കടൽക്കൊള്ളക്കാരനായി മാറണം എന്നായിരുന്നു കുട്ടിയായിരുന്നപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം. ഏഴു കടലും, അതിനുമുകളിലെ ഇരുണ്ട ആകാശവും, നക്ഷത്രങ്ങളും, പേരറിയാത്ത അനേകം ഗ്രഹങ്ങളും എന്റെ വരവിനായി കാത്തിരിക്കുന്നതായി ഞാൻ കരുതി. മത്സ്യകന്യകകളും കന്യകന്മാരും രാത്രികാലങ്ങളിൽ മുകളിലേക്കുയർന്ന് എനിക്ക് വേണ്ടി താരാട്ടുപാടി. അതുകേട്ടുകൊണ്ട് ഞാൻ ഉറങ്ങി. ഉറക്കത്തിൽ എന്റെ കപ്പലിനെ നേരിടാൻ വന്ന കടൽ പിശാചുകൾക്കെതിരെ സന്ധിയില്ലാതെ യുദ്ധം ചെയ്തു. പോരാട്ടം ജയിച്ചതിന്റെ ആവേശത്തിൽ കപ്പൽത്തട്ടിൽ കയറി കാറ്റിനെതിരെ നെഞ്ചുവിരിച്ചു. ഉറക്കെ പാടി, fifteen men on a dead man's chest, yo! ho! ho! and a bottle of rum. ഹാ, ഞാനൊരൊത്ത കടൽക്കൊള്ളക്കാരൻ തന്നെ! ഞാൻ ഉള്ളാലെ ചിരിച്ചു.
പക്ഷേ ഞാൻ ഒരിക്കലും കടൽക്കൊള്ളക്കാരനായില്ല. കടൽക്കൊള്ളക്കാരൻ ആവുകയാണ് എന്റെ ലക്ഷ്യമെന്ന് പതിയെ എവിടെയോ വെച്ച് ഞാൻ മറന്നു പോയി. എന്നാലും എനിക്കെന്തെങ്കിലുമൊക്കെ ആവണമായിരുന്നു. വേനലവധിക്കാലത്ത് ഒരു പകൽ ഉറക്കമുണർന്നപ്പോൾ ലോർഡ് വോൾഡെമോർട്ടിനെ പോലെ ഒരു മാന്ത്രികനാവാൻ ഞാൻ തീരുമാനിച്ചു. നല്ല രസം തന്നെ, അപ്പോഴേക്കും എന്റെ വീട് കൂർത്ത മിനാരങ്ങളുള്ള ഹോഗ് വാട്സായി മാറിക്കഴിഞ്ഞിരുന്നു. കറുത്ത മേലങ്കിയണിഞ്ഞ്, വീടിന്റെ വെളിച്ചമെത്താത്ത മൂലകളിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ വോൾഡെമോർട്ടിന്റെ വളർത്തുമൃഗമായ പാമ്പ് എന്റെ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങുന്നത് ഞാനറിഞ്ഞു. Nagini my love... എനിക്കാ പാമ്പിനോട് പ്രേമം തോന്നി. പപ്പായ തണ്ടറുത്ത് മാന്ത്രിക ദണ്ടാക്കി ഞാൻ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങി. പരൽ മീനുകൾക്ക് ചിറകുകൾ കൊടുത്ത് തുമ്പികളാക്കി മാറ്റി. അരൂപികളായ മേഘങ്ങൾക്ക് രൂപം പകർന്നു. തീ തുപ്പുന്ന ഡ്രാഗണുകളായി അവ ആകാശത്തെ വരുതിയിലാക്കി. അതുകണ്ട് ഞാൻ താഴെ നിന്ന് മേൽപ്പോട്ട് കൈകൾ ഉയർത്തി. ശത്രുക്കൾക്കുനേരെ മാന്ത്രിക വടി ഉയർത്തി ഞാൻ അലറി avadaa kadavraaa... ഹാ, ഞാനൊരൊത്ത മാന്ത്രികൻ തന്നെ!
പക്ഷേ ഞാൻ ഒരിക്കലും മാന്ത്രികനുമായില്ല. മാന്ത്രികനാവുകയാണ് എന്റെ ലക്ഷ്യമെന്ന് പതിയെ എവിടെയോ വെച്ച് ഞാൻ വീണ്ടും മറന്നു. കൗമാരത്തിന്റെ അവസാന കാലങ്ങളിൽ എസ്കോബാറെ പോലെ ഒരു ഡ്രഗ് ലോർഡ് ആവാൻ എനിക്കതിയായ കൊതി തോന്നി. എങ്കിലും ഞാനതാരോടും പറഞ്ഞില്ല. ആരോടെങ്കിലും പറഞ്ഞാൽ അവരെന്നെ കുറിച്ച് എന്ത് വിചാരിക്കുമെന്ന് ഞാൻ കരുതി. എന്റെ ആഗ്രഹങ്ങളെല്ലാം നീചവും പൈശാചികവും ആണല്ലോ എന്നോർത്തപ്പോൾ എനിക്ക് പേടിയാവാൻ തുടങ്ങി. നന്മനിറഞ്ഞ ആഗ്രഹങ്ങൾ ഒന്നും ആഗ്രഹിക്കാൻ കഴിയുന്നില്ലല്ലോ ദൈവമേ എന്ന് പരിതപിച്ച് എനിക്ക് അഗാധമായ ദുഃഖം പിടിപെട്ടു.
