2005 ജനുവരി മാസത്തിൽ ചെന്നൈ ബുക്ഫെയറിൽവെച്ചാണ് ഞാൻ യാദൃച്ഛികമായി ശ്രീലങ്കൻ തമിഴ് എഴുത്തുകാരനായ ഷോഭാശക്തിയെന്ന ആന്റണി ദാസൻ യേശുദാസനെ പരിചയപ്പെടുന്നത്. പിന്നീട് ആന്റണി കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ നേടിയ ദീപൻ എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ലോകപ്രശസ്തനായി മാറിയെങ്കിലും അന്നൊരു എഴുത്തുകാരൻമാത്രമായിരുന്നു. ഷോഭാശക്തിയുടെ "ഗോറില്ല" എന്ന ആദ്യത്തെ നോവലും ചില ചെറുകഥകളും ഞാൻ മുമ്പേ വായിച്ചിരുന്നു. ആഭ്യന്തരയുദ്ധത്തിൽ തകർന്നുപോയ തമിഴ് ഈഴത്തിലെ മനുഷ്യരുടെ ജീവിതത്തെ സൂക്ഷ്മമായി ആവിഷ്കരിക്കുന്ന പ്രമേയങ്ങളും കഥപറച്ചിലിലെ വളരെ വ്യത്യസ്തമായ ശൈലിയും കാരണം എനിക്ക് ഷോഭയുടെ എഴുത്ത് വളരെ ഇഷ്ടമായി. എന്നെങ്കിലുമൊരിക്കൽ ഈ എഴുത്തുകാരനെ നേരിട്ട് കാണണമെന്ന് ഞാനാഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷേ, പാരീസിൽ അഭയാർത്ഥിയായി ജീവിക്കുന്ന ഷോഭാശക്തിയെ നേരിട്ട് കാണാൻ അവസരം കിട്ടിയിരുന്നില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള, സാഹിത്യത്തെ ഗൗരവമായി സമീപിക്കുന്ന തമിഴ് എഴുത്തുകാരും വായനക്കാരും ചെന്നൈ സന്ദർശിക്കാൻ തിരഞ്ഞെടുക്കുന്നത് പൊങ്കലിനോട് അനുബന്ധിച്ച് നടക്കുന്ന ബുക്ഫെയർ കാലമാണ്. ഡിസംബറിൽ സംഗീതവും ജനുവരിയിൽ സാഹിത്യവും ചെന്നൈനഗരത്തിലെ സാംസ്കാരികജീവിതത്തെ ഇളക്കിമറിക്കുമെന്നാണ് പറയുക. ആ സമയത്ത് ധാരാളം പുസ്തകങ്ങൾ പ്രകാശനംചെയ്യപ്പെടുകയും പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയും ചെയ്യും. തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിനും അത് സംബന്ധമായ ചർച്ചകൾക്കുമാണ് പാരീസിൽനിന്ന് ഷോഭാശക്തിയും ചെന്നൈയിലെത്തിയിരുന്നത്.
ഞാൻ അക്കാലത്ത് ചെന്നൈയിലെ സതേൺ റെയിൽവേ ഹെഡ്ക്വാർട്ടേഴ്സ് ഓഫീസിലാണ് ജോലിചെയ്തിരുന്നത്. "ആൽഫ" എന്ന ആദ്യനോവൽമാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. "ഫ്രാൻസിസ് ഇട്ടിക്കോര" എഴുതാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തമിഴിലെ എഴുത്തുകാരെയും മറ്റ് സാംസ്കാരികമേഖലകളിൽ പ്രവർത്തിക്കുന്നവരെയും മലയാള പ്രസിദ്ധീകരണങ്ങൾക്കായി ഇന്റർവ്യൂ ചെയ്യാറുമുണ്ട്. അതിന്റെ ഭാഗമായി തമിഴിൽനിന്ന് ചില സാഹിത്യരചനകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യുന്നതും ഇക്കാലത്താണ്. സ്വാഭാവികമായും ഈ പ്രവർത്തനങ്ങൾകാരണം തമിഴ് എഴുത്തുകാർക്കിടയിൽ എനിക്ക് കുറെ സുഹൃത്തുക്കളുണ്ടായി. അവരുടെയൊരു സൗഹൃദക്കൂട്ടായ്മയിൽവെച്ചൊരു സന്ധ്യയ്ക്കാണ് ഞാൻ ഷോഭാശക്തിയെ കാണുന്നത്.
