ശലഭമനുഷ്യൻ: അദ്ധ്യായം ഒന്ന്

World of Letters

ശലഭമനുഷ്യൻ: അദ്ധ്യായം ഒന്ന്


പ്രധാനറോഡിൽ വണ്ടിയിറങ്ങിയ രഘുനന്ദന്റെ തുടർയാത്ര ഒരു ഒറ്റയടിപ്പാതയിലൂടെയായിരുന്നു. ധാരാളം പൂക്കളുള്ള മരച്ചില്ലക​ളുടെ അടിയിലായിരുന്നു ആ മൺവഴി. പുല്ലുകൾ ഇരുവശത്തു​​​നിന്നും വീണുകിടക്കുന്ന പാതയിലേക്കു വാടിക്കൊഴിഞ്ഞ പൂക്കൾ ധാരാളം വീണിട്ടുണ്ടായിരുന്നു. അയാൾ തിടുക്കത്തിൽ കാലുകൾ വെച്ചു. മുന്നിലേക്കു പോകുംതോറും വീതി കുറഞ്ഞുവരുന്നു. ചില്ലകൾ പരസ്പരം കൊരുത്തുപിടിച്ചിരിക്കുന്ന പലതരം മരങ്ങളെ കാണാം ചുറ്റിലും. ആകാശത്തിലെമ്പാടുനിന്നും പക്ഷി​കൾ ചിലയ്ക്കുന്ന ശബ്ദം കേൾക്കാം. അവയിലെല്ലാം പക്ഷികൾ ചേക്കേറിക്കഴിഞ്ഞു. പക്ഷേ, കേട്ടു നിൽക്കാൻ സമയമില്ല. ഇരുട്ടു​വീണുതുടങ്ങി.

തിടുക്കത്തിൽ അയാൾ നടപ്പ് തുടർന്നു. അധികം വൈകിയില്ല. താൻ ലക്ഷ്യത്തിലെത്തി എന്നയാൾക്കു തോന്നി. കൺമുൻപിൽ വളഞ്ഞുപുളഞ്ഞൊഴുകുന്ന പുഴ. വെള്ളപ്പരപ്പിൽ പരന്നുകിടക്കുന്ന നിലാവ്. ഉറപ്പാണ്, ആഴത്തിൽ എവി​ടെയോ ഒളിച്ചിട്ടുണ്ടാകണം ചന്ദ്രബിംബം.

“ആഹാ... ഇതു തന്നെ പറ്റിയസ്ഥലം. ഇതിലും നല്ലൊരു സ്ഥലം ഭൂമിയിൽ വേറെയെങ്ങും ഉണ്ടാകില്ല...”


Related Articles