ഇന്ത്യയിലെത്തിയ ആദ്യ നൊബേൽ, നമ്മുടെ ജന​ഗണമന; ഓർമ്മകളിൽ ടാ​ഗോർ

World of Letters

ഇന്ത്യയിലെത്തിയ ആദ്യ നൊബേൽ, നമ്മുടെ ജന​ഗണമന; ഓർമ്മകളിൽ ടാ​ഗോർ


ലോകപ്രശസ്ത കവിയും ഇന്ത്യൻ സാഹിത്യകാരനും തത്ത്വചിന്തകനുമായ രബീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷിക ദിനമാണിന്ന് (മേയ് 7). നൊബേൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ് അദ്ദേ​ഹം. ഗായകൻ, നടൻ, നാടകകൃത്ത്, നോവലിസ്റ്റ്, ചിത്രകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ടാ​ഗോർ എട്ടാമത്തെ വയസ്സിലാണ് തന്റെ ആദ്യ കവിതയെഴുതുന്നത്. പതിനാറാമത്തെ വയസ്സിൽ 'ഭാനുസിംഹൻ' എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877-ൽ ചെറുകഥകളും നാടകങ്ങളും രചിച്ചുതുടങ്ങി.

അന്ന് ഇന്ത്യയിൽ നിലനിന്നിരുന്ന ബ്രിട്ടീഷ്‌ നിയമങ്ങൾക്കിണങ്ങും വിധമായിരുന്നില്ല ടാ​ഗോറിന്റെ ജീവിതം. പ്രായോഗികവാദിയായിരുന്ന അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും പൂർണ്ണമായി പിന്തുണച്ചിരുന്നു. ബ്രിട്ടീഷ് സർക്കാർ നൽകിയ ‘സർ’ സ്ഥാനം ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് അദ്ദേഹം തിരിച്ചു നൽകി.

സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ തനിക്ക് സ്വതസിദ്ധമായിക്കിട്ടിയ കലയിലൂടെ പോരാടാനാണ് ടാ​ഗോർ ശ്രമിച്ചത്. 1930കളിൽ ഇന്ത്യക്കാരിലെ അസാധാരണമായ ജാതി ബോധവും തൊട്ടുകൂടായ്മയും ടാഗോറിനെ ചെറുതായല്ല അസ്വസ്ഥനാക്കിയത്. അതിനെതിരായി അദ്ദേഹം പ്രഭാഷണ പരമ്പരകളും, ദളിതർ മുഖ്യ കഥാപാത്രങ്ങളായി വരുന്ന നാടകങ്ങളും കവിതകളും രചിച്ചു. ജാതിവ്യവസ്ഥ തീവ്രമായിരുന്ന കേരളത്തിലെ ഗുരുവായൂർ കൃഷ്ണ ക്ഷേത്രത്തിൽ ദളിതരെ പ്രവേശിപ്പിക്കണമെന്ന് അധികാരികളോട്‌ ടാഗോർ ആവശ്യപ്പെട്ടു.


Related Articles