വൈലോപ്പിള്ളി കവിതകള്‍; മലയാളത്തിന്‍റെ മണവും മമതയും

World of Letters

വൈലോപ്പിള്ളി കവിതകള്‍; മലയാളത്തിന്‍റെ മണവും മമതയും


വൈലോപ്പിള്ളിയെ ഓർക്കുമ്പോൾ മനസ്സിലേക്കോടിവരുന്നതൊരു വിഷുക്കാലമാണ്.

ഏതു ധൂസരസങ്കൽപ്പങ്ങളിൽ വളർന്നാലും,
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും

മണവും മമതയും ഇത്തിരി ക്കൊന്നപ്പൂവും എന്ന് കവി പാടിയപ്പോൾ ആ വരികളിൽ മലയാളികളുടെ മുഴുവൻ വിഷുക്കാലമുണ്ടായി. വൈലോപ്പിള്ളി ശ്രീധരമേനോൻ എന്ന വൈലോപ്പിള്ളിയുടെ എല്ലാ കൃതികളിലുമുണ്ടായിരുന്നത് മനുഷ്യന്റെ പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളായിരുന്നു. തന്റെ സ്വതസിദ്ധശൈലിയിലൂടെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ ജീവസ്സും ഓജസ്സും നൽകിയ വൈലോപ്പിള്ളി തന്റെ വരികളിലൂടെ അനശ്വരനാവുകയാണ്.

അനേകം വരികളിലൂടെ അദ്ദേഹം വായനക്കാരിൽ പലതരം വികാരവിക്ഷോഭങ്ങൾ തീർത്തു. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത വായനക്കാരുടെ ഉള്ളില്‍ തീര്‍ത്ത തേങ്ങല്‍ കാലമിത്ര കഴിഞ്ഞിട്ടും തോര്‍ന്നിട്ടില്ല. അങ്കണത്തൈമാവിൽനിന്നാദ്യത്തെ പഴം വീഴ്കെ എന്ന് പാടിമുഴുമിപ്പിക്കാൻ അന്നത്തെ അമ്മമാർക്ക് കഴിയില്ലായിരുന്നു. വരികൾക്കിടയിൽ ഉള്ളുവിങ്ങുന്നത്രയും ദു:ഖം എങ്ങനെയിത്ര ലളിതമായി ആവിഷ്കരിക്കുന്നു എന്നത് ആശ്ചര്യമാണ്. അത്രയും സൂക്ഷ്മസംവേദനക്ഷമതയോടെയാണ് കവി മാമ്പഴം എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ് മലയാളിയുടെ ഓർമ്മകളിലേക്ക് സങ്കടത്തിന്റെ മാഞ്ചുന വീഴ്ത്തിയ ഒരു കാലമുണ്ടായിരുന്നു.


Related Articles