കലമറുപ്പ്: ഒന്നാം അദ്ധ്യായം

World of Letters

കലമറുപ്പ്: ഒന്നാം അദ്ധ്യായം


ഒന്ന്

നന്തമായ ഒരുറക്കത്തിൽനിന്നും വിരിഞ്ഞുണർന്നപോലെ ചുറ്റുപാടും നോക്കി. ഓലമേഞ്ഞ ഒരു സത്രമാണിത്. മൂന്നു കിളിവാതിലുകളിൽ രണ്ടെണ്ണത്തിലൂടെ പുറത്തെ ദൃശ്യങ്ങൾ കാണാം. തീർത്തും അപരിചിതമായ കാഴ്ചയാണു ചുറ്റും. മറ്റൊരു നൂറ്റാണ്ടിൽ വേറൊരു ലോകത്തെത്തിയ പ്രതീതി. അതുറപ്പിക്കാൻ ഒന്നുകൂടെ കണ്ണുകൾ വിടർത്തി പരിസരം വീക്ഷിച്ചു. അതെ, കാണുന്നതൊന്നും മുന്നേ കണ്ടിട്ടേയില്ല. എന്താണു സംഭവിച്ചതെന്നു ചോദിച്ചറിയാൻ പരിചിതമായൊരു മുഖംപോലുമില്ല. അത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. പക്ഷേ, ഒന്നുറപ്പാണ്. ഇതൊരു പുതിയ നഗരമല്ല. മറിച്ച്, പുരാതനകാലത്തെ ഏതോ പർണ്ണശാല നിലകൊള്ളുന്ന നഗരമധ്യമാണ്. ഇവിടെയുള്ളവരുടെ വേഷവിധാനങ്ങളും സംസാരഭാഷയും ഒഴുകിയെത്തുന്ന ശംഖനാദങ്ങളും അതാണു സൂചിപ്പിക്കുന്നത്. കഴിഞ്ഞ രാത്രിവരെ ഏറ്റവും പുതിയകാലത്തായിരുന്നു ജീവിച്ചത്. പിന്നെയെങ്ങനെ ഇവിടേക്കെത്തി? സംശയങ്ങൾ പിടിമുറുക്കുന്നു. ഇനിയിതൊരു സ്വപ്നമാണോയെന്നറിയാൻ ഞാൻ മേലാകെ തൊട്ടുഴിഞ്ഞു നോക്കി സ്വയം പരിശോധിച്ചു.
കുപ്പായക്കീശയിൽനിന്നും മൊബൈൽ ഫോണെടുത്ത് ഒരു സെൽഫി പകർത്തി, സ്വപ്നമല്ലെന്നുറപ്പിച്ചു. ഇപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ഞാൻ മാത്രമാണ് ജീൻസും ഷർട്ടും ധരിച്ചിട്ടുള്ളത്. മാത്രമല്ല, എനിക്കു മാത്രമേ ഇവിടെ കണ്ണടയുളളു! എന്താണു സംഭവിച്ചതെന്നറിയാൻ ഫോണെടുത്തു. സുഹൃത്തിനെ, ആൽഫിയയെ വിളിച്ചുനോക്കി. നെറ്റ്‌വർക്കില്ല. റേഞ്ചില്ലായ്മയായിരിക്കുമെന്നു കരുതി പുറത്തേക്കിറങ്ങി. എവിടേക്കു ചെല്ലണമെന്നോ ആരോടു ചോദിക്കണമെന്നോ യാതൊരു നിശ്ചയവുമില്ലാതെ നടക്കുകയാണ്. കാണുന്നവരെല്ലാം എന്നെ ഏതോ അത്ഭുതജീവിയെപ്പോാലെ നോക്കുന്നതു കണ്ടിട്ട് എന്തോ പന്തികേട് മണക്കുന്നുണ്ട്. എന്നിട്ടും റേഞ്ച് കിട്ടുന്ന ഒരു സ്ഥലം അന്വേഷിക്കുകയാണ്. അതിനിടയിലാണ് ഇവിടെയുള്ള കെട്ടിടങ്ങൾ ശ്രദ്ധിച്ചത്. മിക്കവയും ചെറിയ ഓലപ്പുരകളാണ്. നടന്ന് വടക്കുഭാഗത്തെത്തിയപ്പോൾ മാത്രമാണ് സാമാന്യം വലിപ്പമുള്ള കെട്ടിടം കണ്ടത്. എട്ടുകെട്ടാണെന്നാണ് ആദ്യം തോന്നിയത്. അടുത്തേക്ക് ചെന്നപ്പോൾ അവിടെ വാളുമായി നിൽക്കുന്ന ദ്വാരപാലകർ തടഞ്ഞു. ഒറ്റമുണ്ട് മാത്രമുടുത്ത അവർ കൃശഗാത്രരാണ്.
