വാഗ്ദത്തഭൂമിയുടെ ഒരു തുണ്ട്

Art, Culture, Life

വാഗ്ദത്തഭൂമിയുടെ ഒരു തുണ്ട്


നാലു പതിറ്റാണ്ടിനപ്പുറത്ത് മഞ്ഞിന്റെ നനവാർന്നൊരു ഡിസംബർ സന്ധ്യയിൽ ആ ദേശത്ത് ചെന്നുചേരുമ്പോൾ എനിക്ക് തോന്നിയത് എത്രമേൽ ഏകാന്തമായ ഒരിടം എന്നാണ്. ചുറ്റിലും കുന്നുകൾ. പല അടരുകളായി അവ ദേശത്തെ ചൂഴ്ന്ന് നിന്നു. തെക്കുവശത്തുള്ള ചട്ടമലയിറങ്ങവെ ഒരു സ്വപ്‌നം കാണുന്ന പ്രതീതി. താഴെ സമതലം കാത്തുകിടന്നു.

മാലോത്തിന്റെ കിഴക്കേയറ്റം കൊന്നക്കാടാണ്. അതിനപ്പുറം കുടക്. അതിർത്തിയിൽ രണ്ടു സംസ്ഥാനങ്ങളുടെ നിബിഡവനങ്ങൾ. കാട്ടുപാതകൡലൂടെ വാകമണ്ഡലത്തിലേക്കും തലക്കാവേരിയിലേക്കും ഏറെ ദൂരമില്ല.

ചട്ടമല, പന്നിയാർമാനി, മൈലാടി, നെല്ലിവരക്കുന്ന്, പാമത്തട്ട്, മുടന്തൻപാറ, കുറിച്ചിമല എന്നിങ്ങനെയൊക്കെ വിളിക്കപ്പെടുന്ന കുന്നുകൾ പല ആകാരങ്ങളിലാണ്. അവയുടെ നിറം കാണെക്കാണെ മാറും. ചിലപ്പോൾ പച്ചയുടെ വകഭേദങ്ങൾ. മറ്റു ചിലപ്പോഴാകട്ടെ, നീലയുടെ. ഓരോന്നിനും പിറകിൽ ഛായാരൂപങ്ങളായി വേറെയും കുന്നുകൾ. സാന്ധ്യദീപ്തിയിൽ അവ ഇളകുന്നതായും സ്ഥാനം മാറുന്നതായും തോന്നും. ചില കുന്നുകൾക്ക് പ്രകടമായും സ്‌ത്രൈണപ്രകൃതമായിരുന്നു. മഞ്ഞിലും നിലാവിലും അവയുടെ ലാവണ്യമേറും. ഞാൻ അതിരറ്റ വിസ്മയത്തോടെ താഴ്‌വരയിൽ നില്ക്കും. കാതുകളിലേക്ക് ഏതൊക്കെയോ സ്വരങ്ങൾ വന്നെത്തും. ഇത്തിരി വെട്ടവുമായി മിന്നാമിനുങ്ങുകൾ പറക്കും.


Related Articles