കുറിഞ്ചി പെറ്റ കുഞ്ഞുങ്ങൾ

Art, Culture, Life

കുറിഞ്ചി പെറ്റ കുഞ്ഞുങ്ങൾ


യോഫീലിയ, ബയോഡൈവേഴ്‌സിറ്റി എന്നീ ആശയങ്ങളെക്കുറിച്ച് ശാസ്ത്രലോകം വാചാലമാകുന്നതിൻമുമ്പ്, നഴനനച്ചേടത്തും കരിഴവാളിയേടത്തും പൊടിച്ച തെയ്യങ്ങൾ കാവുകളുടെ സസ്യശാസ്ത്ര നിഘണ്ടുവിൽ അതിന്റെ അർത്ഥങ്ങളെ വ്യാഖ്യാനിച്ച് രേഖപ്പെടുത്തി സൂക്ഷിക്കുന്നുണ്ട്. തെയ്യങ്ങളുടെ പാരിസ്ഥിതിക സഞ്ചാരങ്ങളിലൂടെയാണ് കാവ് എന്ന പച്ചത്തഴപ്പുകൾ തുളുനാട്ടിലാകെ പടർന്ന് പന്തലിച്ചിട്ടുള്ളത്. മലയുടെയും മഴയുടെയും മനവും പൊരുത്തവുമറിഞ്ഞ് ജീവിച്ച ഗോത്രസംസ്‌കൃതി. പരസ്പരാശ്രിതത്വത്തിന്റെ പ്രകൃതിജീവനവും അതിൽ നിന്നുരുവപ്പെടുന്ന അനുഷ്ഠാനവും അവരുടെ ജീവിതത്തെ നിയന്ത്രിച്ചു. നിർണ്ണയിച്ചു. ബയോഫീലിയ എന്നും ബയോഡേവേർസിറ്റിയെന്നും ശാസ്ത്രസംജ്ഞകളുടെ രൂപകങ്ങൾ മുളപൊട്ടുന്നതിന് മുമ്പേ അതിനെ ജീവിതചര്യയാക്കിയ ഗോത്രജീവിത്തിന്റെ തിരുശേഷിപ്പുകളാണ് Sacred groves‑ എന്ന പേരിൽ വിഖ്യാതമായ തെയ്യക്കാവുകളും അതിന്റെ ആത്മാവായ തെയ്യവും.

തെയ്യത്തിൽ എല്ലാവിധ മനുഷ്യപ്പച്ചയുമിറ്റിയ ദൈവത്തെ കാണാം. തെയ്യം അടിയുറച്ച Biophylic ആണ്. ജൈവ വൈവിധ്യത്തിന്റെ സമൃദ്ധിയെയാണ് തെയ്യം ആരൂഢമായി സ്വീകരിച്ചിട്ടുള്ളത്. വേദകേന്ദ്രീകൃതമായ വർണ്ണവ്യവസ്ഥ എല്ലാ ജൈവികധാരകളെയും വേർതിരിക്കുമ്പോൾ തെയ്യമെന്ന പ്രാചീന ഗോത്രവിചാരം പ്രകൃതിയിലെ വിവിധ ഘടനകളെ ഒരു മരച്ചോട്ടിലെ ഒരുമയാക്കുന്നു. നീരൊഴുക്കുള്ള എപ്പോഴും പച്ചയിറ്റുന്ന ആരണ്യകങ്ങളുടെ തുറസ്സുകൾ തെയ്യം ആരൂഢമാക്കുന്നത് ഈ ഏകീകരണത്തിനുവേണ്ടിയാണ്. പശുവും പുലിയും ഒന്നായിരിക്കുന്നേടത്ത് തെയ്യാരാധന നിലനിൽക്കണമെന്ന പ്രാകൃതനിഷ്ഠയെക്കുറിച്ചാലോചിക്കുമ്പോഴാണ് എത്ര വിശാലമായ പ്രകൃതിജീവന വ്യവസ്ഥയിലാണ് തെയ്യം നിലനിൽക്കുന്നതെന്നു മനസ്സിലാക്കാൻ സാധിക്കുക. ഇരയും ഇരപിടിയനും ഒരനുഷ്ഠാനത്തിലെന്നപോലെ പെരുമാറുന്ന സന്തുലിത പ്രകൃതിയെ കാവുകൾ എന്ന ആരാധനാകേന്ദ്രങ്ങളാക്കിയ പ്രാചീന ജ്ഞാനമാർഗ്ഗങ്ങൾ അറിവിന്റെയും അതിജീവനത്തിന്റെയും അഭ്യസനകേന്ദ്രങ്ങൾ കൂടിയാണ്. തുളുനാട്ടിലെ നൂറുകണക്കിന് വലുതും ചെറുതുമായ തെയ്യക്കാവുകൾ പ്രകൃതി ജീവനത്തിന്റെ ദ്രാവിഡ ജീവിതവഴക്കങ്ങളുടെ, മനുഷ്യന്റെ അതിജീവനത്തിന്റെ മാഗ്നാകാർട്ടയാണ്.

വനത്തെ ഉടലിൽ കെണ്ടു നടക്കുന്നവർ


Related Articles