അവരോട് എതിർക്കാനോ തർക്കിക്കാനോ നിൽക്കാതെ വീണ്ടും നടന്നു. കുതിരപ്പുറത്ത് പോകുന്ന പടയാളികൾ എന്നെ സാകൂതം നോക്കി. അവരെന്തോ പരസ്പരം സംസാരിക്കുന്നുണ്ട്. നടപ്പിനിടയിൽ കൈയിലുള്ള മൊബൈൽ ഫോണുകൊണ്ട് ഇവിടെ ഒരു ഉപകാരവുമില്ലെന്നു തിരിച്ചറിഞ്ഞു. ദാഹവും വിശപ്പും കീഴടക്കാൻ തുടങ്ങിയിട്ടുണ്ട്. വെയിലിന്റെ ചൂട് കൂടിയപ്പോൾ സത്രത്തിലേക്ക് തിരികെ നടന്നു. രണ്ടു മൂന്നു പേർ ഇവിടെയും എന്നെ സൂക്ഷിച്ചുനോക്കി. അവരാരും എന്നോടൊന്നും ചോദിക്കുന്നില്ല. അതാണ് എന്നെയിപ്പോൾ കുഴപ്പിക്കുന്നത്. മാത്രമല്ല, അവർ ആരുടെയോ നിയന്ത്രണത്തിലും നിർദ്ദേശത്തിലുമാണ് പ്രവർത്തിക്കുന്നതെന്ന് തോന്നുന്നു. മുറിക്കുള്ളിലെ മൺകൂജയിൽനിന്നു വെള്ളമെടുത്തു കുടിച്ചപ്പോൾ ദാഹമടങ്ങി. തെളിഞ്ഞ, തണുത്ത വെള്ളം തൊണ്ടക്കുഴിയിലൂടെ ഇറങ്ങിയപ്പോൾ ഇതുവരെ അനുഭവിക്കാത്തൊരു രുചിയറിഞ്ഞു. വീണ്ടും വീണ്ടും കുടിച്ചു. അത്രയും രുചിയുള്ള ജലമായിരുന്നു അത്. ദാഹം മാറിയപ്പോൾ നിലത്തിരുന്നു. കളിമണ്ണ് മെഴുകിയ അല്പം ഉയരത്തിലുള്ള ഇരിപ്പിടത്തിലിരുന്ന് സത്രത്തിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ചെങ്കിലും ഫോണിലെ ചാർജ് കഴിഞ്ഞിരിക്കുന്നു. ഇവിടെ എവിടെയും വൈദ്യുതിയില്ലെന്ന് നടപ്പിനിടയിൽ മനസ്സിലായതാണ്. അങ്ങനെയൊരു സംവിധാനത്തെക്കുറിച്ച് ഇവിടുത്തുകാർക്ക് അറിവും ബോധ്യവുമില്ല.
ഇനി എന്തുചെയ്യുമെന്നതിൽ ഒരെത്തും പിടിയും കിട്ടുന്നില്ല. ഇരുന്നിരുന്ന് ഇടുപ്പു കഴയ്ക്കുന്നു. ആരോ വലിച്ചെടുത്തപോലെ മൺതട്ടിലേക്ക് കിടന്നു. കണ്ണടച്ച്, കഴിഞ്ഞ ദിവസങ്ങളെക്കുറിച്ച് ആലോചിക്കാൻ ശ്രമിച്ചു. പുറത്ത് ആരുടെയെല്ലാമോ സംസാരങ്ങളും കാൽപ്പെരുമാറ്റങ്ങളും കേൾക്കാനാവുന്നുണ്ട്. മലയാളം പോലെയുള്ള ഒരു ഭാഷയിലാണ് അവർ സംസാരിക്കുന്നത്. എന്നാൽ കൃത്യമായതു മനസ്സിലാക്കാനും സാധിക്കുന്നില്ല. എനിക്കത്ര പരിചിതമല്ലാത്ത പുരാതന ഭാഷയാണ് അതെന്നു തോന്നുന്നു. ഇനിയത് എന്റെമാത്രം തോന്നലാണോ എന്നുമറിയില്ല.
