മഞ്ഞിനേക്കാൾ തണുപ്പുള്ള ഒന്ന്

World of Letters

മഞ്ഞിനേക്കാൾ തണുപ്പുള്ള ഒന്ന്


'കേറി വരും തോറുമൂറ്റം പ്രണയത്തി-
നേറി വരുന്നൊരു കുന്നും മുടികളും' എന്ന് വനയാത്രയെ വാങ്മയപ്പെടുത്തിയത് കവി ഡി. വിനയചന്ദ്രനാണ്. വായനയിലെ ഉന്മേഷങ്ങളെയും ഇങ്ങനെ വിവരിക്കാമെന്നു തോന്നുന്നു. ചില ഒറ്റക്കവിതകൾ, കാവ്യസമാഹാരങ്ങൾ ഇവ മലയാളകവിതയോടുള്ള നമ്മുടെ അഭിനിവേശത്തിന് വീണ്ടും ചിറകു മുളപ്പിക്കുന്നു. 2025-ലുമുണ്ടായി അത്തരം ചില കവിതകളും പുസ്തകങ്ങളുമായുള്ള കണ്ടുമുട്ടൽ. ആദ്യം ഓർത്തെടുക്കുന്നത് ഒറ്റക്കവിതകളാകട്ടെ. ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ 'രണ്ടു സന്ദർശനങ്ങൾ' എന്ന കവിതയാണ് കൂട്ടത്തിൽ ഒന്നാമത്. മുതിർന്ന കവി, സച്ചിദാനന്ദനോടുള്ള കാവ്യസൗഹൃദത്തെ സൂക്ഷ്മമായും ഗാഢമായും വാങ്മയപ്പെടുത്തുന്നതിലെ കൃത്യതയാർന്ന ചാരുതയാണ് ഈ കവിതയെ 2025ലെ ഏറ്റവും ശ്രദ്ധേയമായ കവിതകളിലൊന്നാക്കി മാറ്റുന്നത്. വാർധക്യത്തിലേയ്ക്കു പരിണമിക്കുന്ന ജീവിതത്തിൻ്റെ അസ്തമയശോഭ ചൂഴുന്ന അസാധാരണ രചനയാണത്. പഴയൊരു ഇടശ്ശേരിക്കവിതയിൽ പറയും പോലെ, പെയ്തു വെളുത്ത രണ്ട് മേഘങ്ങൾ സായാഹ്നത്തിൻ്റെ താഴ്‍വരയിൽ വച്ച് വീണ്ടും കണ്ടുമുട്ടുന്നു. ഒരാളുടെ കൗമാരത്തിലും മറ്റേയാളുടെ യൗവനത്തിലുമായിരുന്നു ആദ്യത്തെ കണ്ടുമുട്ടൽ. കൗമാരക്കാരനായ കവി - വിഭ്രാന്തകൗമാരം എന്നു കവിതയിൽ - സോഫയിലിരുന്ന് സ്ഫുടമായ ബോധക ശബ്ദത്തിൽ കവിത വായിക്കുന്ന മുതിർന്ന കവിയെ കാണുന്നു. ആ കവിത - തേക്കിൻ കാട്ടിലെ തെരുവു ചിത്രകാരൻ - അയാളെ ചരിത്രത്തിൻ്റെ കഠിന വ്യാകരണം പഠിപ്പിക്കുന്നു. പൊള്ളുന്ന പനിക്കിടക്കയിൽ നിന്നിറങ്ങി വന്ന വാക്ക്, തിളയ്ക്കുന്ന കണ്ണുകളോടെ കവിത വായിക്കുന്ന കവിയുടെ മടിയിലിരുന്ന് കൗമാരക്കാരനായ കവിയെ നോക്കുന്നു.

ഈ ഭൂതകാലദൃശ്യത്തെ വാർധക്യത്തിലെ രണ്ടാം സന്ദർശനമെന്ന മറുപാതിയുമായി ചേർത്തുവയ്ക്കുകയാണ് കവിതയുടെ അടുത്ത ഖണ്ഡത്തിൽ. സ്വന്തം കാറോടിച്ചാണ്, ഇക്കുറി, പണ്ടത്തെ കൗമാരകവി തൻ്റെ ജ്യേഷ്ഠ കവിമിത്രത്തെ കാണാൻ വന്നിരിക്കുന്നത്. ഇരുവരുമിപ്പോൾ വൃദ്ധരാണ്, പരിക്ഷീണരും.

'അഞ്ചു സൂര്യനു ശേഷം,
ആറാമൂഴത്തിൽ
അപരാഹ്നസൂര്യനായി
അങ്ങ് എൻ്റെ മുന്നിലിരിക്കുന്നു' എന്ന് കവി. ഇരുൾ വിഴുങ്ങിയ ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു അവർ സംസാരിച്ചത്. ലോകം ചുറ്റി തളർന്ന ചിറകുമായി വന്ന വാക്ക് അപ്പോൾ കവിയുടെ മടിയിലിരുന്ന്, ഹിമം പുരണ്ട കണ്ണുകളുമായി, സന്ദർശകകവിയെ നോക്കുന്നുണ്ടായിരുന്നു. കവിത ഇങ്ങനെ അവസാനിക്കുന്നു -


Related Articles