വരാഹാവതാരത്തിലേക്ക് നയിക്കുന്നത് പ്രധാനപ്പെട്ട രണ്ട് സംഭവങ്ങളാണ്.
ദക്ഷപുത്രിയായ ദിതി പുത്രനെ ആഗ്രഹിച്ച് കാമാർത്തയായി മരീചിയുടെ പുത്രനായ തന്റെ ഭർത്താവായ കശ്യപ പ്രജാപതിയെ സന്ധ്യാ സമയത്ത് കാമിച്ചു. കൈയിൽ വില്ലെടുത്ത കാമദേവൻ ആന വാഴയെ എന്ന പോലെ കാമത്താൽ താൻ പീഡിപ്പിക്കപ്പെടുന്നു എന്ന് ദിതി കശ്യപനോട് പറഞ്ഞു. എന്നാൽ സന്ധ്യാസമയം ശിവനും ഭൂതപ്രേതാദികളും യഥേഷ്ടം സഞ്ചരിക്കുന്ന സമയമാണെന്നും ആ സമയത്ത് രതിക്രീഡകൾ നടത്താൻ പാടില്ലെന്നും കശ്യപൻ ദിതിയെ അറിയിക്കുന്നു. എന്നാൽ ദിതി ഇതൊന്നും കേൾക്കാൻ കൂട്ടാക്കാതെ രത്യാവേശത്താൽ കശ്യപന്റെ വസ്ത്രം ഗ്രഹിച്ചു. സന്ധ്യാസമയത്തെ വേഴ്ച നിമിത്തം ഉണ്ടാകുന്ന പുത്രന്മാർ അസുരന്മാരായിത്തീരുമെന്ന് കശ്യപൻ ദിതിയോട് പറഞ്ഞു. ഇങ്ങനെയുള്ള ദിതിക്ക് പിറന്നതാണ് ഹിരണ്യകശിപുവും ഹിരണ്യാക്ഷനും ( ഭാഗവതം, 3. 14).
ദിതിക്ക് പുത്രമാരായി, അസുരരായി സന്താനങ്ങൾ പിറക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഒരിക്കൽ സനകാദി ബ്രാഹ്മണർ വിഷ്ണുവിനെ ദർശിക്കാൻ വൈകുണ്ഠത്തിൽ ചെന്നു. നഗ്‌നരും, വൃദ്ധരാണെങ്കിലും അഞ്ച് വയസുള്ള കുട്ടികളെ പോലെ കാണപ്പെടുന്ന നാല് ബ്രാഹ്മണ മുനിമാരാണ് സനകാദികൾ. വൈകുണ്ഠത്തിന്റെ കാവൽക്കാരായ ജയ വിജയന്മാർ തടയാൻ പാടില്ലാത്തവരായ സനകാദികളെ തടഞ്ഞു ( ഭാഗവതം, 3. 15.30 ). തടയപ്പെട്ട സനകാദികൾ ജയവിജയന്മാരെ 'വൈകുണ്ഠത്തിൽ നിന്ന് ഭ്രഷ്ടരാകട്ടെ' എന്ന് ശപിച്ചു ( ഭാഗവതം, 3.15 . 34). സനകാദികളുടെ ശാപം നിമിത്തം ജയവിജയന്മാർ ഹിരണ്യകശിപുവും ഹിരണ്യാക്ഷനുമായി ദിതിയിൽ പിറന്നു. സനകാദികളുടെ ശാപത്തെയും വാക്കുകളെയും മഹാവിഷ്ണു അഭിനന്ദിച്ചു. ശാപത്തിലൂടെ ശിക്ഷ നൽകിയത് ഉചിതമായെന്നും വിഷ്ണു പ്രസ്താവിച്ചു ( ഭാഗവതം, 3.16. 1-4) . എന്തുകൊണ്ടാണ് ശാപം ഉചിതമായതെന്ന് വിഷ്ണുവിന്റെ വാക്കുകൾ പിന്നീട് വ്യക്തമാക്കുന്നുണ്ട്.