ടൈം ട്രാവൽ അടിസ്ഥാനമാക്കി പുതിയൊരു നോവൽ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട്. പലരെയും അതിനായി ചെന്നുകണ്ടതാണ്. കഴിഞ്ഞ രാത്രി, അതായത് 2023 മെയ് 28–ന് കൊച്ചിയിലെ ആൽഫിയയുടെ ഫ്ലാറ്റിൽ വന്നുകയറുമ്പോൾ സമയം എട്ടര കഴിഞ്ഞിരുന്നു. മുൻകൂട്ടി പറഞ്ഞതുകൊണ്ട് അവൾ എന്നെയും കാത്തിരുന്നതാണ്. സത്യത്തിൽ ഏഴു മണിയോടെ എത്തേണ്ടതാണ്. റോഡുപണി നടക്കുന്നതു കാരണം പലയിടത്തും ബ്ലോക്കിൽ കുടുങ്ങി. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ഇറങ്ങി പതിവുപോലെ ഓട്ടോ വിളിച്ച് ഫ്ലാറ്റിലേക്ക് ചെന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ച്, കുറച്ചു നേരം അവളോട് സംസാരിച്ചാണ് കിടപ്പുമുറിയിലേക്ക് പോയത്. സാധാരണ പുലരുവോളം സംസാരിച്ചാലും ആൽഫിയ വിശേഷങ്ങൾ പറഞ്ഞുതീരാറില്ലായിരുന്നു. കേട്ട് എനിക്കും മതിയാവില്ല. രാവിലെ എഴുന്നേറ്റ് മഹാരാജാസ് കോളേജിനടുത്ത് താമസിക്കുന്ന ആന്ത്രപ്പോളജിസ്റ്റ് പിള്ളസാറിനെ കാണാൻ പോവാനുള്ളതുകൊണ്ട് നേരത്തേ കിടന്നതാണ്. കിടക്കുന്നതിനുമുമ്പ് നെയ്യാറ്റിൻകരയിലുള്ള സുഹൃത്ത് ഷൈനിയെ വിളിച്ചു. അവളാണ് ടൈംട്രാവൽ സബ്ജക്ടിൽ നോവൽ എഴുതാനുള്ള ഐഡിയ ആദ്യം പറയുന്നത്. ആദ്യമാദ്യം മടിച്ചതാണ്. എന്നിട്ടും അവൾ വിടാതെ പിന്തുടർന്നപ്പോൾ എഴുതാനുള്ള തോന്നലുണ്ടായി. അതിനായുള്ള ഗവേഷണത്തിന് സഹായകരമാവുന്ന ആളുകളെ പരിചയപ്പെടുത്തിയതും പുസ്തകങ്ങൾ വാങ്ങി അയച്ചതും ഷൈനിതന്നെയാണ്.
