ലോകോത്പത്തിയെ പറ്റി മതങ്ങൾ വ്യത്യസ്ത സൃഷ്ടികഥകളും സങ്കല്പങ്ങളും അവതരിപ്പിക്കുന്നുണ്ട്. മറ്റു മതാശയങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രപഞ്ചം മാത്രമല്ല, പ്രപഞ്ചത്തിലെ മനുഷ്യരും നാല് വർണ്ണങ്ങളായി വിരാട്പുരുഷനിൽ നിന്ന് ഉളവായതായി ഏറ്റവും പ്രാചീന വൈദികഗ്രന്ഥമായ ഋഗ്വേദം ഉൾപ്പെടെ വിവരിക്കുന്നു. ഋഗ്വേദത്തിലെ പുരുഷസൂക്തമനുസരിച്ച് ബ്രാഹ്മണർ വിരാട്പുരുഷന്റെ മുഖത്തു നിന്നും ക്ഷത്രിയർ ബാഹുക്കളിൽ നിന്നും വൈശ്യർ ഊരുക്കളിൽ നിന്നും ശൂദ്രർ പാദത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടു എന്ന് കരുതപ്പെടുന്നു (ബ്രാഹ്മണോസ്യ മുഖമാസീത് ......ഋഗ്വേദം ). ഇത് കേവലമായ ഒരു സങ്കല്പമല്ല; സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വ്യവസ്ഥയെ ഇന്നും നിർണ്ണയിച്ചുപോരുന്ന അസമത്വ ശ്രേണീവ്യവസ്ഥയാണ് വിരാട്പുരുഷനിൽ നിന്നും ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ ഉണ്ടായി എന്ന സാംസ്കാരിക കഥ. ഈ ശ്രേണീകൃത വ്യവസ്ഥയിൽ ബ്രാഹ്മണർ ഏറ്റവും മുകളിലായി സ്ഥാനപ്പെടുത്തപ്പെടുമ്പോൾ ശൂദ്രരെ ഏറ്റവും അധമരായി ഗണിക്കുന്നു. ഈ സാമൂഹ്യസങ്കല്പമനുസരിച്ച് ഇന്ത്യയിലെ ബഹുഭൂരിഭാഗം മനുഷ്യരും വർണവ്യവസ്ഥക്ക് പുറത്താണ്.
ഋഗ്വേദത്തിൽ ഉരുവം കൊള്ളുന്ന വർണ്ണവ്യവസ്ഥയുടെ സൃഷ്ടിയെ കുറിച്ചുള്ള വിപുലമായ രൂപം ഭാഗവതം ഉൾപ്പെടെയുള്ള പുരാണങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഭാഗവത പുരാണത്തിൽ രണ്ടാം സ്കന്ദത്തിൽ പ്രപഞ്ച സൃഷ്ടിയെ കുറിച്ച് വിവരിക്കുമ്പോൾ വിരാഡ്പുരുഷന്റെ മുഖം ബ്രാഹ്മണനും കൈകൾ ക്ഷത്രിയനും തുടയിൽ നിന്ന് വൈശ്യനും പാദങ്ങളിൽ നിന്ന് ശൂദ്രനും ഉണ്ടായി എന്ന് ഭാഗവത പുരാണം പ്രസ്താവിക്കുന്നു :
