ഞാനെന്റെ ഇരുപതുകളുടെ തുടക്കത്തിലെഴുതുകയും പകുതിയിൽ എഴുതി നിർത്തുകയും ചെയ്ത നോവലാണ് ‘എറാട്ട്'. ഓരോ കാലത്തിലും എഴുതിയും നിർത്തിയും പിന്നെയും പൂരിപ്പിച്ചും ഞാനാ പുസ്തകത്തിനൊപ്പം വളരുകയായിരുന്നു. ഡിഗ്രിക്ക് ആദ്യമായി ‘തീയൂർ രേഖകൾ' എന്ന നോവൽ പഠിച്ചപ്പോൾ അങ്ങനെയൊരു നോവലെഴുതണമെന്നു തോന്നി. അന്നേവരെ വായിച്ച വിവർത്തനനോവലുകളിൽനിന്നും വ്യത്യസ്തമായി ഒരു ദേശത്തെ, മനുഷ്യരെ, അവിടെ നടക്കുന്ന സംഭവങ്ങളെ എങ്ങനെ രസകരമായി ആഖ്യാനം ചെയ്യാം എന്ന് ആലോചിച്ചു. അന്ന് ആ ആലോചന പോലും ചെറുതായിരുന്നു. പ്രാദേശിക ഭാഷാഖ്യാനങ്ങൾ മലയാള സാഹിത്യത്തിൽ ഇത്ര കണ്ട് പ്രചാരത്തിൽ വന്നിരുന്നതുമില്ല. ദേശചരിത്രത്തെയും കണ്ണൂർ ഭാഷയെയും ഒരുപാട് ആഘോഷിച്ച സാഹിത്യത്തിലേക്കാണ് ഈ നോവൽ വരുന്നതിൽ എനിക്കല്പം ആശങ്ക തോന്നുന്നു.
കണ്ണൂരിൽ തലശ്ശേരിയിലെ കാരാൽ തെരു എന്ന ചെറിയൊരു ഗ്രാമമാണ് ഞങ്ങളുടേത്. തെരു എനിക്കൊരു മക്കൊണ്ടയാണ്. അതിന്റെ വട്ടത്തിലാണ് മനുഷ്യർ കറങ്ങിക്കൊണ്ടിരിക്കുന്നത്. പറയാൻ ഒരുപാട് അതിശയങ്ങളുള്ള കഥകൾ ഇവിടെ എല്ലാ മനുഷ്യർക്കുമുണ്ട്. ഞാൻ കേട്ടറിഞ്ഞ ചിലതൊക്കെ ഭാവനയും അതിശയോക്തിയും കലർത്തി ഞാനെഴുതാൻ ശ്രമിക്കുന്നു. അതിലേറ്റവും പ്രധാനം ഇവിടത്തെ പെണ്ണുങ്ങളാണ്. കാരണം എനിക്കു ചുറ്റുമുണ്ടായിരുന്ന പെണ്ണുങ്ങൾ ഉശിരുള്ളവരായിരുന്നു. എനിക്കുറപ്പുണ്ട്, ഞാൻ ജീവിതത്തിൽ കണ്ടതിൽ വെച്ചേറ്റം ശക്തരായ പെണ്ണുങ്ങൾ തെരുവത്തെയായിരിക്കും.
നെയ്ത്തുതൊഴിൽ മാത്രം അറിയുന്ന ഒരു കൂട്ടത്തിന്റെ അവരുടെ അമ്പലവാസിജീവിതത്തിന്റെ ഇങ്ങേ തലയ്ക്കുള്ള കണ്ണിയാണ് ഞാൻ. മണ്ണാകമെന്ന് ഞങ്ങൾ വിളിക്കുന്ന തെരുവത്തമ്പലവും അരയാൽ തറയും വായനശാലയും രസം തോന്നുന്ന ഒരു ഭൂപ്രകൃതിയും ഒരു നോവലായി രൂപകല്പന ചെയ്തുനോക്കി. ഒരു കമ്മ്യൂണിസ്റ്റ് ഗ്രാമമായിരുന്നു ഞങ്ങളുടേത്. കൊടി പിടിച്ചും പാർട്ടി ക്ലാസുകൾ നടത്തിയും തുല്യതാ ക്ലാസുകൾ നടത്തിയും സമരം ചെയ്തും വായിപ്പിച്ചും പഠിപ്പിച്ചും പാർട്ടി ഞങ്ങളുടെ ജീവിതത്തെ അനുദിനം തിരുത്തി. ആ പിന്നിട്ട കാലത്തെ മറക്കാൻ പാടില്ലെന്ന് തോന്നി.
