പ്രിയവ്രതന്റെ പുത്രനായ ആഗ്നീധ്രന്റെ പുത്രനായിരുന്നു നാഭി. പുത്രനുണ്ടാകാനുള്ള ആഗ്രഹത്താൽ നാഭി പുത്രനില്ലാത്ത മേരുദേവിയോട് കൂടി മഹാവിഷ്ണുവിനെ ഭജിച്ചു ( ഭാഗവതം, 5.3. 1 ). ഋത്വിക്കുകളുടെ പൂജാവേളയിൽ പ്രത്യക്ഷനായ വിഷ്ണു ഇപ്രകാരം പ്രസ്താവിച്ചു: "ഋഷീശ്വരന്മാരെ, അദ്ഭുതം! എനിക്ക് തുല്യനായ പുത്രനുണ്ടാകണമെന്ന അതിദുർലഭവരമാണ് യാചിക്കപ്പെട്ടിരിക്കുന്നത്. എന്നോട് തുല്യൻ ഞാൻ മാത്രമാണ്. എന്നാലും വേദജ്ഞരുടെ വാക്ക് മിഥ്യയാകരുതല്ലോ. ബ്രാഹ്മണകുലം എന്റെ മുഖമാകുന്നു" ( ഭാഗവതം, 5.3. 17). അങ്ങനെ വിഷ്ണു തന്റെ ഒരംശം കൊണ്ട് നാഭീപുത്രനായി അവതരിച്ചു (ഭാഗവതം, 5.3.18 ). മേരുദേവിയിൽ നാഭിക്ക് വിഷ്ണുവിന്റെ അംശത്താൽ പിറന്ന പുത്രനാണ് ഋഷഭദേവൻ. സർവ്വഗുണസമ്പന്നനായ ഋഷഭദേവനെ ബ്രാഹ്മണരും ദേവന്മാരും രാജാവായി അഭിഷേകം ചെയ്യാനാഗ്രഹിച്ചു. നാഭി രാജാവ് തന്റെ പുത്രനെ ബ്രാഹ്മണരെ ഏൽപ്പിച്ച് സ്വപത്നിയായ മേരുദേവിയോട് കൂടി ബദര്യാശ്രമത്തിൽ ചെന്ന് തീവ്രമായ തപസ്സും സമാധിയുംകൊണ്ട് ക്രമേണ മുക്തനായി. വിപ്രന്മാർ ദക്ഷിണാദികളാൽ പൂജിതരായി യജ്ഞത്തിൽ സർവ്വഫലദാതാവായ വിഷ്ണുവിനെ നാഭിക്ക് കാണിച്ചുകൊടുത്തു. ഈ നാഭിയേക്കാൾ ബ്രഹ്മണ്യൻ വേറെ ആരുണ്ട് എന്ന് ഭാഗവതം നാഭിയെ സ്തുതിക്കുന്നുണ്ട് ( ബ്രഹ്മണ്യോ അന്യ: കുതോ നാഭേർവിപ്രാ മംഗള പൂജിതാ: യസ്യ ബർഹിഷി യജ്ഞേശം ദർശയാമാസുരോജസാ, ഭാഗവതം, 5.4.7 ). "ബ്രാഹ്മണകുലം എന്റെ മുഖമാകുന്നു" എന്ന് പറഞ്ഞുകൊണ്ടാണ് വിഷ്ണു നാഭിയെ അനുഗ്രഹിച്ചത് ( "...