യൂറോപ്യൻ നോവൽസാഹിത്യത്തിലെ ആദ്യ മാതൃകയാണ് സെർവാന്റിസിന്റെ ഡോൺ ക്വിക്സോട്ട്, മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവലായ ചന്തുമേനോന്റെ ഇന്ദുലേഖപോലെ. അതുകൊണ്ടുതന്നെ അന്നുമുതൽ എഴുതപ്പെട്ട എല്ലാ നോവലുകൾക്കും ഡോൺ ക്വിക്സോട്ടിനോട് ഒരു നിലയ്ക്കല്ലെങ്കിൽ മറ്റൊരു നിലയ്ക്ക് കടപ്പാടുണ്ട്. സ്പാനിഷ് സാഹിത്യത്തിലെ മാത്രമല്ല, വിശ്വസാഹിത്യത്തിലെതന്നെ ഒരമൂല്യനിധിയാണ് ഡോൺ ക്വിക്സോട്ട് എന്നു കരുതപ്പെടുന്നു. ബൈബിൾ കഴിഞ്ഞാൽപ്പിന്നെ ഏറ്റവും കൂടുതൽ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതിയാണിതെന്നത് ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
2002 മെയ് മാസത്തിൽ, അൻപതു രാജ്യങ്ങളിൽനിന്നുള്ള സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ച് "നോർവീജിയൻ ബുക്ക് ക്ലബ്ബ് എഡിറ്റേഴ്സി'ന്റെ ആഭിമുഖ്യത്തിൽ ഒരു അഭിപ്രായവോട്ടെടുപ്പ് നടത്തി. ഹോമർ മുതൽ ടോൾസ്റ്റോയിവരെയുള്ളവരുടെ കൃതികളെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത് സെർവാന്റിസ് രചിച്ച 17-ാം നൂറ്റാണ്ടിലെ സ്പാനിഷ് കൃതിയായ ഡോൺ ക്വിക്സോട്ട് ആയിരുന്നു. നോവലുകളും നാടകങ്ങളും കഥകളുമടങ്ങുന്ന 100 കൃതികളിൽനിന്ന് മികച്ച രചന തിരഞ്ഞെടുക്കാനായിരുന്നു എഴുത്തുകാരോട് നിർദ്ദേശിച്ചത്. സൽമൻ റുഷ്ദി, മിലൻ കുന്ദേര, ജോൺ ലെ കാർ, ജോൺ ഇർവിങ്, നാഡിൻ ഗോഡിമർ, കാർലോസ്ഫ്യൂ വന്റസ്, നോർമൻ മെയിലർ എന്നിവർ ഡോൺ ക്വിക്സോട്ടിന് മികച്ച രണ്ടാമത്തെ കൃതിയെക്കാൾ അൻപതു ശതമാനത്തിലേറെ കൂടുതൽ വോട്ടു നല്കി.
സെർവാന്റിസ് എല്ലായ്പോഴും നമുക്കെല്ലാം മുന്നിലാണെന്ന് പ്രശസ്ത നിരൂപകനായ ഹാരോൾഡ് ബ്ലൂം പറയുന്നു. ഫീൽഡിങ്ങും സ്റ്റേണും ഗീഥേയും തോമസ് മന്നും ഫ്ലോബെർട്ടും സ്റ്റെന്താളും മെൽവിലും മാർക്ക് ട്വെയ്നും പിന്നെ ദസ്തയേവ്സ്കിയും. സെർവാന്റിസിന്റെ ആരാധകരിലും ശിഷ്യഗണങ്ങളിലുംപെട്ടവരാണിവർ. ബൃഹദ് നോവലായ "ഡോൺ ക്വിക്സോട്ട് ' ഇതിനെക്കാൾ വലുതായിരുന്നെങ്കിൽ എന്ന് പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനായ ഡോ. സാമുവൽ ജോൺസൺ (1709-84) ആത്മാർത്ഥമായി ആഗ്രഹിച്ചുപോയ ഏകനോവലാണിത്.