ഞാനുണ്ടാവുന്ന കാലമായപ്പോഴേക്ക് തെരുവത്ത് ജാഗകൾ ഇല്ലാണ്ടായി. ഉള്ള മഗ്ഗങ്ങളിൽത്തന്നെ പണിയെടുക്കുന്നവർ ചുരുക്കം. നെയ്ത്തിനുവേണ്ടുന്ന നൂല് ചിറ്റിയും കൊള്ളി ചിറ്റിയും ഒരേസമയം ജാഗയിലും പറമ്പിലും അടുക്കളയിലും ബ്ലൗസും ലുങ്കിയും മാത്രം ഉടുത്ത് ഓടിനടന്ന ചിലരെയെങ്കിലും ഞാനും കണ്ടിട്ടുണ്ട്. നൂല് ചിറ്റുമ്പോൾ ഞാൻ അവരുടെ മടിയിലിരുന്നിട്ടുണ്ട്. കറങ്ങുന്ന ചക്രത്തിലും നല്ലിയിൽ നിറയുന്ന നൂലിലും തൊട്ട് ഊഞ്ഞാലിൽ എന്നപോലെ അവരുടെ മടിയിലിരുന്ന് ആടാം. ആണുങ്ങൾ തിന്നാനും മറ്റും എണീക്കുമ്പോൾ പകരം മഗ്ഗത്തിൽ കയറി വട്ടം തികയ്ക്കുന്നവർ, ആണുങ്ങൾ കൊണ്ടുക്കൊടുക്കുന്ന പൈസയ്ക്ക് കുടുംബം പോറ്റുന്നവർ, അങ്ങനെ അവർനയിച്ച ജീവിതത്തിന്റെ തുടർച്ചയാണ് ഞാനും. വീടിന്റെ ഇറയത്ത് ചക്രമിട്ട് നല്ലി ചിറ്റി തെരുവത്തെ വട്ടത്തിനുള്ളിലെ കഥകൾ ഇരുന്നയിരിപ്പിൽ അവർ തമ്മിൽ തമ്മിൽ കൈമാറി. അവരാരും തെരുവത്തെ അതിർത്തിക്കപ്പുറം മറ്റൊരു ലോകം കണ്ടവരല്ല. എന്നെങ്കിലും എന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ അത് തെരുവത്തെ പെണ്ണുങ്ങൾ അടുക്കള വെട്ടിപ്പിടിച്ച, കുടുംബം പോറ്റിയ, ജാഗയും മഗ്ഗവും വരുതിയിലാക്കിയ കഥകൾ ആയിരിക്കുമെന്ന് ഏതോ കാലത്തേ ഉറപ്പിച്ചിരുന്നു. ഞാനവരുടെ ജീവിതത്തെ പർവതീകരിക്കുകയല്ല മറിച്ച് തണ്ടുറപ്പുള്ള, ആരെയും കൂസാത്ത അവരുടെ ജീവിതബോധത്തിന്റെ ബാക്കിയാണ് ഞാനുമെന്ന് തിരിച്ചറിയുകയാണ്. അതെന്റെ ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട്.
നെയ്ത്തുപണി കുറഞ്ഞപ്പോൾ പെണ്ണുങ്ങളൊക്കെ ബീഡി തെരയ്ക്കാനും കോൺക്രീറ്റ് പണിക്കും പോയി. പണി കഴിഞ്ഞു വന്ന് നടു നിവർത്താതെ കൊടിപിടിക്കാൻ തലശ്ശേരിയിലേക്ക് പോകുന്ന കാഴ്ച ഞാൻ കണ്ടിട്ടുണ്ട്. അതൊരു കേവല പാർട്ടിപ്രവർത്തനം മാത്രമായിരുന്നില്ല. അങ്ങനെ അവരുണ്ടാക്കിയ ജീവിതബോധത്തിൽനിന്നാണ് അവരവരുടെ മക്കളെ പഠിക്കാനും പണിയെടുക്കാനും വിട്ടത്. ആ ജീവിതബോധമാണ് ഈ നോവലിന്റെ കാതൽ എന്ന് പറയാം.
ഈ നോവലിലെ ഒരുഭാഗത്ത് ഇങ്ങനെ പറയുന്നുണ്ട്:
“എഴുതാൻ മാത്രമായെന്തെങ്കിലും മാഹാത്മ്യം ഇവർക്കാർക്കും ഉണ്ടായിട്ടല്ല. നാലാളോട് പറയാൻ പാകത്തിൽ ഒരു വംശചരിത്രവും അയാൾക്കില്ല. എങ്കിലും തിരഞ്ഞു ചെല്ലുമ്പോൾ ഓർത്ത കഥകളെ എഴുതിയിടുന്നുവെന്നേയുള്ളൂ.”
Summary: Megha K writes about her novel, Erattu