അക്കൂട്ടത്തിലൊരാളാണ് വിനായകൻ പിള്ളയെന്ന പിള്ള സാറ്. യുനെസ്കോയുടെ ആന്ത്രപ്പോളജിസ്റ്റ് സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി. വർഷങ്ങൾക്കു മുമ്പേതന്നെ അവസരങ്ങൾ ലഭിച്ചതാണ്. അദ്ദേഹത്തിന്റെ വല്യച്ഛൻ പത്മനാഭൻപിള്ളയുടെ നിർബന്ധം കാരണം പുറത്തേക്ക് പോയില്ല. വിദേശത്ത് ജോലിചെയ്യുന്നതിലായിരുന്നു സാറിന് താത്പര്യം. പലവട്ടം അതു വല്യച്ഛനോട് സൂചിപ്പിച്ചതുമാണ്. അന്നൊന്നും അങ്ങേരത് സമ്മതിച്ചില്ല. അഞ്ചു വർഷം മുമ്പ് മരിക്കുന്നതുവരെ ആയ്‌രാജാക്കന്മാരുടെ പരമ്പരയാണ് താനെന്ന് വല്യച്ഛൻ പറയാറുണ്ടെന്ന് സാറ് ഓർത്തെടുത്തപ്പോൾ എനിക്കും കൗതുകമായിരുന്നു. ഇച്ചിരി വട്ടുള്ള വല്യച്ഛന്റെ ഗർവ് പറച്ചിലായിട്ടാണ് അന്നൊക്കെ സാറിനത് തോന്നിയത്. പക്ഷേ, കുറച്ചുകാലമായി അതു വെറുതെയല്ലെന്നു കണ്ടെത്താൻ സാറിന് കഴിഞ്ഞിട്ടുണ്ട്. അഞ്ചു വർഷമായി ലോകത്തുള്ള പല പുരാതനനിർമ്മിതികളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും പഠിക്കുന്നു. അതിനെക്കുറിച്ച് മൂന്നോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുമുണ്ട്.
“ഹരീഷേ, ഇക്കണ്ട നാടും കാടും അലഞ്ഞിട്ടും സ്വന്തം വേര് കണ്ടെത്താനറിയാത്ത ഞാനൊരു പരാജയമാണ്. എന്തിന്, സ്വന്തം സ്വത്വംപോലും അറിയില്ലെന്നുവെച്ചാൽ അതൊരു നാണക്കേടാണ്.  ഇറെസ്പോൺസിബിലിറ്റി എബൗട്ട് ഔർ ഹിസ്റ്ററി.” ഇങ്ങനെയാണ് സാർ അതിനെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.
ഇതൊക്കെ പലതവണ ഞങ്ങൾ ഫോണിൽ സംസാരിച്ചതാണ്. അങ്ങനെയൊരു ഫോൺകോളിന് ഇടയിലാണ് രണ്ടായിരത്തി മുന്നൂറിലേക്ക് ടൈംട്രാവൽ ചെയ്യുന്ന രീതിയിൽ പ്ലാൻ ചെയ്തിരുന്ന നോവലിന്റെ പ്ലോട്ട് എ ഡിയുടെ തുടക്കകാലത്തിലേക്ക് മാറ്റാൻ പ്രേരിപ്പിച്ചത്. ചരിത്രത്തോടുള്ള എന്റെ സ്വകാര്യമായ താത്പര്യവും അതിനൊരു കാരണമാണ്. അതിനെക്കുറിച്ച് വിശദമായി സംസാരിക്കാമെന്നും തന്റെ കൈയിലുള്ള പഴയ ചെപ്പേടുകളും രേഖകളും പരിശോധിക്കാൻ തരാമെന്നും പിള്ളസാറ് പറഞ്ഞതനുസരിച്ചാണ് കൊച്ചിയിലേക്ക് വന്നത്. മൂന്നു വർഷം മുമ്പാണ് പരിചയപ്പെട്ടതെങ്കിലും അന്നുമുതൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായി ആൽഫി മാറിയിരുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും നേർത്ത അതിരിൽ നിൽക്കുന്നവർ എന്നാണ് അവൾ ഞങ്ങളുടെ ബന്ധത്തെ ഡിഫൈൻ ചെയ്യുന്നത്. രാത്രി അവിടെ കിടന്ന ഞാൻ എങ്ങനെ ഇവിടെ എത്തിയെന്നുമാത്രം മനസ്സിലാവുന്നില്ല. കഴിഞ്ഞുപോയ ദിവസങ്ങൾ ഓരോന്നായി മനസ്സിലേക്ക് തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നു. അജ്ഞാതമായ പുതിയ ലോകത്തിന്റെ പരിസ്ഥിതികളിലേക്ക് കലരാനും കഴിയുന്നില്ല. ആകെയൊരു നിസ്സംഗത പിടികൂടിയിരിക്കുന്നു.
