പുസ്തകങ്ങൾക്കായി ഒരു വീടു വേണമെന്ന് തീരുമാനിച്ചതാരായിരിക്കും? ഏതു കാലത്തായിരിക്കും? പുസ്തകങ്ങളുടെ ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമാണ് ഗ്രന്ഥശാലകളുടേത്. ചിലതൊക്കെ എഴുതിവെക്കണമെന്നും അവ തുടരാവശ്യത്തിനായി സംരക്ഷിച്ചുവെക്കണമെന്നുമുള്ള ആദ്യത്തെ തോന്നലുണ്ടായത് ആരാധനാലയങ്ങളിലെ കണക്കുകളുമായി ബന്ധപ്പെട്ടാണെന്ന് ലൈബ്രറികളുടെ ചരിത്രമന്വേഷിച്ച ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഓർമ്മകളുടെ പരിമിതി മനസ്സിലാക്കിയ ഏതോ കാലത്തെ മനുഷ്യർ ഇതിനായി വഴികളന്വേഷിച്ചിരിക്കണം.
സുമേറിയൻസാണ് ആദ്യമായി എഴുത്ത് കണ്ടുപിടിച്ചത് എന്നാണ് നിലവിലെ അറിവനുസരിച്ച് കരുതിപ്പോരുന്നത്. ഇന്നിപ്പോൾ നമ്മൾ ഇറാഖ് എന്ന് വിളിക്കുന്ന പ്രദേശത്തെവിടെയോ ആണ് അങ്ങ് ബിസി മൂവായിരത്തിൽ എഴുത്തുണ്ടായത്. അക്കാലത്തെ അക്ഷരങ്ങൾ കൊത്തിവെച്ച മൺകട്ടകൾ ചരിത്രത്തിന് തെളിവായി ഇന്നിപ്പോൾ നമ്മുടെ പക്കലുണ്ട്. സുമേറിയൻ ആരാധനാലയങ്ങളിലെ കണക്കുകളാണ് പ്രധാനമായും ഇത്തരം മൺകട്ടകളിൽ അവർ കൊത്തിവെച്ച് സൂക്ഷിച്ചത്. അത്തരം നിരവധി മൺകട്ടകൾ അക്കാലത്തെ ആരാധനാലയങ്ങളുടെ അടിത്തട്ടിലെ അറകളിൽ ചിട്ടയോടെ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. ആദ്യം കണക്കുകളായിരുന്നെങ്കിലും, വൈകാതെ പ്രാർത്ഥനകളും കീർത്തനങ്ങളും മന്ത്രങ്ങളുമൊക്കെ മൺകട്ടയിലെഴുതി സൂക്ഷിച്ചു തുടങ്ങി. ഇവയാണ് ചരിത്രത്തിലെ ഏറ്റവും പ്രാചീനമെന്ന് പറയാവുന്ന എഴുത്തുശേഖരങ്ങൾ. ഇങ്ങനെ അക്ഷരങ്ങൾ കൊത്തിവെച്ച മൺകട്ടകൾ ശേഖരിച്ചുവെച്ച അറകളെയാണ് ആദ്യത്തെ ലൈബ്രറികളായി ചരിത്രം ഇപ്പോൾ നോക്കിക്കാണുന്നത്. രസകരവും കൗതുകകരവുമാണ് ഗ്രന്ഥാലയങ്ങളുടെ ഈ ചരിത്രം.