മമൈവ ഹി മുഖം യദ്ദ്വിജദേവകുലം"). ഭാഗവതത്തിലെ ഈ വാക്യം ഋഗ്വേദത്തിലെ പുരുഷസൂക്തത്തെയാണ് അനുസ്മരിപ്പിക്കുന്നത്. വിരാട്പുരുഷന്റെ മുഖത്ത് നിന്നാണ് ബ്രാഹ്മണൻ ഉണ്ടായതെന്നാണ് ഋഗ്വേദം പ്രസ്താവിക്കുന്നത് (ബ്രാഹ്മണോസ്യ മുഖമാസീദ് ). അതായത് ഋഗ്വേദത്തിലെ ചാതുർവർണ്യോത്പത്തിയെയും അതിലെ ബ്രാഹ്മണരുടെ ശ്രേഷ്ഠതയെയുമാണ് "ബ്രാഹ്മണകുലം എന്റെ മുഖമാകുന്നു" എന്ന ഭാഗവതവിഷ്ണുവിന്റെ വാക്കുകളിൽ അടയാളപ്പെടുത്തുന്നത്. തുല്യതയല്ല, ബ്രാഹ്മണപക്ഷപാതിത്വമാണ് ഇതെന്ന് പറയേണ്ടതില്ലല്ലോ. നാഭിയെ പോലെ വേറെ ബ്രഹ്മണ്യൻ ആരുണ്ട് എന്ന ഭാഗവതസ്തുതിയിലും ബ്രാഹ്മണർക്ക് വേണ്ടി രാജ്യം ഭരിച്ച നാഭിയെയാണ് അടയാളപ്പെടുത്തുന്നത്. നാഭി തപസ്സിനായി ബദര്യാശ്രമത്തിലേക്ക് പോകുമ്പോൾ പുത്രനായ ഋഷഭദേവനെ ബ്രാഹ്മണരെ ഏൽപ്പിച്ചാണ് പോകുന്നതും. ഇതെല്ലാം കൃത്യമായ ബ്രാഹ്മണ്യരാഷ്ട്രീയത്തിന്റെ സൂചനകളാണ്.
ലോകത്തെ പഠിപ്പിക്കാൻ ഋഷഭൻ ശ്രുതിസ്മൃതി വിഹിത കർമങ്ങൾ അനുഷ്ഠിച്ച് പത്നിയായ ജയന്തിയിൽ നൂറ് പുത്രന്മാരെ ജനിപ്പിച്ചു. അതിലെ എൺപത്തിയൊന്ന് പേർ ബ്രാഹ്മണരായി ഭവിച്ചു ( ഭാഗവതം, 5.4.8, 5.4. 13 ). അവസാനം ഋഷഭദേവൻ അജഗരവൃത്തി എന്ന വ്രതമെടുത്ത്, കിടന്നുകൊണ്ടുതന്നെ ഉണ്ണുകയും കുടിക്കുകയും വിസർജിക്കുകയും അതിൽ തന്നെ കിടന്നുരുണ്ട് മലിനദേഹനായി കഴിയുകയും ചെയ്തു. ഇന്ത്യൻ തപസ്യാസന്ന്യാസ പാരമ്പര്യങ്ങളിൽ കാണുന്ന ഒരു വൈരാഗ്യ ജീവിതരീതിയാണ് അജഗരവൃത്തി. അജഗരം എന്നാൽ പെരുമ്പാമ്പ് എന്നാണ് അർത്ഥം. കിട്ടുന്ന ഭക്ഷണം സ്വീകരിച്ച് പെരുമ്പാമ്പ് കിടക്കുന്നത് പോലെ, ഭക്ഷണത്തിനുവേണ്ടി അന്വേഷിക്കുകയും പരിശ്രമിക്കുകയും ചെയ്യാതെ, കിട്ടുന്നതിൽ സംതൃപ്തനായി ജീവിക്കുന്ന രീതിയാണ് അജഗരവൃത്തി. ഇങ്ങനെ ലിംഗ-ദേഹബന്ധം പോലുമില്ലാതെ ഋഷഭദേവൻ അലഞ്ഞു. കോങ്കം, വേങ്കടം, കുടകം മുതലായ ദക്ഷിണകർണാടകദേശങ്ങളെ യദൃച്ഛയാ പ്രാപിച്ച് കുടകാദ്രിയിലുള്ള ഉപവനത്തിൽ വായിൽ കല്ലിട്ട്, തലമുടി അഴിച്ചിട്ട് ഭ്രാന്തനെ പോലെ ഋഷഭദേവൻ നഗ്നനായി സഞ്ചരിച്ചു (ഭാഗവതം, 5.6.7 ).
