ചൂരല്‍മലയില്‍ അന്ന് സംഭവിച്ചത്, ഇന്ന് ഓർക്കുമ്പോള്‍

World of Letters

ചൂരല്‍മലയില്‍ അന്ന് സംഭവിച്ചത്, ഇന്ന് ഓർക്കുമ്പോള്‍


"ചൂരല്‍മല" സമീപകാലത്ത് നാം അനുഭവിച്ചിട്ടുള്ള ദുരന്തങ്ങളില്‍ ഒന്നാണ്. ഉറങ്ങിക്കൊണ്ടിരിക്കുന്ന ജനതയ്ക്കും ആവാസവ്യവസ്ഥകള്‍‍ക്കുംമേല്‍ പ്രകൃതിനടത്തിയ ഏറ്റവും വലിയ അധിനിവേശം കൊടിയ ദുരന്തങ്ങളിലൊന്നായി പരിണമിക്കുകയായിരുന്നു. ഒരു പ്രദേശവും നൂറുകണക്കിന് മനുഷ്യരും ഒന്നടങ്കമാണ് ഉന്മൂലനം ചെയ്യപ്പെട്ടത്. പ്രകൃതിക്കു മുമ്പില്‍ നാം എത്ര നിസ്സാരന്മാര്‍ എന്ന യാഥാര്‍ത്ഥ്യബോധത്തിലേക്കും ചൂരല്‍മല ദുരന്തം വഴിയൊരുക്കുകയുണ്ടായി.

ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ അറിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത് 'ഗഫൂര്‍മാഷെ’ക്കുറിച്ചായിരുന്നു. യാത്ര പോകാന്‍ ഏറെ താത്പര്യമുള്ള ഗഫൂര്‍മാഷ് നല്ലൊരു സഹൃദയനുമാണ്. പുന്നപ്പുഴയുടെ തീരത്തുകൂടെ വെള്ളാര്‍മല ഹൈസ്‌കൂളിലേക്ക് നടന്നു​കൊണ്ടിരിക്കേ അദ്ദേഹമാണ് ഒരിക്കല്‍ വിശേഷിപ്പിച്ചത്, പുന്നപ്പുഴ അവരുടെ പ്രിയപ്പെട്ട ഒരു തുള്ളി ഭാരതപ്പുഴയാണെന്ന്. അവരുടെ പ്രിയപ്പെട്ട 'ഭാരതപ്പുഴ'യാണ് ഭീതിജനകമായ രീതി​യില്‍ കരകവിഞ്ഞ് എല്ലാം നക്കിയെടുത്ത് ഒരു ദേശത്തെ നിശ്ശൂന്യമാക്കിയത്. പുന്നപ്പുഴയില്‍ വെള്ളം കലങ്ങിമറിഞ്ഞ് ഒഴു​കുന്നതു കണ്ടപ്പോള്‍ ഉരുള്‍പ്പൊട്ടലുണ്ടാകുമെന്നു ഭയന്ന് ഏറ്റവും ഉയര്‍ന്ന സ്ഥലത്തേക്കു മാറിപ്പോയിട്ടും രക്ഷപ്പെടാന്‍ പലര്‍ക്കും കഴിഞ്ഞില്ല.

ഏറ്റവും വലിയ മുന്‍കരുതലെടുത്ത ഗഫൂർമാഷുപോലും വിധിക്കു കീഴടങ്ങേണ്ടിവന്നു. ധനുഷ്‌കോടി നല്‍കിയ പാഠങ്ങൾ​‍‍പോലും ഗഫൂര്‍മാഷ്ക്ക് തുണയായില്ല. അത്രയും ഉയരത്തിൽ വെള്ളം അതിക്രമിച്ചു കയറുമെന്ന് സങ്കല്പിക്കുവാൻപോലും പലർക്കും കഴിയില്ലായിരുന്നു. എത്രയോ ഉയരത്തില്‍ നിന്നാണ് വലിയ പാറക്കല്ലുകൾ ശക്തമായ ഒഴുക്കിൽപ്പെട്ട് എത്തിച്ചേർന്നത്. അതിന്റെ ആഘാതത്തിലാണ് പല കെട്ടിടങ്ങളും കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർന്നുപോയത്. ചൂരൽമലയിലെയും ചുറ്റുമുള്ള പ്രദേശത്തെയും ദുരന്തത്തിന്റെ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കേ പ്രിയപ്പെട്ട എന്തൊക്കെയോ എന്നെന്നേക്കുമായി തിരോധാനം ചെയ്തതിന്റെ ദുഃഖം മനസ്സിൽ ഉയർന്നുവരികയായിരുന്നു. ഗഫൂർമാഷ് എന്നോടൊപ്പം സൗഹൃദം പങ്കിട്ട ഒരു ചങ്ങാതി മാത്രമായിരുന്നില്ല അപ്പോൾ, എന്റെ കഥയിലെ ഒരു കഥാപാത്രമായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. എന്റെ മറ്റു കഥകളിലെപ്പോലെ യാഥാർത്ഥ്യത്തിന്റെ ഒരംശം 'ചൂരൽമല' എന്ന കഥയുടെയും ശക്തമായ ധാരയായി പരിണമിക്കുകയായിരുന്നു.


Related Articles