകളെ വർണാഭമാക്കിക്കൊണ്ട് കടുംമഞ്ഞ പശ്ചാത്തലമുള്ള ഒരു നെടുനീളൻ ക്യാൻവാസിനുമുന്നിൽ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. അത്രയും തൊഴിൽബലം വേണ്ടുന്ന ഒരു പ്രക്രിയയിലാണ് രാമചന്ദ്രൻ ഏർപ്പെട്ടിരുന്നത്. തിരക്കും വില്പനമൂല്യവുമുള്ള ഏത് ആർട്ടിസ്റ്റുകളെയും പോലെ കലാതൊഴിലാളികളെ ഏർപ്പാടാക്കിയായിരിക്കും അദ്ദേഹത്തിന്റെയും പ്രവർത്തനം എന്ന എന്റെ നിഗമനം തീർത്തും തെറ്റായിരുന്നുവെന്ന് അന്ന് ബോധ്യമായി. "അത്യാവശ്യം പാചകത്തിനൊഴികെ ആർട്ട് ചെയ്യാൻ ഞാൻ സഹായികളെയാരും വച്ചിട്ടില്ല' എന്നദ്ദേഹം നർമത്തോടെയും അല്പം വിമർശത്തോടെയും പറഞ്ഞു. താൻ തന്നെ ഡിസൈൻ ചെയ്ത ഒരു ആർട്ടിസ്റ്റ് സ്റ്റുഡിയോ ആയിരുന്നു അത്. വലിപ്പത്തിനനുസരിച്ച് ക്രമീകരിക്കാനും വേണ്ടയിടങ്ങളിൽ ഇരുന്ന് വരയ്ക്കുവാനും സാധിക്കുന്ന ചുമർഫ്രെയിമിനകത്താണ് ക്യാൻവാസ് ഘടിപ്പിച്ചിരുന്നത്. അത് ആധുനികകലാകാരന്റെ ട്രേഡ് മാർക്കായ ഈസലിന്റെ പകർപ്പായിരുന്നില്ല. മറിച്ച് ചുവർചിത്രകാരന്റെ ആധുനികവത്കരിച്ച വരയിടമായിരുന്നു.


Related Articles