ലോകം ഞെട്ടലോടെയാണ് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ കേൾക്കുന്നത്. സമ്പത്തിന്റയും അധികാരത്തിന്റെയും ചൂഷണത്തിന്റയുമൊക്കെ ഇത്തരം കഥകള്‍ മലയാളം വായനക്കാര്‍ക്ക് മുന്‍പേ പരിചിതമാണ് ടി.ഡി. രാമകൃഷ്ണന്റെ നോവലുകളിലൂടെ. ഭാവനയും ചരിത്രവും ചേര്‍ന്നൊരു മായാലോകം സൃഷ്ടിച്ച കൃതിയാണ് ടി.ഡി. രാമകൃഷ്ണൻ രചിച്ച ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായിക’. എപ്സ്റ്റീൻ ഫയലുകളിലൂടെ പുറത്തുവന്ന രേഖകളെകുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഈ നോവലിലെ ചില രംഗങ്ങളും മനസ്സിലേക്ക് വരുന്നു.
അധികാരം സ്ത്രീശരീരവുമായി എത്രമാത്രം പിണഞ്ഞുകിടക്കുന്നു? ആത്മീയ ആരാധനാലയങ്ങൾ പലപ്പോഴും അനീതികളെ മറച്ചുവെക്കാനുള്ള കവചങ്ങളാകുന്നുണ്ടോ? കരീബിയൻ കടലിലെ യു.എസ്. വിർജിൻ ഐലൻഡിൽ, അമേരിക്കൻ ശതകോടീശ്വരനായ ജെഫ്രി എപ്സ്റ്റീന്റെ ഉടമസ്ഥതയിലായിരുന്ന ദ്വീപാണ് ലിറ്റിൽ സെന്റ് ജെയിംസ്. ‘പാപങ്ങളുടെ ദ്വീപ്’, "Pedophile Island' എന്നൊക്കെയറിയപ്പെടുന്ന ഈ പ്രദേശം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ദ്വീപ് ‘പീഡന ദ്വീപ്’ എന്നും വിളിക്കപ്പെട്ടു.
ശക്തരായ അധികാരികളുടെ നിയന്ത്രണത്തിലായിരുന്ന ഈ ഇടം പുറംലോകത്തിൽ നിന്ന് പൂർണമായി ഒറ്റപ്പെട്ട് നിലകൊണ്ടിരുന്നു. ടി.ഡി. രാമകൃഷ്ണൻ രചിച്ച ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായിക’യിലും സമാനമായ ഇടങ്ങൾ നമുക്ക് കാണാം. പുരാതനകാലത്തെ സിഗിരിയെയും ശ്രീലങ്കൻ ആഭ്യന്തര യുദ്ധകാലത്തെയും ബന്ധിപ്പിച്ചുകൊണ്ട്, ഡിവൈന്‍ പേള്‍ (ഡി.പി.) പോലുള്ള രഹസ്യ തടവറകളെക്കുറിച്ച് കഥാകാരൻ പരാമർശിക്കുന്നു.
