ഇരുട്ടു കട്ടപിടിച്ചുനിന്ന ആകാശത്തുനിന്നും കോരിച്ചൊരിയുന്ന മഴത്തുള്ളികളെ വകഞ്ഞുമാറ്റിക്കൊണ്ട് ഒരു മിന്നൽപ്പിണർ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിവന്നു.
ചെറിയ വരാന്തയിൽനിന്നും വീടിന്റെ ഉള്ളിലേക്കു കടക്കാനുള്ള ഒറ്റവാതിലിന്റെ, ഉയരമില്ലാത്ത കട്ടിളപ്പടിയിൽ മടക്കിവച്ച കാൽമുട്ടിലേക്ക് തലയുയർത്തിവച്ച് ഇരിക്കുകയായിരുന്ന ഹിമ ഒന്നു ഞടുങ്ങി.
വീശിയടിക്കുന്ന കാറ്റ് വാരിവിതറുന്ന മഴത്തുള്ളികൾ വരാന്തയും കടന്ന് അവളുടെ മുഖത്തും കാൽപ്പാദത്തിലും ചിതറി വീണു. പക്ഷേ, അവൾ നനഞ്ഞ കാൽപ്പാദം ചലിപ്പിക്കുകയോ കണ്ണുകൾ അടയ്ക്കുകയോ ചെയ്തില്ല.
മിന്നൽപ്പിണരിന്റെ വെളിച്ചത്തിൽ വരാന്തയിൽക്കിടന്നിരുന്ന വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരം ഒന്നനങ്ങിയതുപോലെ അവൾക്കു തോന്നി. വെളുത്ത തുണിയിൽ അവിടവിടെ ചുവപ്പു പടർന്ന് വരാന്തയിൽനിന്നും ഒഴുകിയിറങ്ങുന്ന വെള്ളത്തിന് രക്തവർണ്ണമായിരുന്നു.
