സൈലന്റ് പേഷ്യന്റ്: അദ്ധ്യായം ഒന്ന്

World of Letters

സൈലന്റ് പേഷ്യന്റ്: അദ്ധ്യായം ഒന്ന്


സ്വന്തം ഭർത്താവിനെ കൊല്ലുമ്പോൾ ആലിഷ്യ ബെറൻസണിന് മുപ്പത്തിമൂന്ന് വയസ്സായിരുന്നു പ്രായം.

അവരുടെ വിവാഹം നടന്നിട്ട് ഏഴ് വർഷം കഴിഞ്ഞിരുന്നു. അവർ രണ്ടുപേരും കലാകാരന്മാരായിരുന്നു––ആലിഷ്യ ഒരു ചിത്രകാരിയും ഗബ്രിയേൽ അറിയപ്പെടുന്ന ഫാഷൻ ഫോട്ടോഗ്രാഫറും. അർദ്ധനഗ്നരും അർദ്ധപട്ടിണിക്കാരുമായ സ്ത്രീകളുടെ, വിചിത്രവും കാണികളിൽ ഒട്ടും മതിപ്പുളവാക്കാത്തതുമായ കോണുകളിലൂടെ ഷൂട്ട് ചെയ്യുന്ന തനതായ ഒരു സ്‌റ്റൈൽ അയാൾക്കുണ്ടായിരുന്നു. അയാളുടെ മരണശേഷം ആ ചിത്രങ്ങളുടെ വില അഭൂതപൂർവ്വമായി ഉയർന്നു. സത്യം പറഞ്ഞാൽ അവയൊക്കെ പൊള്ളയായ, വെറുതെ തേച്ചുമിനുക്കിയ സാധനങ്ങളായിട്ടാണ് ഞാൻ കാണുന്നത്. ആലിഷ്യയുടെ ഏറ്റവും നല്ല പെയിന്റിങ്ങിനുള്ള പച്ചയായ യാഥാർത്ഥ്യത്തിന്റെ ഗുണമേന്മയൊന്നും അവയ്ക്കില്ല. പക്ഷേ, ഒരു പെയിന്റർ എന്ന നിലയ്ക്ക് കാലത്തിന്റെ കടുത്ത പരീക്ഷകൾ നേരിടാൻ ആലിഷ്യയ്ക്ക് കഴിയുമോ എന്നുറപ്പിച്ചുപറയാനുള്ള അവബോധം എനിക്ക് പെയിന്റിങ് വിഷയത്തിലില്ല. അവളുടെ കഴിവിനെ നിഷ്പ്രഭമാക്കാൻ എപ്പോഴും അവളുടെ കുപ്രസിദ്ധി കൂടെ ഉണ്ടല്ലോ! തന്മൂലം അവരുടെ കഴിവിനെപ്പറ്റി വസ്തുനിഷ്ഠമായി ആർക്കും പറയാനാവില്ല. എനിക്ക് ഈ വിഷയത്തിൽ ഒരു ചായ്‌വുണ്ടെന്ന് നിങ്ങൾക്ക് ആരോപിക്കാവുന്നതുമാണ്. വിലയുണ്ടായാലും ഇല്ലെങ്കിലും എന്റെ അഭിപ്രായം പറയാനല്ലേ എനിക്കു കഴിയൂ. എന്നെ സംബന്ധിച്ചിടത്തോളം ആലിഷ്യ ഒരുതരം "ജീനിയസ്'തന്നെ ആയിരുന്നു... "ഒരസാമാന്യ പ്രതിഭ'. അവളുടെ സാങ്കേതികകഴിവിനുമപ്പുറത്ത് നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു പ്രത്യേക ചാരുത അവളുടെ പെയിന്റിങ്ങുകൾക്ക് ഉണ്ട്. നിങ്ങളുടെ തൊണ്ടയ്ക്ക് എന്തോ പിടിച്ചുചുറ്റി ഒരു പിടിവിടാത്ത മുറുക്കം നിങ്ങൾക്ക് ആ പെയിന്റിങ്ങുകൾ നൽകും.

ഗബ്രിയേൽ ബെറൻസൺ ആറുവർഷം മുമ്പാണ് വധിക്കപ്പെട്ടത്. അയാൾക്കന്ന് നാൽപ്പത്തിനാല് വയസ്സ് പ്രായം. ആഗസ്റ്റ് 25–നാണ് ആ കൊലപാതകം നടന്നത്. നിങ്ങൾ ഒരുപക്ഷേ, ഓർത്തേക്കാം, അസാധാരണമാംവിധം ചൂടുള്ള ഒരു വേനൽക്കാലമായിരുന്നു അത്. അന്നുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും ഉയർന്ന താപനിലയാണ് ആ നാളുകളിൽ ഉണ്ടായിരുന്നത്. അയാൾ മരിച്ച ദിവസമായിരുന്നു ആ വർഷത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്.


Related Articles