പാബ്ലോ നെരൂദ ചരിത്രത്തിൽ അത്രയേറെ മുഴുകിയും ഇടപെട്ടും പക്ഷം പിടിച്ചും ജീവിച്ചതിനാൽ, അദ്ദേഹത്തെപ്പോലെ വാഴ്ത്തപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്ത മറ്റൊരു ആധുനിക വിശ്വകവി ഇല്ല. ഉദാഹരണത്തിന്, ഗബ്രിയേൽ ഗാർസിയ മാർകേസിനു നെരൂദ "ഇരുപതാം നൂറ്റാണ്ടിലെ മഹാനായ കവി-ഏതു ഭാഷയിലെയും,'' ആണെങ്കിൽ, വിഖ്യാത സ്പാനിഷ് കവിയും മറ്റൊരു നൊബേൽ ജേതാവുമായ ഹുവാൻ റാമോൺ ഹിമെനെസിനു "മഹാനായ മോശം കവിയാണ്.'' നെരൂദ തന്നെയും തന്റെ പ്രിയരെയും പ്രതിയോഗികളെയും ആത്മകഥയിൽ മറയില്ലാതെ അവതരിപ്പിക്കുന്നുണ്ട്. നെരൂദയുടെ വിയോഗത്തിന് അമ്പതാണ്ടു പിന്നിട്ടിട്ടും അദ്ദേഹം ഇപ്പോഴും വിവാദങ്ങളുടെ കേന്ദ്രബിന്ദുവാണ്. കുടുംബജീവിതം, സ്ത്രീകളോടുള്ള സമീപനം തൊട്ട് സ്റ്റാലിൻ പ്രകീർത്തനം വരെ ഇപ്പോഴും അലയടിക്കുന്ന വിവാദങ്ങൾ, മരണം പോലും വിവാദമുക്തമല്ല.
ജർമ്മൻ കവിയും ചിന്തകനും വിവർത്തകനുമായ ഹാൻസ് മാഗ്നുസ് എൻസെൻസ്‌ബെർഗർ (1929-2022) ചരിത്രത്തിൽ തീവ്രമായി ഇടപെട്ട എഴുത്തുകാരനാണ്. 1963 മുതൽ 1970 വരെയുള്ള കലങ്ങിമറിഞ്ഞ ദശാബ്ദത്തിൽ ഇടതുപക്ഷത്തോട് അനുഭാവം പുലർത്തിയ എഴുത്തുകാരന്റെ റ്റിയുമൾട്ട് (വിവർത്തനം: മൈക്ക് മിച്ചെൽ, സീഗൾ, 2016) എന്ന സ്മരണകളുടെ സഞ്ചയത്തിൽ, പാബ്ലോ നെരൂദ കടന്നുവരുന്ന രണ്ടു മുഹൂർത്തങ്ങളാണ് ഈ വിവർത്തനത്തിൽ. ജർമ്മൻ കവിയുടെ കാഴ്ചയിൽ നെരൂദ വിപ്ലവവിഗ്രഹമല്ല; കേശാദിപാദം കവിയാണുതാനും.
