രാജ്യത്തിന്റെയോ ദേശത്തിന്റെയോ കുടുംബത്തിന്റെപോലുമോ ചരിത്രം, കഴിഞ്ഞുപോയ കാലത്തിന്റെ കുറച്ച് കഥകളോ രേഖകളോ മാത്രമല്ല, മുന്നോട്ടുപോകാനുള്ള കരുത്ത് പ്രദാനം ചെയ്യുന്ന ധൈര്യം കൂടിയാണ്. ചരിത്രത്തിന് ഇരുണ്ട വശങ്ങള്‍കൂടി ഉണ്ടാകാമെങ്കിലും അവ തമസ്‌കരിക്കപ്പെടുകയും വിജയങ്ങള്‍മാത്രം രേഖപ്പെടുത്തുകയും ചെയ്യും. കുടുംബചരിത്രങ്ങളും കുടുംബയോഗങ്ങളുമൊക്കെ നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നത് ഇത്തരം ഊറ്റംകൊള്ളലിന്റെ ഭാഗമായിട്ടാണ്. ചരിത്രരേഖകളുടെ അടിസ്ഥാനമില്ലാതെ കല്പിതകഥകളുടെ കൂട്ടുപിടിച്ച് അവ തരിപ്പിക്കപ്പെട്ടവയായിരുന്നു ഈ കുടുംബചരിത്രങ്ങളില്‍ ഏറെയും. പൂര്‍വ്വപിതാക്കളുടെ ചരിത്രം പോരാട്ടങ്ങളുടേതായിരുന്നു എന്ന തിരിച്ചറിവ് ജീവിക്കുവാന്‍പോലും ധൈര്യം പകരുന്ന ഒരവസ്ഥയെപ്പറ്റി അറിഞ്ഞത് സലിന്‍ മാങ്കുഴിയുടെ "അടിമപ്പള്ളി'' എന്ന കഥയിലൂടെയാണ്.
അടിമക്കച്ചവടത്തിന്റെ ഇരയായി എവിടേക്കോ കൊണ്ടുപോകുന്നതിനിടെ ഒളിച്ചോടി പോന്നവരുടെ പിന്‍തലമുറയിലെ ആബേലാണ് കഥാനായകന്‍. ആ ഒളിച്ചോട്ടവും രക്ഷപ്പെടലും കഴിഞ്ഞ് തലമുറകളേറെ പിന്നിട്ടിട്ടും ആബേലിന്റെ കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഭീതി സാമൂഹ്യവ്യവസ്ഥിതികളോട് അലിഞ്ഞുചേരാനാകാത്ത അനേകം മനുഷ്യരുടെ അവസ്ഥകൂടിയാണ്. ആരോ ചെയ്ത ഒരു കൊലപാതകം ഏറ്റെടുക്കേണ്ടിവന്ന് ജീവപര്യന്തശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആബേലിന് നഷ്ടപ്പെട്ടത് സ്വന്തം ജീവിതമായിരുന്നു. പതിനാലുവര്‍ഷ ജീവപര്യന്തം നല്ല നടപ്പുകൊണ്ട് എട്ടുവർഷമായി ചുരുങ്ങിക്കിട്ടിയതിന്റെ ആശ്വാസത്തില്‍ എത്തുന്നവനെ ആരും സ്വീകരിക്കുന്നില്ല. അയാള്‍ ജയിലിലായിരുന്നപ്പോള്‍ ലഭിച്ചിരുന്ന വരുമാനം നിലച്ചതിലുള്ള രോഷമായിരുന്നു ഭാര്യ പ്രകടിപ്പിച്ചതെങ്കില്‍ കൊല്ലപ്പെട്ടവന്റെ ഭാര്യ തന്റെ പുതിയ ജീവിതത്തിന്റെ സംതൃപ്തിയിലായിരുന്നു.
അങ്ങനെ പൂര്‍ണ്ണമായും നിഷ്‌കാസിതനായ ആബേല്‍ പള്ളിവികാരിയുടെ അരികിലെത്തുന്നു. തന്നെ കേൾക്കാനാരുമില്ല എന്ന പരാതിയില്‍ തേങ്ങിയ അവനെ കേള്‍ക്കാന്‍ പുരോഹിതന്‍ തയ്യാറാകുന്നു. വഴിമാറി വന്ന് പുരോഹിതന്റെ വേഷം ധരിക്കുന്നതിന് മുന്‍പ് കുറേ മുദ്രാവാക്യം വിളിച്ചിരുന്നു എന്ന വിവരമാണ് പാതിരി ആദ്യം വെളിപ്പെടുത്തുന്നത്. അത്തരം ഒരു പൂര്‍വ്വകാലം വിശ്വാസസമൂഹം ഒരു കാലവും ഉള്‍ക്കൊള്ളില്ല എന്നതിന്റെ തെളിവായിട്ടുവേണം ചെകുത്താനച്ചന്‍ എന്ന വിശേഷണത്തെയും പള്ളി ഉപേക്ഷിച്ച വിശ്വാസികളുടെ പ്രവൃത്തികളെയും കാണേണ്ടത്.
