മനുഷ്യർ ഭൂമിയുടെ അധിപന്മാരായതിന്‍റെ കഥ

World of Letters

മനുഷ്യർ ഭൂമിയുടെ അധിപന്മാരായതിന്‍റെ കഥ


ന്തിനാണ് നമ്മൾ കടലാസുകഷണങ്ങൾക്ക് 'പണം' എന്ന് പേരിട്ട് വില കൽപ്പിക്കുന്നത്? നിയമങ്ങൾ അനുസരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? നമ്മുടെയെല്ലാം ഉള്ളിലെ അടങ്ങാത്ത മധുരക്കൊതിക്ക് കാരണമെന്താണ്? നിഷ്കളങ്കമെന്ന് തോന്നുന്ന ഇത്തരം ആയിരം ചോദ്യങ്ങൾക്കുള്ളിൽ മാനവചരിത്രം ഒളിഞ്ഞിരിപ്പുണ്ട്. അതിൻ്റെ ചുരുളഴിക്കുകയാണ് യുവാൽ നോവാ ഹരാരി തൻ്റെ 'മനുഷ്യർ എങ്ങനെ ലോകം പിടിച്ചടക്കി ' എന്ന പുസ്തകത്തിലൂടെ. വിഖ്യാതമായ'സാപിയന്‍സ്' എന്ന വലിയ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് കുട്ടികള്‍ക്കു വേണ്ടി ഈ പുസ്തകം ഹരാരി തയ്യാറാക്കിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മനസ്സിലാകുന്ന ലളിതമായ ഭാഷയാണ് പുസ്തകത്തിന്‍റെ സവിശേഷത. മനോഹരമായ ചിത്രീകരണങ്ങൾ വായനക്കാരെ പുസ്തകത്തോട് ചേർത്തു നിർത്തും. പൂർണ്ണകൃഷ്ണൻ്റെ ലളിതമായ വിവർത്തനവും റിക്കാർഡ് സപ്ലാന ലൂയിസിൻ്റെ അതിമനോഹരമായ ചിത്രീകരണങ്ങളും പുസ്തക വായനയെ ഒരു മികച്ച അനുഭവമാക്കി മാറ്റുന്നു.

"മനുഷ്യരും മൃഗങ്ങളാണ്" എന്ന ആദ്യ അധ്യായത്തിൽ ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ആഫ്രിക്കൻ പുൽമേടുകളിൽ അലഞ്ഞുനടന്നിരുന്ന ഒരു സാധാരണ ജീവി മാത്രമായി മനുഷ്യനെ കാണാം.. സിംഹത്തിന്റെയോ കടുവയുടെയോ കരുത്തോ, ആനയുടെ വലുപ്പമോ, പക്ഷികളുടെ പറക്കാനുള്ള കഴിവോ അവർക്കുണ്ടായിരുന്നില്ല. എന്നിട്ടും, ഇന്ന് ഈ ഭൂഗോളത്തിൻ്റെ അധിപന്മാരായി മനുഷ്യർ മാറി! അതിന് പിന്നിലെ രഹസ്യമെന്താണ്? ഈയൊരു വലിയ ചോദ്യത്തിൽ നിന്നാണ് ഹരാരി തൻ്റെ ആഖ്യാനം ആരംഭിക്കുന്നത്. കേവലം അതിജീവനത്തിൻ്റെ കഥയല്ല, മറിച്ച് ഭാവനയുടെയും സഹകരണത്തിൻ്റെയും കരുത്തിൽ ലോകം കീഴടക്കിയതിൻ്റെ വിസ്മയകരമായ ചരിത്രമാണ് ഈ പുസ്തകം പറയുന്നത്.

വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു ഡിറ്റക്ടീവ് കഥ പോലെയാണ് ഹരാരി ഈ ചരിത്രത്തെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മനുഷ്യൻ്റെ വിജയരഹസ്യം അവൻ്റെ തലച്ചോറിൻ്റെ വലുപ്പമോ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള കഴിവോ മാത്രമല്ലെന്ന് "സാപ്പിയൻസിൻ്റെ മഹാ ശക്തി" എന്ന അധ്യായത്തിൽ വിവരിക്കുന്നു. അതാണ് സാങ്കൽപ്പികമായ കഥകൾ മെനയാനും, ആ കഥകളിൽ ഒരുമിച്ച് വിശ്വസിക്കാനുമുള്ള മനുഷ്യരുടെ അതുല്യമായ കഴിവ്. ഇതിനെ ഒരു 'സൂപ്പർ പവർ' എന്നാണ് ഹരാരി വിശേഷിപ്പിക്കുന്നത്. യാഥാർത്ഥ്യമല്ലാത്ത, ഭാവനയിൽ മാത്രം നിലനിൽക്കുന്ന കാര്യങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരേസമയം വിശ്വസിക്കാൻ സാധിക്കുന്നു. ഈ കഴിവ് മറ്റേതൊരു ജീവിക്കും ഈ ഭൂമിയിൽ സാധ്യമല്ല. ഈയൊരു ഭാവനാശേഷിയാണ് മനുഷ്യസമൂഹത്തിൻ്റെയും സംസ്കാരത്തിൻ്റെയും അടിത്തറയായത് ഇതു വ്യക്തമാക്കാൻ നമ്മുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള പണത്തെ ഹരാരി ഉദാഹരിക്കുന്നു. നമ്മുടെ കയ്യിലിരിക്കുന്ന കടലാസ് നോട്ടിന് തനതായി ഒരു മൂല്യവുമില്ല. അതിന് വിശപ്പ് മാറ്റാനോ, തണുപ്പകറ്റാനോ സാധിക്കില്ല. എന്നാൽ, ഒരു ഡോക്ടറും കർഷകരും അധ്യാപകരും ഒരുപോലെ ആ കടലാസിൽ വിശ്വസിക്കുന്നു. ഗവൺമെൻ്റും ബാങ്കുകളും പറയുന്ന "ഇതിന് മൂല്യമുണ്ട്" എന്ന കഥയിൽ വിശ്വസിക്കുന്നതുകൊണ്ടു മാത്രമാണ് ആ കടലാസ് കഷണം ഉപയോഗിച്ച് നമുക്ക് അരിയും മരുന്നും സിനിമ ടിക്കറ്റും വാങ്ങാൻ സാധിക്കുന്നത്. ലോകത്തെ കോടിക്കണക്കിന് അപരിചിതരായ മനുഷ്യരെ ഒരുമിച്ച് പ്രവർത്തിക്കാൻ സഹായിക്കുന്ന ഏറ്റവും വലിയ കഥയാണ് പണം.!


Related Articles