‘വൈരിക്കുമുപകാരത്തെ
വരുത്തീടുന്നു സജ്ജനം
തരുക്കൾതണലേകുന്ന–
തില്ലേ വെട്ടുന്ന മർത്ത്യനും–’
ഞാൻ പരിചയപ്പെട്ട, ഞാനറിയുന്ന ഡി സി കിഴക്കെമുറി ഇത്തരത്തിലുള്ള ഒരു "സജ്ജനം'' ആയിരുന്നു. തന്നെ വെട്ടിക്കൊല്ലുന്ന മനുഷ്യനും തണൽ നല്കുന്ന ഒരുത്തമവൃക്ഷം.
ഡി സിയുടെ ജീവിതകാലത്ത് ഞാൻ കോട്ടയത്ത് ചെന്നാലൊക്കെ ഒരു നേരത്തെ ഭക്ഷണം അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽവെച്ചായിരുന്നു. ഒരിക്കൽ ടൗണിൽനിന്ന് വീട്ടിലേക്കു പോകുമ്പോൾ കാറിൽ എന്നെക്കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയുമുണ്ടായിരുന്നു. പകുതി ദൂരമെത്തിയപ്പോൾ അദ്ദേഹം വണ്ടി നിർത്തി ഭാര്യയോട് പറഞ്ഞു:
‘ഒരത്യാവശ്യകാര്യത്തിന് എനിക്കൊരിടംവരെ പോകാനുണ്ട്. അതുകൊണ്ട് പത്മനാഭനെ സത്കരിക്കാനുള്ള ഇന്നത്തെ ചുമതല തനിക്കാണ്.’
