വിനോദ് കുമാർ ശുക്ല: സാധാരണ ജീവിതത്തിൻ്റെ മൗനഗൗരവം

World of Letters

വിനോദ് കുമാർ ശുക്ല: സാധാരണ ജീവിതത്തിൻ്റെ മൗനഗൗരവം


നമ്മുടെ കാലഘട്ടത്തിലെ സാധാരണ ജീവിതത്തിൻ്റെ ഗൗരവവും മഹത്വവും, മാനുഷികതയും ദുർബലതയും നിഗൂഢതയും അതീവ സൂക്ഷ്മമായി കണ്ടറിഞ്ഞ് ഹിന്ദി സാഹിത്യലോകത്തിന് വിസ്മയം സമ്മാനിച്ച വിനോദ് കുമാർ ശുക്ല യാത്രയായിരിക്കുന്നു. ജ്ഞാനപീഠവും സാഹിത്യ അക്കാദമിയും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും, അവയുടെ തിളക്കത്തേക്കാളുപരി ഹിന്ദി സാഹിത്യത്തിൽ ശാശ്വത സാന്നിധ്യമായിട്ടാണ് അദ്ദേഹം നിലകൊണ്ടത്, വായനക്കാരുടെ ഹൃദയഭൂമിയിൽ പതിഞ്ഞുപോയ വിശ്വാസത്തിന്റെയും ആത്മബന്ധത്തിന്റെയും ശാന്തമായ ചരിത്രമാണ് അദ്ദേഹത്തിന്റെ കൃതികൾ. അവ പതുക്കെ സംസാരിച്ചു, പിന്നെ നിശ്ശബ്ദമായി മനുഷ്യനെ മാറ്റിമറിച്ചു.

അർദ്ധനൂറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സാഹിത്യജീവിതം ഒരു പ്രസ്ഥാനത്തിലും നിയന്ത്രിക്കപ്പെട്ടതല്ല. ജീവിതത്തിന്റെ ഏറ്റവും ചെറുതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഇടങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ കവിതയും നോവലും നമ്മെ എത്തിക്കുന്നത്. കവിതയിലോ നോവലിലോ ആകട്ടെ ഓരോ രചനയിലും നിർവ്വചിക്കാൻ കഴിയാത്ത ഒരു ആർദ്രതയുണ്ട്. അത് ഹൃദയത്തിൻ്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുന്നു. ഗ്രാമങ്ങൾ, പട്ടണങ്ങൾ, പ്രകൃതി പക്ഷികൾ, വീട്, മുറ്റം, വൃക്ഷം, ജനൽ, പൂമുഖം, പ്രകാശം–നിഴൽ; ബാല്യം -വാർദ്ധക്യം, വാർദ്ധക്യം — ഈ സാധാരണ ഘടകങ്ങൾക്കിടയിലാണ് അദ്ദേഹം ഒരു ശാന്തമായ അത്ഭുതം സൃഷ്ടിച്ചത്. ഈ പ്രതീകങ്ങൾ നമ്മുടെ ഉൾമനസിൽ പ്രതിധ്വനികൾ സൃഷ്ടിക്കുന്നവയാണ്. ചെറിയ ജീവിതാനുഭവങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന രചനകൾ വെറും ബൗദ്ധികത മാത്രമല്ല മറിച്ച് സംവേദനക്ഷമതയെ ആഴത്തിൽ ഉൾക്കൊള്ളുന്നു. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളുടെയും പോരാട്ടത്തിൻ്റെയും പ്രതീകങ്ങളാണ്.

ആന്തരിക ഗാംഭീര്യത്തിന്റെ കവിയുടെ കവിതകളിൽ അഗാധമായ മായാജാലം ഉണ്ട്. വസ്തുക്കൾക്ക്, അവ സ്വയം സംസാരിക്കാൻ കഴിയുന്ന ഒരു കാഴ്ച്ച മാത്രം നൽകി. അതിനാലാണ് അദ്ദേഹത്തിന്റെ കവിതയിൽ വലിയ സംഭവങ്ങൾ അപൂർവമാകുന്നത്; എന്നാൽ കവിതയിലെ ചെറിയ നിമിഷങ്ങൾ നമ്മെ മാറ്റിമറിക്കുന്നുണ്ട്. കവിതയിൽ മരം, കാറ്റ്, വെള്ളം ഇങ്ങനെയുള്ള സാധാരണ കാര്യങ്ങൾ അസാധാരണമായ വികാരങ്ങൾ ഉളവാക്കുന്നു.. പേഡ് പർ കമരാ എന്ന കവിതയിൽ മരം ശരിക്കും വീടായി മാറുന്നുണ്ട്. എന്നാൽ അത്ഭുതം സൃഷ്ടിക്കാൻ അദ്ദേഹം ഭാഷയെ വളച്ചൊടിച്ചില്ല, കവിതയിലും നോവലിലും അദ്ദേഹത്തിൻ്റെ ശൈലി പരമ്പരാഗത വ്യാകരണത്തിൽ നിന്ന് വിട്ടു നിന്നു വാക്കുകളുടെ സ്വത്വം, ആഴം, നിഷ്കളങ്കത എന്നിവ ഉൾക്കൊണ്ടുകൊണ്ട് തന്നെ രചനകളിൽ പ്രത്യേക ലോകം സൃഷ്ടിച്ചു. അത് ഭാഷയുടെ മാത്രമല്ല ജീവിതത്തിൻ്റെ പോലും പുതിയ വാക്യഘടനയെ, പുതിയ വ്യാകരണത്തെയാണ് അവതരിപ്പിച്ചത്. ഭാഷയുടെ ലാളിത്യവും അതിലൂടെ ഉയർന്നുവന്ന ആഴമേറിയ അർത്ഥ ബോധ്യങ്ങളുമാണ് രചനകളെ വേറിട്ടു നിർത്തുന്നത്. ലഗ് ഭഗ് ജയ് ഹിന്ദ്, വഹ്ആദ്മി നേ ഗരംകോട്ട് പഹിന് കർ ചലാ ഗയാ വിചാർ കി തരഹ്, കഭി കേബാദ് അഭി, ആകാശ് ധർത്തി കോ ഘട് ഘടാത്ത ഹെ, സബ് കുച്ച് ഹോനാ ബചാ രഹേഗാ , അതിരിക്ത് നഹീ , എന്നി കവിതാ സമാഹാരങ്ങളും നൗകർ കി കമീസ്, ദീവാർ മേ ഏക് ഖിഡ്കി രഹതി ഥി, ഹരി ഘാസ് കീ ഛപ്പർ വാലി ഝോപ്പടി, ഔർ ബൗനാ പഹാഡ് , ചുപ്പി ജഗഹ്, എന്നീ നോവലും ഇതിനെ സാധൂകരിക്കുന്നു.


Related Articles