2018-നുശേഷമുള്ള എഴുത്തുകളുടെ ശേഖരമാണ് ഈ പുസ്തകം. 2018-നുശേഷം മലയാള ആനുകാലികങ്ങളിൽ അധികം എഴുതാത്തതുകൊണ്ട് ഇതിലെ ലേഖനങ്ങളിൽ പലതിനും ഗവേഷണ-എഴുത്തിനോടാണ് അടുപ്പം. ഈ കാലയളവിൽ കേരളരാഷ്ട്രീയത്തിലും സാംസ്കാരിക ചർച്ചകളിലും സാമുദായികവിഷയങ്ങളിലും ഉണ്ടായിവന്ന പുതിയ പ്രവണതകളാണ് ഇവയിൽ അധികവും ചർച്ചചെയ്യപ്പെടുന്നത്. ഈ പ്രവണതകൾ ആവശ്യപ്പെട്ട സൂക്ഷ്മമായ വിമർശനദൃഷ്ടിയും ജാഗ്രതയും പലപ്പോഴും വേദനിപ്പിക്കുന്നവയായിരുന്നു. സ്വകാര്യസൗഹൃദങ്ങളെപ്പോലും അത് വിലയായി ആവശ്യപ്പെട്ടു.
പുതിയ നൂറ്റാണ്ടിന്റെ ഏകദേശം കാൽഭാഗം കഴിഞ്ഞതോടെ, ഇരുപതാം നൂറ്റാണ്ടിൽ ഇല്ലാതിരുന്ന പല പ്രവണതകളും ഇവിടെ രൂപമെടുത്തു തുടങ്ങിയത് ചരിത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും സാമൂഹ്യസിദ്ധാന്തത്തിന്റെയും സൂക്ഷ്മ ദൃഷ്ടികളിൽ കാണാമെന്നായിട്ടുണ്ട്. അവയെ അംഗീകരിക്കാൻ മുൻ നൂറ്റാണ്ടുകളിൽ വേരുള്ളവർക്ക് ബുദ്ധിമുട്ടാണ്–ആ എതിർപ്പിന് മനഃശാസ്ത്രപരമായ മാനങ്ങളുണ്ട്. അതു മനസ്സിലാക്കുന്നതുകൊണ്ടുതന്നെ മിത്രങ്ങളിൽനിന്നും മിത്രങ്ങളല്ലാത്തവരിൽനിന്നും 2018 മുതൽ പലപ്പോഴും നേരിടേണ്ടിവന്ന അസാമാന്യമായവിധം ഹിംസാപരമായ ആക്രമണങ്ങൾ എന്നെ കാര്യമായി ബാധിച്ചില്ല. പല വിഷയങ്ങളെപ്പറ്റിയും കാര്യമായ ഫീൽഡ് പഠനങ്ങൾ നടത്തിയ വർഷങ്ങളായിരുന്നു ഇവ–കേരളത്തിലങ്ങോളമിങ്ങോളം, ക്വാറികൾ മുതൽ നഗരചേരിപ്രദേശങ്ങൾവരെ, തീരദേശഗ്രാമങ്ങൾ മുതൽ കുടുംബശ്രീയുടെ കാര്യാലയങ്ങൾവരെ. അതുകൊണ്ട് ഈ പുസ്തകത്തിലെ ലേഖനങ്ങളിൽ വലിയൊരു പങ്ക് സുദീർഘങ്ങളായ ഗവേഷണപഠനങ്ങൾ ആണ്. സാഹിത്യത്തെപ്പറ്റി കാര്യമായി ഒന്നും കഴിഞ്ഞ വർഷങ്ങളിൽ എഴുതിയിട്ടില്ലെന്നും ശ്രദ്ധിക്കുന്നു. മലയാള സാഹിത്യ പൊതുമണ്ഡലം ഒരുവശത്ത് വിപണിയുടെയും മറുവശത്ത് സമൂഹ്യമാദ്ധ്യമങ്ങളുടെയും സ്വാധീനത്താൽ അരാഷ്ട്രീയവത്കരിക്കപ്പെടുന്നു എന്ന എന്റെ തോന്നൽ കൊണ്ടാവാം ഭാവിയിൽ ആശാവഹമായ അധികമൊന്നും അതിലെനിക്കു കാണാനാവാത്തത്.
