എപ്സ്റ്റീന്‍ ഫയലില്‍ ഒതുങ്ങാത്ത ഇട്ടിക്കോരയും കോരപാപ്പനും

World of Letters

എപ്സ്റ്റീന്‍ ഫയലില്‍ ഒതുങ്ങാത്ത ഇട്ടിക്കോരയും കോരപാപ്പനും


'Knowledge makes you free' (ജ്ഞാനം നിങ്ങളെ സ്വതന്ത്രരാക്കും) എന്ന് പറഞ്ഞത് സോക്രട്ടീസ് ആണ്. Freedom എന്ന വാക്ക് സ്വാതന്ത്ര്യത്തിന്റെ ലളിതമായ അര്‍ത്ഥത്തെ ദ്യോതിപ്പിക്കുമ്പോള്‍ അടിച്ചമര്‍ത്തല്‍, അടിമത്തം തുടങ്ങിയവയില്‍ നിന്നുള്ള മോചനമാണ് liberation എന്ന പദം സൂചിപ്പിക്കുന്നത്. അതിന്റെയും മലയാളപദം സ്വാതന്ത്ര്യം എന്ന് തന്നെ. എന്തില്‍ നിന്നൊക്കെയുള്ള സ്വാതന്ത്ര്യം എന്നത് കാലം, ഇടം, സാഹചര്യം എന്നിവയ്ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു എന്ന് മാത്രം. ഫ്രഞ്ച് വിപ്ലവത്തില്‍ അത് ഫ്യൂഡലിസത്തില്‍ നിന്നുള്ള വിമോചനമായിരുന്നുവെങ്കില്‍ ഫെമിനിസ്റ്റ് വീക്ഷണത്തില്‍ ലിബറേഷന്‍ പുരുഷാധിപത്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലിബറേഷന് നിലനില്‍ക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, ലൈംഗിക വ്യവസ്ഥകളില്‍നിന്നുള്ള മോചനമായും അര്‍ഥം കല്പിക്കപ്പെടുന്നു.

ഫ്രീഡം, ലിബറേഷന്‍ എന്നീ പദങ്ങളെ കാലം, സാഹചര്യം, വിശ്വാസം എന്നിവ മുന്‍നിര്‍ത്തി പുനര്‍നിര്‍വചിക്കുന്ന നോവലുകളാണ് ഫ്രാന്‍സിസ് ഇട്ടിക്കോര, അതിന്റെ തുടര്‍ച്ചയായ കോരപ്പാപ്പനു സ്തുതിയായിരിക്കട്ടെ എന്നിവ. ഈ നോവലുകള്‍ മുന്നോട്ടുവെക്കുന്ന നന്മതിന്മകള്‍, സദാചാരം, സ്വാതന്ത്ര്യം എന്നിവയോടുള്ള പുത്തന്‍സമീപനങ്ങളുടെ രാഷ്ട്രീയം ഈയിടെ പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലുകളില്‍ തെളിയുന്ന എലീറ്റ് ലോകത്തിന്റെ തനിനിറങ്ങളുടെ ചിത്രങ്ങളുമായി എത്രത്തോളം സമ്മേളിച്ചു നില്‍ക്കുന്നു എന്ന അന്വേഷണമാണ് ഈ ലേഖനം നടത്തുന്നത്.

പ്രവിശാലമായ ഈ ലോകം നിയന്ത്രിക്കുന്നത് ഒരാളാണ് / ഒരു ചെറിയ സംഘമാണ് എന്ന ആശയം പല പല ഗൂഢാലോചനാസിദ്ധാന്തങ്ങളിലൂടെ കാലങ്ങളായി വേരൂന്നിയിട്ടുണ്ട്. ഇലൂമിനാറ്റി എന്ന രഹസ്യസംഘത്തെ ആസ്പദമാക്കി തന്നെ നൂറുകണക്കിന് ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ഈ ലോകം വെറുതെ അങ്ങ് നടന്നുപോവുകയല്ല. ഒന്നും അങ്ങനെ യാദൃച്ഛികമായി സംഭവിക്കുന്നതല്ല. മറിച്ച്, എല്ലാത്തിനും പിന്നില്‍ നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ട തീരുമാനങ്ങളുണ്ട്. അജ്ഞതയുള്ളവര്‍ അവയെ വിധിയെന്ന് സങ്കല്‍പ്പിക്കുന്നു. അറിവ് കൊണ്ട് സമ്പന്നരായവര്‍ അധികാരം കൊണ്ട് നിയന്ത്രിക്കുന്ന ഇടമാണ് ഇന്നത്തെയും എന്നത്തേയും ലോകം. ഇട്ടിക്കോര നോവലുകളില്‍ പ്രതിപാദിക്കുന്ന രഹസ്യ ഹൈപ്പേഷ്യന്‍ സ്‌കൂളുകളും പതിനെട്ടാംകൂറ്റുകാരുടെ രഹസ്യജീവിതവും അറിവിനെ അധികാരത്തിന് വളമായി ഉപയോഗിക്കുന്ന രീതിശാസ്ത്രത്തെ പിന്‍പറ്റുന്നു.


Related Articles