പുറത്തെ ബഹളങ്ങൾ ഒന്നടങ്ങിയിട്ടുണ്ട്. അവരിപ്പോൾ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്. അതെന്താണെന്നു കേൾക്കാൻ ചെവി വട്ടംപിടിച്ചു. ആരോ വരുന്നതിനെക്കുറിച്ചാണ് അവർ പറയുന്നത്. ആ വരുന്ന ആൾ പ്രധാനപ്പെട്ട ഒരാളാണെന്ന് അവരുടെ സംസാരങ്ങളിൽനിന്നും ആംഗ്യങ്ങളിൽനിന്നും തോന്നുന്നു. മാത്രമല്ല, അവർ ആയുധങ്ങൾ എടുത്തണിയുന്നുണ്ട്. യുദ്ധത്തിനോ ആക്രമണത്തിനോ ഉള്ള പുറപ്പാടിന്റെ സൂചനയാണത്. അവരുടെ ഭാഷ എനിക്കത്ര വ്യക്തമല്ല. അതുകൊണ്ട് ഞാൻ കരുതുന്നതു തന്നെയാണോ അവരുടെ സംസാരമെന്ന് ഉറപ്പില്ല. അതൊന്നുകൂടെ ശ്രദ്ധിച്ചു കേട്ടു. Yes... . പിള്ളസാറുമായുള്ള ഫോൺകോളുകൾക്കിടയിൽ സാറ് പലപ്പോഴും സൂചിപ്പിച്ചിരുന്ന പഴയ ഭാഷയാണത്. അത് കുറച്ചൊക്കെ സാറ് വാട്സാപ്പിലൂടെ എന്നെ പഠിപ്പിച്ചിട്ടുണ്ട്.
മറ്റൊരു കാര്യം ഓർമ്മയിലേക്ക് വന്നതും ഇപ്പോഴാണ്. അതായത്, നാട്ടിൽനിന്നും പുറപ്പെട്ട ദിവസം രാവിലെ കൊറിയർ ഓഫീസിൽനിന്നും വിളിച്ചിരുന്നു. പുതിയ വാടകവീട്ടിലേക്ക് മാറുന്നതിന്റെ തിരക്കിൽ നിൽക്കുകയായിരുന്നു ആ നേരത്ത്. കുറച്ചുനാളുകളായി ശല്യം ചെയ്യുന്ന ചെവിവേദനയുടെ അസഹ്യതയിൽ ഞാനത് മറന്നതാണ്. ചെറുപ്പകാലത്ത്, അതായത് പത്തൊമ്പത് വയസു മുതൽ രണ്ട് വർഷം കളരി പഠിക്കാൻ പോയിരുന്നു. കൂട്ടുകാരെല്ലാം പോവുന്നതുകണ്ടാണ് വീടിനു തൊട്ടടുത്തുള്ള ഒരു ആശാന്റെ കളരിയിൽ ചേർന്നത്. ഒരു ദിവസം പരിശീലനത്തിനിടെ കൂടെയുള്ളൊരുത്തന്റെ ടൈമിങ് തെറ്റി. അവന്റെ ഇടത്തെ കാലുകൊണ്ടുള്ള പ്രഹരം ചെവിയുടെ പിന്നിലേറ്റു. കുറേ നേരത്തേക്ക് ചെവിക്കുള്ളിൽ ഒരു മൂളലായിരുന്നു. അന്നു തുടങ്ങിയ വേദന ഇപ്പോഴും വിട്ടുപോയിട്ടില്ല. അന്നത്തെ പ്രഹരത്തിൽ ബാലൻസിങ് പ്രശ്നവും വന്നെന്നാണ് ഡോക്ടറുടെ അഭിപ്രായം.
ഞാനതത്ര കാര്യമാക്കുന്നില്ലെന്നേയുള്ളൂ. വേദന വന്നാൽ സ്ഥിരം കഴിക്കുന്നൊരു പിൽസ് കഴിക്കാറാണ് പതിവ്. പതിനൊന്നു മണിയോടെ സാറ് വിളിച്ച് കൊച്ചിയിലേക്ക് എത്താൻ കഴിയുമോയെന്നു ചോദിച്ചപ്പോഴാണ് കൊറിയറിന്റെ കാര്യവും ഓർത്തത്. ബാഗ് പാക്ക് ചെയ്ത്, വേദനയ്ക്കുള്ള ഒരു പിൽസ് കഴിച്ച് വീട്ടിൽനിന്നും ഇറങ്ങി, നേരേ ചെന്നത് കൊറിയർ ഓഫീസിലേക്കാണ്. അതു വാങ്ങി ബാഗിൽ വെച്ചു.
