ശരീരം ഇങ്ങനെയും വായിക്കാം

World of Letters

ശരീരം ഇങ്ങനെയും വായിക്കാം



ഞാൻ നിനക്കാരെന്നു
തിരയുമ്പോഴാണ്
നിനക്കാരല്ലാതാവുന്നതെന്ന്
ഞാനറിയുന്നത്...
നിനക്കാരെല്ലാമോ,
ആണെന്നഹന്തയുടെകൊടി,
പഴയൊരു പായ്ക്കപ്പലിൽ
മേൽക്കൂരയിൽ
പാറിച്ചാഘോഷിച്ചതേയുള്ളൂ
ഞാൻ...
(നിനക്കാരല്ല ഞാൻ, 2012)

നഗരം

നഗരം തണുത്തും വിഷാദിച്ചും കിടന്നു. മഴക്കാലമായിരുന്നില്ല. മഞ്ഞുകാലവുമായിരുന്നില്ല. എന്നിട്ടും നഗരമങ്ങനെ ഘനീഭവിച്ചു കിടന്നു. പെട്രോളിന്റെ ഗന്ധമായിരുന്നു നഗരത്തിന്. ദൽഹിയിൽ ഉഗ്രപ്രതാപിയായ വനിതാനേതാവ് നീളമുള്ള മൂക്കുമായി ഓർമ്മയായി മാറുന്നു. ശിഖന്മാരുടെ തലപ്പാവുകൾക്കു മീതേ പെട്രോളിന്റെ ജ്ഞാനസ്‌നാനം. ഉച്ചയോടെ വാർത്ത പരന്നിരുന്നു. സ്‌കൂളുകൾ നേരത്തേ വിടപ്പെട്ടു. ഞാൻ വേഗത്തിൽ നടന്നു. വഴികളിൽ മരണവീടുകളിൽമാത്രം കാണുന്ന പിരിമുറുക്കം. തേവര എന്റെ റിപ്പബ്ലിക്കിനുള്ളിൽതന്നെയായിരുന്നു. 'കൊച്ചി' എന്ന റിപ്പബ്ലിക്കിനുള്ളിൽ. അവിടെ നേവൽ ബേസുണ്ട്. ശിഖന്മാരുണ്ട്. സത്ശ്രീ അകാൽ. അവർക്കൊന്നും സംഭവിക്കാതിരിക്കട്ടെ...

നഗരമെന്നും ഗന്ധങ്ങളായാണ് എനിക്കനുഭവപ്പെട്ടത്. പെട്രോളിന്റെ ഗന്ധം. ഷേവിങ് ക്രീമിന്റെ ഗന്ധം. ഫൈനൽ മാച്ച് ജയിച്ചുവരുന്ന പന്തുകളിക്കാരന്റെ ഉടലുകൾക്കുമാത്രം പുറപ്പെടുവിക്കാൻ കഴിയുന്ന ഉന്മാദിയായ വിയർപ്പുഗന്ധം. വെടിമരുന്നിന്റെ ഗന്ധം. എന്റെ ഗന്ധങ്ങൾക്കുമീതേ കൊച്ചിയിങ്ങനെ ഒഴുകി പരന്നു കിടന്നു.


Related Articles