വിലാഗ: അദ്ധ്യായം ഒന്ന്

World of Letters

വിലാഗ: അദ്ധ്യായം ഒന്ന്


“പിന്നെയും അവൻ കുതറിമാറാൻ ശ്രമിച്ചപ്പോൾ, ഞാനൊരു കല്ലെടുത്ത് തലയ്ക്കടിച്ചു. കൊച്ച് തലയല്ലായിരുന്നോ! ഒറ്റ ഇടിക്കു തന്നെ രക്തമൊഴുകി.” അയാൾ അന്നു പറഞ്ഞത്, അയാളുടെ കണ്ണുകൾ ഉരുണ്ടുവന്നത്, അയാളുടെ ചുണ്ടുകളിൽ ഒരു ചുവന്ന പ്രാണി ചിറകടിച്ചത്, ചിരിക്കാതെയും പറയാതെയും ഒരു കൂട്ടം മനുഷ്യർ തരിച്ചു നിന്നത്, മരണത്തിന്റെ ദേവനിൽ അസുരഗണത്തിന്റെ രക്തമാണോ ഒഴുകുന്നതെന്ന ചിന്ത ഹൃദയത്തിൽ മിന്നലടിച്ചുവീണത്, ശ്വാസമെടുക്കാനുള്ള ഇടവേളപോലുമില്ലാതെ നിന്ന് കിതച്ചത്, അങ്ങനെ എത്രയോ കൊടുങ്കാറ്റുകളുടെ പരമ്പര അവളുടെ കണ്ണുകളിലെ ഇരുട്ടിനുള്ളിൽനിന്ന് ഇറങ്ങിവന്നു. ഒടുവി​ലത്തെ നിമിഷത്തിൽ, അയാളുടെ ചുവന്നൊലിക്കുന്ന, ചോര തെറി​പ്പിക്കുന്ന ചുണ്ടുകൾക്കിടയിലൂടെ രണ്ടു തേറ്റപ്പല്ലുകൾ പുറത്തേക്കുവരികയും വെറുപ്പിന്റെ അഗ്നിനാളം നിറഞ്ഞുകത്തുന്ന കണ്ണു​കൾ തന്നിലേക്കു തിരിയുകയും ചെയ്ത നേരത്താണ് അവൾ ഞെട്ടിയുണർന്നത്.

“കാളീ... ഭഗവതീ... ഭദ്രേ...” അതൊരു നിലവിളിയായിരു​ന്നില്ല, പ്രാർത്ഥനയായിരുന്നു. വേദനയും ഭീതിയും ഒന്നുപോലെ ചേർന്നി​രുന്ന ആ പ്രാർത്ഥനയിൽനിന്ന് മുത്തശ്ശിയമ്മ പുറത്തുചാടിയതുപോലെ അവൾക്കുതോന്നി. മുത്തശ്ശിയമ്മ അന്നൊക്കെ അവളോട് കൈകൂപ്പി പ്രാർത്ഥിച്ചിട്ട്, കാളിയെ വണങ്ങിക്കിടക്കാൻ പറയും. അവൾ, അവർക്കുമുന്നിൽ അനുസരണയോടെ തലയാട്ടി നിൽക്കു​ന്നൊരു എട്ട് വയസ്സുകാരിയാകും. ഇരുട്ടിനിടയിൽ കിടന്ന് ഞെട്ട​ലോടെ ചാടിയെഴുന്നേൽക്കുന്ന അവളോട് മുത്തശ്ശി പറയാറുണ്ടായിരുന്നു.

“കാളിയെ പ്രാർത്ഥിക്കാൻ കുട്ടി മറന്നു, അല്ലേ?”


Related Articles