ആരാണ് അയച്ചതെന്നുപോലും നോക്കിയില്ല. വേഗം ബസ്‌സ്റ്റാന്റിലേക്ക് നടന്നു. അവിടെനിന്നും നേരേ കോഴിക്കോടേക്കുള്ള ബസിൽ കയറി, മാവൂർറോഡിൽ ഇറങ്ങി. ഒരു കുപ്പി വെള്ളവും വാങ്ങി കെ.എസ്.ആർ.ടി.സി. സ്റ്റാന്റിലേക്ക് നടന്നു. അവിടെനിന്നും തിരുവനന്തപുരം ഫാസ്റ്റിൽ കയറി. പതിവുപോലെ സൈഡ്സീറ്റ് തപ്പിപ്പിടിച്ചു.
ആ ഇരുപ്പിൽ ബാഗിലെ കൊറിയർപൊതി എടുത്തുനോക്കാൻ തുടങ്ങി. അപ്പോഴാണ് തൊട്ടടുത്ത് ഒരാൾ വന്ന് ഇരുന്നത്. പരിചിതമായ ചിരിയോടെ അയാൾ ഇടിച്ചുകയറി സംസാരിച്ചുതുടങ്ങി. ആദ്യമതൊരു ബുദ്ധിമുട്ടായി തോന്നിയതാണ്. പോകപ്പോകെ അയാളുടെ സംസാരത്തിൽ രസം കയറിത്തുടങ്ങി. കരമനക്കാരനാണെന്നും ആർക്കിയോളജിക്കൽ വകുപ്പിൽ ക്ലാർക്കാണെന്നും സ്വയം പരിചയപ്പെടുത്തി. അതിനിടയിൽ എപ്പോഴോ അയാൾ പേര് പറഞ്ഞിരുന്നു. ഇപ്പോൾ എത്ര ശ്രമിച്ചിട്ടും അത് എന്തായിരുന്നുവെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. പ്രത്യേകിച്ചൊരു കാര്യവുമില്ലാതെ പശുങ്കുളക്കാരാണ് തന്റെ പ്രപിതാക്കൾ എന്ന് പറഞ്ഞിരുന്നു. ഞാനതു കേട്ട് ചിരിച്ചേയുള്ളു. കൊച്ചിയിൽ എത്തുംവരെ അയാൾ പിന്നെയും പലതും പറഞ്ഞുകൊണ്ടിരുന്നു. അതു കാരണം കൊറിയർ ഒന്നു തുറന്നുനോക്കാൻപോലും സമയം കിട്ടിയില്ല.
കിടക്കുന്നതിനു മുന്നേ ബാഗിൽനിന്നും ഞാനത് പുറത്തേക്ക് എടുത്തുവെച്ചതാണ്. പുസ്തകമെന്നു പറയാൻ കഴിയില്ല. വൃത്തിയായി കെട്ടിവെച്ച കുറച്ച് താളിയോലകളായിരുന്നു അത്. ഒന്നമർത്തി തൊട്ടാൽ പൊടിഞ്ഞുപോവുന്നത്രയും പഴക്കമുള്ളത്. അതു തുറന്നതുമാണ്. അതിനകത്ത് എന്തായിരുന്നെന്നോ എനിക്ക് എന്താണ് സംഭവിച്ചതെന്നോ ഇപ്പോൾ ഓർമ്മിക്കാനേ കഴിയുന്നില്ല. ഈ സത്രത്തിലേക്ക് എങ്ങനെയാണ് ഞാൻ എത്തിയതെന്നു കണ്ടുപിടിക്കാൻ ഇവിടെയുള്ള ആരുടെയെങ്കിലും സഹായം വേണ്ടിവരും. 


Related Articles