1
"ഞാൻ സദാ എഴുതിക്കൊണ്ടിരിക്കും. മരണ സമയത്തും പേന എന്റെ കയ്യിൽ തന്നെയുണ്ടാകും" എന്നു പറഞ്ഞുകൊണ്ട് എഴുത്തിനോടുള്ള തന്റെ അഭിനിവേശത്തെ വ്യക്തമാക്കിയ മരിയോ വർഗാസ് യോസ എന്ന സാഹിത്യകാരന് മുഖവുരയും ആമുഖവും കൊടുക്കുന്നത് അദ്ദേഹത്തോടുള്ള ബഹുമാനക്കുറവിനെയാവും സൂചിപ്പിക്കുന്നത്. എഴുത്തിനോടുള്ള പ്രതിജ്ഞാബദ്ധമായ സമർപ്പണം ഒന്ന് മാത്രമേ എഴുത്തിന്റെ വിജയത്തിനു ഉതകൂ എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. അലക്സാണ്ടർ ഡുമാസും ഗുസ്താവ് ഫ്ലോബറും വില്യം ഫോക്നെറും അടങ്ങുന്ന മഹാരഥന്മാരുടെ സാഹിത്യസൃഷ്ടികളായിരുന്നു യോസയെ സ്വാധീനിച്ചത്. എണസ്റ്റൊ വർഗാസ് മൽഡൊണാഡൊയുടെയും ഡോറ യോസ യുരെറ്റയുടെയും മകനായി 1936ൽ പെറുവിലെ അരേക്വിപ്പ എന്ന ചെറു പട്ടണത്തിൽ ജനിച്ച യോസ ഇരുപത്തിയൊന്നാം വയസ്സിൽ 'വെല്ലുവിളികൾ' എന്ന ചെറുകഥയിലൂടെ സാഹിത്യലോകത്ത് ഇടം പിടിക്കുകയായിരുന്നു. അച്ഛനമ്മമാരുടെ വേർപാടിനെ തുടർന്ന് ബാല്യം തൊട്ടേ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെയായിരുന്നു യോസ ജീവിച്ചിരുന്നത്. എഴുത്തിനെ കുറിച്ചുള്ള യോസയുടെ കാഴ്ചപ്പാടുകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ എഴുത്തിനുള്ള സ്ഥാനം വ്യക്തമാക്കുന്നതാണ്. സങ്കീർണമായ രാഷ്ടീയ കാലാവസ്ഥകളുടെ ഈറ്റില്ലമായ ലാറ്റിൻ അമേരിക്കയെ നോവലുകളിലൂടെ ആവിഷ്ക്കരിക്കണമെങ്കിൽ രചനാരീതിയും വേറിട്ടതായിരിക്കണം എന്നു യോസ കരുതിയിരുന്നു.
